Skip to main content

വേനല്‍ക്കാലത്ത് കുടിവെള്ളം ഉറപ്പാക്കാന്‍ മുന്‍കരുതലെടുക്കും -ജലവിഭവമന്ത്രി

 

വരുന്ന വേനല്‍ക്കാലത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ സാധ്യമായ നടപടികളെല്ലാം കൈക്കൊണ്ടതായി ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. 

മഴ കുറവാണെങ്കിലും സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ 871 നിരീക്ഷണ കിണറുകളില്‍ മെച്ചപ്പെട്ട ജലനിലപ്പ് കാണുന്നുണ്ട്. കുടിവെള്ള സ്രോതസ്സുകളായ നദികളിലും മറ്റും ജലം ഉറപ്പാക്കാന്‍ ചെക്ക് ഡാം നിര്‍മാണം ഉള്‍പ്പെടെ നടത്തിവരുന്നുണ്ട്. കഴിഞ്ഞവര്‍ഷം കടുത്ത ജലക്ഷാമമുണ്ടായ തിരുവനന്തപുരം നഗരത്തിലെ ജലസ്രോതസ്സായ പേപ്പാറ ഡാമില്‍ നിലവില്‍ ജലനിരപ്പ് തൃപ്തികരമാണ്. ബദല്‍സ്രോതസ്സെന്ന നിലയില്‍ നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളമെത്തിക്കാനും നിലവില്‍ സംവിധാനമുണ്ട്. 120 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരിക്കുന്ന പുതിയ യൂണിറ്റ് നെയ്യാര്‍ ഡാമില്‍ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഡാമുകളിലെ മണല്‍നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ വകുപ്പിനു കീഴിലുള്ള ചുള്ളിയാര്‍, മംഗലം ഡാമുകളില്‍ പൈലറ്റ് പദ്ധതിയായി മണല്‍നീക്കല്‍ നടന്നുവരുന്നുണ്ട്. ഇത് മറ്റ് ഡാമുകളിലും വ്യാപിപ്പിക്കും. തിരുവനന്തപുരത്ത് അരുവിക്കരയില്‍ ജലസംഭരണശേഷി വര്‍ധിപ്പിക്കാന്‍ സാമ്പിള്‍ മണല്‍നീക്കം ഇപ്പോള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണല്‍നീക്കുന്നതുമൂലം ഡാമുകളില്‍ സംഭരണശേഷി ഉയര്‍ത്താനും മണല്‍വില്‍പനയിലൂടെ സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പി.എന്‍.എക്‌സ്.720/18

date