Skip to main content

പെണ്‍ശക്തി വിളിച്ചോതി റെക്കോഡിലേക്ക്, 'രക്ഷാ' പ്രദര്‍ശനം  വിസ്മയമാക്കി വിദ്യാര്‍ഥിനികള്‍

 

*രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വനിതാദിനത്തില്‍ പെണ്‍കരുത്ത് വിളിച്ചോതി 6000 ഓളം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കരാട്ടെ പ്രദര്‍ശനം ഗിന്നസ് ലോക റെക്കോര്‍ഡിലേക്ക്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്തിന്റെ 'രക്ഷാ' കരാട്ടെ പരിശീലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കരാട്ടെ ഡിസ്‌പ്ലേയാണ് സ്ത്രീശാക്തീകരണത്തിന്റെ വിജയപ്രകടനമായി ചരിത്രം സൃഷ്ടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 'രക്ഷാ' കരാട്ടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ചരിത്രത്തില്‍ ഇടം നേടുന്ന പരിശീലനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഇക്കാലത്ത് നമ്മുടെ സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ രാജ്യത്തിന് മാതൃക സൃഷ്ടിക്കാനായി. ഇതിന് നേതൃപരമായ പങ്ക് വഹിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നടപടി അഭിനന്ദനാര്‍ഹമാണ്.

ആരോഗ്യകരമായി നല്ലരീതിയില്‍ കരുത്ത് സമ്പാദിക്കുന്നത് മാനസികബലത്തിനും വഴിവെക്കും. ഒരുകാലത്ത് സ്ത്രീകള്‍ ആയോധനകലകളിലും  വലിയ മികവ് പ്രകടിപ്പിച്ചിരുന്നു എന്നതിനുദാഹരണമാണ് വടക്കന്‍ പാട്ടുകളിലെ ഉണ്ണിയാര്‍ച്ചയും തുമ്പോലാര്‍ച്ചയുമൊക്കെ. അത് മറ്റൊരുരീതിയില്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങുകയാണ്. അതിന്റെ ഭാഗമാണ് നിങ്ങളോരോരുത്തരുമെന്നും പെണ്‍കുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞു. പഠനത്തില്‍ മിടുക്ക് കാട്ടുന്നതിനൊപ്പം തന്നെ ഏറ്റവും നല്ല ആയോധനകലയായ കരാട്ടെ ശാരീരികകരുത്തും മെയ്‌വഴക്കവും നല്‍കുന്നതിനൊപ്പം സ്വയംരക്ഷയ്ക്കും ഉതകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ചടങ്ങിനോടനുബന്ധിച്ച് സമാധാനത്തിന്റെ  വെളളരിപ്രാവുകളും മുഖ്യമന്ത്രി വേദിയില്‍ പറത്തി.

കരാട്ടേ പ്രദര്‍ശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ജില്ലാ പഞ്ചായത്ത് 'രക്ഷ' പദ്ധതിയിലൂടെ രണ്ടുവര്‍ഷമായി കരാട്ടേ പരിശീലനം നല്‍കിവരുന്നത്. 2016-17 വര്‍ഷത്തില്‍ 100 സ്‌കൂളുകളിലും 2017-18ല്‍ 130 സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ 7000 ഓളം പെണ്‍കുട്ടികളാണ് പരിശീലനം നേടിയത്. സാമൂഹ്യസുരക്ഷാ മിഷന്റെയും വിമുക്തി മിഷന്റെയും പിന്തുണ പരിപാടിക്കുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കരാട്ടെ പരിശീലകരെയാണ് സ്‌കൂളുകളില്‍ പരിശീലനത്തിന് നിയോഗിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കരാട്ടെ പരിശീലകന്‍ വിനോദ് കുമാറാണ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍.  ലോകത്ത് തന്നെ ഇത്തരത്തില്‍ പരിശീലനം നേടിയ 6000ല്‍ അധികം പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം അപൂര്‍വമാണ്. അതിനാലാണ് പരിപാടി റെക്കോഡിന് പരിഗണിക്കാന്‍ ഗിന്നസ് ബുക്ക് സംഘമെത്തിയത്. ചിട്ടയായി നിശ്ചയിക്കപ്പെട്ട കളങ്ങളില്‍ 50 വീതം വിദ്യാര്‍ഥികള്‍ അണിനിരക്കുകയും ഒരുമിച്ചുള്ള പ്രകടനം കാഴ്ചവെക്കുകയുമായിരുന്നു.

ഗിന്നസ് അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് പെണ്‍കുട്ടികള്‍ സ്‌റ്റേഡിയത്തില്‍ അണിനിരന്നത്. കേരള സര്‍ക്കാരിന്റെ വിമുക്തിയുടെ ഭാഗമായ ലഹരി വിരുദ്ധ പ്രതിജ്ഞയും വിദ്യാര്‍ഥിനികളെടുത്തു. 

പി.എന്‍.എക്‌സ്.875/18

 

 

date