Skip to main content

ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

 

കുട്ടികളുടെ മനസും ശേഷിയും നന്നായി തിരിച്ചറിയുന്ന എഴുത്തുകാര്‍ക്കു മാത്രമേ ബാലസാഹിത്യത്തില്‍ ശോഭിക്കാന്‍ കഴിയുകയുള്ളുവെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2017ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍  വിതരണം ചെയ്യുകയായിരുന്നു മന്ത്രി. 

സാധാരണ സാഹിത്യത്തേക്കാള്‍ ശ്രദ്ധിക്കേണ്ടതും സംരക്ഷിക്കേണ്ടതും പ്രോല്‍സാഹിപ്പിക്കേണ്ടതുമാണ് ബാലസാഹിത്യം. മാനസികമായ വലിയൊരു തയാറെടുപ്പ് കുട്ടികള്‍ക്കുവേണ്ടിയുള്ള കൃതികള്‍ എഴുതുമ്പോള്‍ ആവശ്യമാണ്. ഇനിയും ബാലസാഹിത്യ ശാഖ വേണ്ടത്ര രീതിയില്‍ വളര്‍ന്നിട്ടില്ല. അതിന് കാരണം കഴിവുള്ള എഴുത്തുകാര്‍ ഈ രംഗത്തേക്ക് കടന്നു വരാത്തതാണ്. അപൂര്‍വ്വം ചിലര്‍ എഴുതുന്നുണ്ടെങ്കിലും അവരെ കണ്ടെത്തി കൂടുതല്‍ പ്രോല്‍സാഹനം നല്‍കേണ്ടതുണ്ട്. അതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ബാലസാഹിത്യത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.

കുട്ടികള്‍ക്ക് ലാപ്‌ടോപ്പും മൊബൈലും മാത്രമല്ല നല്ല പുസ്തകങ്ങളും വാങ്ങി നല്‍കേണ്ടതാണ്. കുട്ടികള്‍ക്ക് പുസ്തകശാലയില്‍ ചെന്ന് അവര്‍ക്ക് ഇഷ്ടപ്പെട്ട ഗ്രന്ഥങ്ങള്‍ വാങ്ങാന്‍ കഴിയുമ്പോള്‍ മാത്രമേ ബാലസാഹിത്യത്തിന് വളര്‍ച്ചയുണ്ടാവുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. സുഗതകുമാരി മുഖ്യാതിഥിയായിരുന്നു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഭാവര്‍മ്മ, പ്രൊഫ. വി എന്‍ മുരളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം പയ്യന്നൂര്‍ കുഞ്ഞിരാമന്‍ പുരസ്‌കാരജേതാക്കളെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി.   ഭരണസമിതി അംഗം ജി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 

ടി കെ ഡി മുഴപ്പിലങ്ങാട്, ശൂരനാട് രവി (സമഗ്രസംഭാവന), എസ് ആര്‍ ലാല്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം, കഥ/നോവല്‍), ദിനകരന്‍ ചെങ്ങമനാട് (മയിലാട്ടം, കവിത), വിനീഷ് കളത്തറ (കൊതിപ്പായസം, നാടകം), അംബുജം കടമ്പൂര്‍ (കുമാരനാശാന്‍, ജീവചരിത്രം), ഡോ. ടി ആര്‍ ശങ്കുണ്ണി (ഹിതോപദേശ കഥകള്‍, പുനരാഖ്യാനം), സി കെ ബിജു(മാന്ത്രികച്ചരടുകള്‍, ശാസ്ത്രം), ജി എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍ (കത്തിരിക്കക്കഥകള്‍, വൈജ്ഞാനികം), ബൈജുദേവ് (അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര, ചിത്രീകരണം), രഞ്ജിത്ത് പുത്തന്‍ചിറ (പൂമരം, പുസ്തകഡിസൈന്‍) എന്നിവര്‍ വിവിധ പുരസ്‌കാരങ്ങള്‍ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. 

പി.എന്‍.എക്‌സ്.918/18

date