Skip to main content

അഖിലേന്ത്യ കരകൗശല കൈത്തറി വിപണനമേള നാളെ (ഫെബ്രുവരി 9) മുതല്‍

 

കൊച്ചി: സംസ്ഥാന കരകൗശല - കൈത്തറി വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന കൈരളി ക്രാഫ്റ്റ്‌സ് ബസാര്‍ - അഖിലേന്ത്യ കരകൗശല കൈത്തറി പ്രദര്‍ശന വിപണനമേള നാളെ (വെള്ളി) മുതല്‍ എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടക്കും. രാവിലെ പത്തിന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രൊഫ. കെ.വി. തോമസ് എം.പി ആദ്യവില്‍പ്പന നിര്‍വഹിക്കും. മാര്‍ച്ച് അഞ്ചു വരെയാണ് മേള.

ഈട്ടിത്തടി, പിച്ചള, ഓട്, കുമ്പിള്‍ത്തടി എന്നിവയിലുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, നെട്ടൂര്‍ പെട്ടി, ആറന്മുള കണ്ണാടി തുടങ്ങി കേരളീയ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പ്രദര്‍ശനത്തിലുണ്ടാകും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശാന്തിനികേതന്‍ ബാഗുകള്‍, ഘൊഷയാര്‍ ലേയ്‌സ് വര്‍ക്കുകള്‍, കോലപ്പുരി ചെരിപ്പുകള്‍, ഗ്ലാസ് വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, മധുര, ഹൈദരാബാദ് സാരികള്‍, ലക്‌നൗ ചിക്കന്‍ വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍, മുള, ഈറ്റ ഉല്‍പ്പന്നങ്ങള്‍ എന്നിവയും പ്രദര്‍ശന വിപണന മേളയില്‍ അണിനിരത്തും.

കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍.കെ. മനോജ് പറഞ്ഞു.

date