Skip to main content

ജന്‍ഡര്‍ സാക്ഷരത പ്രചരിപ്പിക്കാന്‍ സ്ത്രീസമൂഹം  മുന്നിട്ടിറങ്ങണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

 

കേരള സമൂഹത്തെ സ്ത്രീ പുരുഷ സമത്വമുള്ള പരിഷ്‌കൃത സമൂഹമാക്കി മാറ്റാന്‍ ജന്‍ഡര്‍ സാക്ഷരതാ പരിപാടിക്ക് പരമാവധി പ്രചാരം നല്‍കേണ്ടതുണ്ടെന്നും ഇതിന് സ്ത്രീ സമൂഹമാണ് മുന്നിട്ടിറങ്ങേണ്ടതെന്നും ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, കേരള മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ എന്ന തുറന്ന സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

 ഭരണഘടന ലിംഗപരമായ സമത്വം അനുശാസിക്കുന്നുണ്ട്. കുടുംബത്തിലും സമൂഹത്തിലും ഇതു പാലിച്ചേ മതിയാകൂ. സ്ത്രീയും പുരുഷനും സാമൂഹ്യനീതിപ്രക്രിയയുടെ ഭാഗമാവുന്ന തരത്തില്‍ കേരളത്തിന്റെ ഗാര്‍ഹികാന്തരീക്ഷം മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത സ്വാഗതം ആശംസിച്ചു. സീനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ആന്റ് പോലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്റാള്‍, കേരള ബാലാവകാശ കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ ഡോ. ശോഭാ കോശി, ബാലാവകാശ കമ്മീഷന്‍ മുന്‍ മെമ്പറായ അഡ്വ. ആര്‍.എന്‍. സന്ധ്യ, ദേശീയ ആരോഗ്യദൗത്യം കൗമാര ആരോഗ്യ പരിപാടിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ എന്നിവര്‍ പാനല്‍ അംഗങ്ങളായി ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ആര്‍ സി എച്ച്) ഡോ. നിത വിജയന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ജോയിന്റ് ഡി.എം.ഇ. ഡോ. ശ്രീകുമാരിയും പങ്കെടുത്തു.

പി.എന്‍.എക്‌സ്.894/18

date