Skip to main content

സദ്ഭരണവും  സേവനാവകാശ നിയമവും: സെമിനാര്‍ ഇന്ന്

 

കൊച്ചി:  വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സദ്ഭരണവും  സേവനാവകാശ നിയമവും സെമിനാര്‍ ഇന്ന് (വ്യാഴം) കച്ചേരിപ്പടി ആശിര്‍ഭവനില്‍ നടക്കും. രാവിലെ 11ന് ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മദ്ധ്യമേഖല പോലീസ് സൂപ്രണ്ട് കെ.കാര്‍ത്തിക് അധ്യക്ഷത വഹിക്കും. റസിഡന്റ്‌സ് അസോസിയേഷന്‍ ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പ്രജ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഡ്വ. ഡി.ബി. ബിനു ക്ലാസിന് നേതൃത്വം നല്‍കും.

അഴിമതിയോട് അസഹിഷ്ണുത എന്ന സര്‍ക്കാര്‍ നയപ്രഖ്യാപനത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയില്‍ അഴിമതി വിരുദ്ധ മനോഭാവം വളര്‍ത്തുന്നതിന് വിജിലന്‍സ് നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമാണ് സെമിനാര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച റസിഡന്റ്‌സ് അസോസിയേഷന്‍ ആന്റി കറപ്ഷന്‍ മൂവ്‌മെന്റിന്റെ മൂന്നൂറിലധികം കമ്മിറ്റികള്‍ നിലവില്‍ ജില്ലയിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാരില്‍ സമീപനമാറ്റവും സദ്ഭരണവും ഉറപ്പാക്കുന്നതിനായി രൂപീകരിച്ച പ്രജ കമ്മിറ്റി കണയന്നൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്നു.

സേവനാവകാശ നിയമത്തിന്റെ സാധ്യതകള്‍, ജനങ്ങളുടെ അവകാശ സംരക്ഷണം എന്നീ വിഷയങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മത്സരവും സംഘടിപ്പിക്കും.

date