Skip to main content
ദുരന്തനിവാരണ പരിശീലനത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിന്റെ  ദൃശ്യങ്ങള്‍

ദുരന്തനിവാരണം: ജാഗ്രതാ നിര്‍ദേശവുമായി മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു

 

 

അപായ മണി മുഴക്കി ചീറിപാഞ്ഞ ഫയര്‍ എഞ്ചിനും ആംബുലന്‍സും. തിരക്കിട്ടുനീങ്ങിയ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍. വൈകിട്ട് ആറുമണി ആയതോടെ ചെറുതോണിയും പരിസരത്തും പരിഭ്രാന്തി പരത്തി. ചിലര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുചോദിച്ചു. ദുരന്തനിവാരണ പരിശീലനത്തിനായി സംഘടിപ്പിച്ച മോക്ക്ഡ്രില്ലിന്റെ ഭാഗമായാണ്  വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂള്‍ മൈതാനത്ത്ഉരുള്‍പൊട്ടല്‍ പ്രതീകാത്മകമായി ആവിഷ്‌കരിക്കുകയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത്.  പരിപാടിയുടെ ഭാഗമായി വൈകിട്ട് ആറ് മണിക്ക് ഉരുള്‍പൊട്ടല്‍ സംഭവിച്ചു. ഉടന്‍തന്നെ  കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്തനിവാരണ ഓഫീസില്‍ വിവരം എത്തി. അവിടുന്ന് വിവിധ വകുപ്പുകളിലേക്ക് വിവരം എത്തിച്ചു. 6.08ന് അഗ്നിശമന സേനയും 6.09ന് പോലീസും ആദ്യ ആംബുലന്‍സും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 6.11ന് രണ്ടാമത്തെ ആംബുലന്‍സ് എത്തി. 6.12ന് സുശക്തമായ മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് എത്തി അടിയന്തര വൈദ്യസഹായം നല്‍കി. 6.15ന് മൂന്നാമത്തെയും 6.18ന് നാലാമത്തെയും 6.20ന് അഞ്ചാമത്തെയും ആംബലന്‍സുകള്‍ എത്തി. 6.15 ഓടെ പ്രദേശത്ത് വെളിച്ചമെത്തിക്കാന്‍ അഞ്ച് അസ്‌കാലൈറ്റകള്‍ സ്ഥാപിച്ചു. രണ്ടാമത്തെ മെഡിക്കല്‍ സംഘം 6.20ന് എത്തി. പരിക്കേറ്റവരുമായി ആദ്യ ആംബുലന്‍സ് 6.21ന് ആശുപത്രിയിലേക്ക് തിരിച്ചു. 6.25 ഓടെ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതീകാത്മക ഉരുള്‍പൊട്ടലിനെതുടര്‍ന്ന് അഞ്ച് മരണവും ഏഴുപേര്‍ക്ക് ഗരുതര പരിക്കും മൂന്നുപേര്‍ക്ക് നിസാര പരിക്കും സംഭവിച്ചതായി ചിത്രീകരിക്കുകയും തുടര്‍ന്ന അടിയന്തിര നടപടികള്‍ സ്വകരിക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ മണ്ണിടിച്ചിലില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ജെ.സി.ബി ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച പരിശോധിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സാമൂഹികാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നിര്‍വ്വഹിക്കേണ്ടത് സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സമൂഹത്തിനും അവബോധം സൃഷ്ടിക്കുകയും ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയായിരുന്നു  പരിശീലന പരിപാടിയുടെ ലക്ഷ്യം. സംഭവ സ്ഥലത്ത് എത്തി ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വിവിധ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്ള ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയുകയും അതിനനുസരിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ നടത്തുന്നതിനും പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

 

 

date