Skip to main content

അനൂപ് ജലോട്ടയുടെ ഗസല്‍ വിരുന്ന് ഇന്ന് (മാര്‍ച്ച് എട്ട്)

 

സുപ്രസിദ്ധ സംഗീതമാന്ത്രികന്‍ അനൂപ് ജലോട്ട ഇന്ന് (മാര്‍ച്ച് 8) അനന്തപുരി നിവാസികള്‍ക്കായി ഗസല്‍ വിരുന്നൊരുക്കും. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം കേരളത്തിലെത്തുന്ന ഗസലുകളുടെ തമ്പുരാന്‍ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന സംഗീതസന്ധ്യയിലാണ് ഗസല്‍മഴ. കേരള മീഡിയ അക്കാദമിയും ഇഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ജലോട്ടയുടെ ഗസല്‍ വിരുന്ന്.

സംഗീതരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ച അനൂപ് ജലോട്ട 1953ല്‍ ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് ജനിച്ചത്. 

30 വര്‍ഷത്തിനിടയില്‍ ഗസലുകളും ഭജനുകളുമടക്കം 200ലധികം ആല്‍ബങ്ങള്‍ പുറത്തിറക്കി. ഒമ്പതു ഭാഷകളില്‍ പാടിയിട്ടുള്ള ജലോട്ടയുടേതായി രണ്ടായിരത്തില്‍ പരം ഗസലുകളും ഭജനുകളും ഗീതങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിന്റെ ആദരവും 2010ലെ ആന്വല്‍ ഗ്ലോബ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. യു.പി. സര്‍ക്കാരിന്റെ സംഗീതനാടക അക്കാദമി അവാര്‍ഡ്, മുംബൈ സ്‌ക്രീന്‍ ഫിലിം അവാര്‍ഡ്, ഗുജറാത്ത് സര്‍ക്കാരിന്റെ സിറ്റിസണ്‍ കൗണ്‍സില്‍ അവാര്‍്ഡ് തുടങ്ങിയവയും ജലോട്ടയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലതാണ്.  ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമത് അന്താരാഷ്ട്ര ഫോട്ടോ ഫെസ്റ്റിവല്‍ ഉദ്ഘാടനംചെയ്യും. വിയറ്റ്‌നാം യുദ്ധ ഭീകരത കാമറയില്‍ പകര്‍ത്തി അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫോട്ടോഗ്രഫര്‍ നിക് ഉട്ടിന് മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫര്‍ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിക്കും. തുടര്‍ന്നാണ് അനൂപ് ജലോട്ടയുടെ ഗസല്‍ മേള. സഞ്ജയ് ജലോട്ട, സന്‍ജന താക്കൂര്‍, മുഹമ്മദ് റാഷിദ് ഖാന്‍, അമിത് ചൗബേ, ധിരേന്‍കുമാര്‍ രായ്ചിറ, ഭരത് ഒസ എന്നിവരും അനൂപ് ജലോട്ടയുടെ സംഗീതസംഘത്തിലുണ്ട്.

പി.എന്‍.എക്‌സ്.857/18

date