Skip to main content
പിറവം

രോഗപ്രതിരോധവും പരിസരശുചീകരണവും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം

രോഗപ്രതിരോധരംഗത്തും പരിസര ശുചീകരണപ്രവര്‍ത്തനങ്ങളിലും ഓരോ വ്യക്തിയും പോരാളിയാവണമെന്ന് മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പിറവം നിയോജക മണ്ഡലത്തില്‍ നടത്തിയ പരിസര ശുചീകരണവും പ്രതിരോധ മരുന്നുകളും  എന്ന ബോധവല്‍ക്കരണ ക്ലാസിന്റെയും  മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ ജാഗ്രത പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധശ്രമങ്ങള്‍ ഊര്‍ജസ്വലമാക്കുമെന്ന്  റെഞ്ചി കുര്യന്‍ പറഞ്ഞു.  സ്ഥാപനങ്ങളോ വ്യക്തികളോ മാലിന്യങ്ങള്‍ തോടുകളിലേക്കും കനാലുകളിലേക്ക് പുറന്തള്ളുന്നുവെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും വാക്‌സിനേഷനെ കുറിച്ചുമുള്ള ബോധവല്‍ക്കരണത്തില്‍ ഒരു സുപ്രധാന പങ്കു വഹിക്കാനാവും. പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയും ഇത്തരം പരിപാടികളില്‍ തുടര്‍നടപടി ഉണ്ടാവുകയും വേണം അദ്ദേഹം പറഞ്ഞു.

കുത്തിവെയ്പ് അടക്കമുള്ള രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യമുള്ള ഒരു ജനതയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് പ്രതിരോധ മരുന്നുകളെ കുറിച്ചുള്ള ക്ലാസ് നയിച്ച മുളന്തുരുത്തി സിഎച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ ഷാജി പറഞ്ഞു. വളരെയധികം ഗവേഷണങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കിടയിലെ ചര്‍ച്ചകള്‍ക്കും ശേഷമാണ് ഓരോ കുത്തിവെപ്പും നിലവില്‍ വരുന്നത്. ശാസ്ത്രീയ അടിത്തറയുള്ള ഇത്തരം കുത്തിവെപ്പുകള്‍ ക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന കലണ്ടര്‍ രൂപീകരിക്കണമെന്നും ശുചിത്വ മാപ്പിംഗ് നടത്തി പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും കീച്ചേരി സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വിപിന്‍ പറഞ്ഞു. പരിസര ശുചീകരണത്തില്‍ അനാസ്ഥ കാണിക്കുന്നത് കൊണ്ടാണ്  ഡെങ്കി അടക്കമുള്ള പല പകര്‍ച്ചവ്യാധികളും പടരുന്നത്. പരിസരം ശുചിയായി വയ്ക്കുന്നതില്‍ ഒരല്പം ശ്രദ്ധ ചെലുത്തിയാല്‍ സമൂഹത്തിന്റെ തന്നെ ആരോഗ്യം ഉയര്‍ത്താനാകും എന്ന് അദ്ദേഹം പറഞ്ഞു.

മുളന്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി സൈമണ്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിറി ചെയര്‍മാന്‍ ജോര്‍ജ് മാണി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ബാലകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മരിയന്‍ വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍  കല കെ തുടങ്ങിയവര്‍ സംസാരിച്ചു.  പഞ്ചായത്ത് സെക്രട്ടറി സി എസ് ശോശാമ്മ,  മുളന്തുരുത്തി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഉമ, ഹോമിയോ ഓഫീസര്‍ ഡോക്ടര്‍ അമ്പിളി, തദ്ദേശസ്വയംഭരണ ഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍തുടങ്ങിയവര്‍ പങ്കെടുത്തു.

date