Online press releases from Directorate, Thiruvananthapuram on 10/10/2014

 

 


എല്ലാവര്‍ക്കും സൗജന്യ കാന്‍സര്‍ ചികിത്സ സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കാന്‍സര്‍ ചികിത്സ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സുകൃതം സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതി സമര്‍പ്പണ സമ്മേളനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി നവംബര്‍ ഒന്നു മുതല്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ എറണാകുളം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ അന്‍പത് ശതമാനത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രണ്ടാം ഘട്ടത്തില്‍ സുകൃതം പദ്ധതിയിലൂടെ എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സ സൗജന്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാന്‍സര്‍ ബാധിച്ച കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കുകയെന്ന ഒരു വലിയ ലക്ഷ്യം കൂടി സര്‍ക്കാരിനു മുന്നിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്തെവിടെയുമുള്ള വിദഗ്ദ്ധ ചികിത്സ സംസ്ഥാനത്ത് ലഭ്യമാകണം. സിഗരറ്റിന്റെയും മദ്യത്തിന്റെയും നികുതി വര്‍ദ്ധനവില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം സുകൃതം പദ്ധതിക്കായി മാറ്റിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ രോഗികള്‍ക്കും കുടുംബത്തിനും ആശ്വാസം നല്‍കാന്‍ പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കാന്‍സര്‍ സുരക്ഷാ സൊസൈറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം 300 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി ഭാരതത്തിന്റെ ചികിത്സാ മേഖലയില്‍ത്തന്നെ ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു. നടന്‍ മമ്മൂട്ടി പദ്ധതി സമര്‍പ്പണം നിര്‍വഹിച്ചു. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളിലേക്കെത്താത്ത വിധത്തില്‍ ജീവിതശൈലിയിലും ആഹാര ശൈലിയിലും മാറ്റം വരുത്താന്‍ സമൂഹം തയാറാകണമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സുകൃതം വെബ്‌സൈറ്റിന്റെ പ്രകാശനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബും ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണും ബ്രോഷര്‍ പ്രകാശനം കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനനും നിര്‍വഹിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എ. സുകൃതം ലോഗോയും എം.എ.വാഹിദ് എം.എല്‍.എ. ആമുഖ ഗാനവും പ്രകാശിപ്പിച്ചു. സുകൃതം ഫണ്ടിലേക്ക് ആദ്യ സംഭാവനയായി ഒരു കോടി രൂപ സി.കെ.മേനോന്‍ കൈമാറി. ഗായകന്‍ എം.ജി.ശ്രീകുമാര്‍ തന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ ട്രസ്റ്റിന്റെ സംഭാവനയായി ഒരു ലക്ഷം രൂപയും ഫണ്ടിലേക്ക് നല്‍കി. എ.ടി.ജോര്‍ജ്ജ് എം.എല്‍.എ., ഡോ.മാര്‍ത്താണ്ഡപിള്ള, പ്രസ് ക്ലബ്, പ്രസിഡണ്ട് പി.പി.ജയിംസ്, പ്ലാനിങ് ബോര്‍ഡ് അംഗം ജി.വിജയരാഘവന്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് സി.എം.ഡി.എം. അയ്യപ്പന്‍, എം.സി.സി.ഡയറക്ടര്‍ ഡോ.ബി.സതീശന്‍, നഗരസഭാ കൗണ്‍സിലര്‍ ആര്‍.ഹരികുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍.ബീന സ്വാഗതവും ആര്‍.സി.സി. ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. പി.എന്‍.എക്‌സ്.4968/14

Maintained by Web & New Media Division, Information & Public Relations Department