Skip to main content

ഇനി പേടിക്കേണ്ട കേട്ടോ... പൊന്നോമനയെ കാണാന്‍ കെ.കെ. ശൈലജ ടീച്ചറെത്തി

    തമിഴ്നാട് ജയലളിത മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം വള്ളക്കടവ് സ്വദേശികള്‍ വിലയ്ക്ക് വാങ്ങുകയും പരാതിയെ തുടര്‍ന്ന് ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും ചെയ്ത മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാന്‍ ആരോഗ്യ സമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരുവനന്തപുരം ശിശുക്ഷേമ സമിതി ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തി.
    വള്ളക്കടവ് സ്വദേശികളുടെ വീട്ടില്‍ നിന്നും സംശയകരമായി കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ശിശുക്ഷേമ സമിതിയുടെ ടോള്‍ഫ്രീ നമ്പരായ തണല്‍ 1517ല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഈ പരാതിയെ തുടര്‍ന്ന് തണല്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസിന്റെ സഹായത്തോടെയാണ് കുട്ടിയെ ഏറ്റെടുത്തത്. കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതിക്ക് നല്‍കി ഉത്തരവാകുകയും ചെയ്തു.
    പണം നല്‍കിയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് ദമ്പതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇടനിലക്കാരുടെ വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ദമ്പതിമാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ നിയമവിരുദ്ധമായ ദത്തെടുക്കല്‍, കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, കുട്ടിയെ വില്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മൂന്ന് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ജനിച്ച് രണ്ടു ദിവസം മാത്രം കഴിഞ്ഞപ്പോഴാണ് തമിഴ്നാട്ടിലെ ആശുപത്രിയില്‍ നിന്നും ഇടനിലക്കാര്‍ വഴി ഈ കുട്ടിയെ ഇവര്‍ക്ക് കൈമാറിയത്. ഇതിനെ സംബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാന പോലീസ് മേധാവിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും വലിയതുറ പോലീസിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
    രാജ്യത്ത് പല ഭാഗത്തും കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ ഉണ്ടെന്നറിയുന്നത് ഉത്കണ്ഠാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങള്‍, വസ്തുക്കളോ കളിപ്പാട്ടമോ പോലെ വാങ്ങാവുന്ന ഒന്നല്ല. കുട്ടികളെ ദ്രോഹിക്കാനും ദുരുപയോഗം ചെയ്യാനുമാണ് ബഹുഭൂരിപക്ഷവും വിലയ്ക്ക് വാങ്ങുന്നത്. അതിനാല്‍ തന്നെ ഇത് അംഗീകരിക്കാനാവില്ല. ഇത്തരം പ്രവണതയ്ക്കെതിരെ കര്‍ശന നടപടിയെടുക്കും. രാജ്യത്ത് ദത്തെടുക്കല്‍ സംബന്ധിച്ച് നിയമങ്ങളും വ്യവസ്ഥകളും നിലവിലുണ്ട്. അതനുസരിച്ച് ആര്‍ക്ക് വേണമെങ്കിലും ദത്തെടുക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
    ഇതിന് സമാനമായ സംഭവം മുമ്പ് തിരുവനന്തപുരം കാട്ടാക്കടയിലും പാലക്കാടും സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ 25-കാരി അനുപമയുടെ രണ്ട് ദിവസം മാത്രം പ്രായമുള്ള ഒരു ചോരക്കുഞ്ഞിനെയാണ് തമിഴ്നാട് സ്വദേശികള്‍ക്ക് വിറ്റത്. അതേ സമയം പാലക്കാട് ആലത്തൂര്‍ കുനിശേരിയില്‍ 28 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്നാട്ടിലേയ്ക്ക് കടത്തിക്കൊണ്ടു പോയി.
    ഏതെങ്കിലും തരത്തില്‍ പ്രസവാനന്തരം കുട്ടികളെ പോറ്റാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെടുമ്പോള്‍ അതിനെ രണ്ടു കൈയും നീട്ടി മാതൃപരിപാലനം നല്‍കി പരിചരിക്കുന്നതിനാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അമ്മത്തൊട്ടിലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു അവസ്ഥ വരുന്ന സാഹചര്യത്തില്‍ വനിതാ ശിശുവികസന വകുപ്പിന്‍ കീഴിലുള്ള ഈ സ്ഥാപനത്തെ ഉപയോഗിക്കണം. മറിച്ച് ഇത്തരം കുട്ടികളെ തട്ടികൊണ്ടു പോകുന്ന റാക്കറ്റുകളുടെ കെണിയില്‍പ്പെടരുത്. സമിതിയുടെ ടോള്‍ഫ്രീ നമ്പരോടു കൂടിയ തണല്‍ - 1517 എന്ന പദ്ധതി 2017 നവംബര്‍ ഒന്നിനാണ് നിലവില്‍ വന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ കുട്ടികളുമായി ബന്ധപ്പെട്ട 6000 ത്തോളം ചെറുതും വലുതുമായ പരാതികള്‍ ലഭ്യമായിട്ടുണ്ട്. ഇങ്ങനെ ലഭിച്ച പരാതികളില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ട വിഷയമാണ് കുട്ടികളെ വിലയ്ക്കു വാങ്ങുകയും, വില്‍ക്കുകയും ചെയ്യുന്ന വിവരങ്ങള്‍.  മന്ത്രിയോടൊപ്പം സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു.
പി.എന്‍.എക്‌സ്.995/18

 

date