Skip to main content

സംസ്ഥാന ക്ഷീര കര്‍ഷക സംഗമം 15 മുതല്‍ വടകരയില്‍

 

സംസ്ഥാന ക്ഷീര കര്‍ഷക സംഗമവും ഡയറി എക്‌സ്‌പോയും ഫെബ്രുവരി 15 മുതല്‍ 17 വരെ വടകര ചോമ്പാല്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. 

ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ മില്‍മ മേഖലാ യൂണിറ്റുകള്‍, മൃഗസംരക്ഷണ വകുപ്പ്, കെ.എല്‍.ഡി ബോര്‍ഡ്, കേരള ഫീഡ്‌സ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

കേരള ഡയറി എക്‌സ്‌പോ, ക്ഷീര കര്‍ഷക പാര്‍ലമെന്റ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടേയും ശില്‍പശാല, വനിതാ സഹകാരികളുടെ ശില്‍പശാല, ക്ഷീര കര്‍ഷക പ്രതിനിധി സമ്മേളനം, ക്ഷീരസംഘം ജീവനക്കാരുടെ ശില്‍പശാല, ടെക്‌നിക്കല്‍ സെഷന്‍, നാടന്‍ പശുക്കളുടെ പ്രദര്‍ശനം, കന്നുകാലി പ്രദര്‍ശന മത്‌സരം, വെറ്ററിനറി ക്യാമ്പ്, മുഖാമുഖം, ക്ഷേമനിധി അദാലത്ത്, ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലനവും പ്രദര്‍ശനവും, സൗജന്യ നേത്ര-ക്യാന്‍സര്‍ പരിശോധനാ ക്യാമ്പുകള്‍, സാംസ്‌കാരിക-കലാ സായാഹ്‌നങ്ങള്‍ തുടങ്ങിയവ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

15ന് രാവിലെ ഒന്‍പതിന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഡയറി എക്‌സ്‌പോയും എം.കെ. രാഘവന്‍ എം.പി ക്ഷീരകര്‍ഷക ക്ഷേമനിധി അദാലത്തും ഉദ്ഘാടനം ചെയ്യും. 15ന് മാധ്യമ സെമിനാര്‍ രാവിലെ 11ന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. അന്നുച്ചയ്ക്ക് രണ്ടിന് വനിതാ സഹകാരികളുടെ ശില്‍പശാല ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് സാംസ്‌കാരിക സായാഹ്‌നം സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. 

16ന് രാവിലെ എട്ടിന് ക്ഷീരകര്‍ഷക പാര്‍ലമെന്റ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. മേഖലാ ക്ഷീര സഹകാരി അവാര്‍ഡ് ദാനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. 

രാവിലെ 10ന് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടേയും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടേയും ശില്‍പശാല സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ടെക്‌നിക്കല്‍ സെഷന്‍ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 

17ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനവും മാധ്യമ അവാര്‍ഡ് ദാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ദാനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. ക്ഷീര സഹകാരി അവാര്‍ഡുകള്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിതരണം ചെയ്യും. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അധ്യക്ഷത വഹിക്കും. 

വാര്‍ത്താസമ്മേളനത്തില്‍ സി.കെ. നാണു എം.എല്‍.എ, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ്, ജോയന്റ് ഡയറക്ടര്‍ (പ്ലാനിംഗ്) ഐസക് കെ. തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.486/18 

date