Skip to main content

ലൈഫ് മിഷന്‍: ജനുവരി 31 വരെ 5951 വീടുകള്‍ പൂര്‍ത്തിയായി * രണ്ടാംഘട്ട ഗുണഭോക്തൃ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തില്‍

കേരള സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷന്‍ വഴി ജനുവരി 31 വരെയുള്ള കണക്കുപ്രകാരം 5951 വീടുകളുടെ പണി പൂര്‍ത്തിയായതായി ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

ഇതില്‍ ഗ്രാമപഞ്ചായത്തുകളില്‍ 174 ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 2174 ഉം ജില്ലാ പഞ്ചായത്തുകളില്‍ രണ്ടും മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍  532 ഉം പട്ടികജാതി വകുപ്പില്‍ 1381 ഉം പട്ടികവര്‍ഗവകുപ്പില്‍ 1662 ഉം ഫിഷറീസ് വകുപ്പില്‍ 16 ഉം ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ 10 ഉം വീടുകള്‍ ഇതുവരെ പണി പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള 60799 വീടുകളുടെ പണി പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് ലൈഫ് മിഷന്‍. ഇതിലേക്കായി എല്ലാ വാര്‍ഡുകളിലും കര്‍മസമിതികള്‍ രൂപീകരിച്ച് ഭവനസന്ദര്‍ശനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. 

2015-16 സാമ്പത്തിക വര്‍ഷംവരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മാണ പദ്ധതികള്‍പ്രകാരം ഭവന നിര്‍മാണത്തിന് ധനസഹായം ലഭ്യമാക്കിയിട്ടും വ്യത്യസ്ഥ കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് അവരുടെ കിടപ്പാടം യാഥാര്‍ഥ്യമാക്കുക എന്നതാണ് ഒന്നാം ഘട്ടത്തില്‍ ലൈഫ് മിഷന്റെ ദൗത്യം. 

മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്ഥമായി വീട് പൂര്‍ത്തീകരിക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് അഡ്വാന്‍സ് പേമെന്റ് നല്‍കുന്നതിനുള്ള സൗകര്യം ലൈഫ് മിഷനിലുണ്ട്. നിര്‍മാണവുമായി ബന്ധപ്പെട്ട് സാമഗ്രികളും മറ്റും സന്നദ്ധ സംഘടനകളില്‍ നിന്ന് ലഭ്യമാക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്.  ഭവനപദ്ധതികളില്‍ ഇതുവരെ അനുവദിച്ചിരുന്ന വീടുപൂര്‍ത്തീകരിക്കേണ്ട തുകയായി അനുവദിച്ചിരുന്നത് ഒന്നു മുതല്‍ മൂന്നു ലക്ഷം വരെയായിരുന്നത് ലൈഫ് മിഷന്‍ ഏകീകരിച്ച് നാലുലക്ഷം രൂപയാക്കിയിരുന്നു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരായ 1,75,000 ത്തോളം ഗുണഭോക്താക്കള്‍ക്ക് ഗ്രാമങ്ങളിലും 75,000 ത്തോളം പേര്‍ക്ക് നഗരങ്ങളിലും വീടുകള്‍ നല്‍കുന്നതിനും വീടും സ്ഥലവും ഇല്ലാത്ത 3,38,380 പേര്‍ക്ക് എല്ലാ ജില്ലകളിലും ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും വേണ്ടി സര്‍വേ പ്രകാരമുള്ള ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്. കെട്ടിട സമുച്ചയങ്ങളുടെ എസ്റ്റിമേറ്റുകള്‍ അന്തിമമാക്കാനുള്ള നടപടികളും നടന്നുവരികയാണ്. 2018-19 സാമ്പത്തിക വര്‍ഷം ആദ്യംതന്നെ ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കുന്നതിനുള്ള അഡ്വാന്‍സ് തുക നല്‍കാനും ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും കഴിയും. ഇതിലേക്കായി സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിക്കുവേണ്ടി 2500 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക അംഗീകരിച്ച ആദ്യ ജില്ല കാസര്‍കോടാണ്. എറണാകുളം ജില്ലയില്‍ ആലുവ മുനിസിപ്പാലിറ്റി ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗുണഭോക്തൃ പട്ടിക അംഗീകരിച്ചിട്ടുണ്ട്. 

പി.എന്‍.എക്‌സ്.527/18

date