A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 17/03/2017

 

 


തിരുവനന്തപുരം തരിശുരഹിത ജില്ലയാക്കാന്‍ സമഗ്ര പദ്ധതികള്‍

തിരുവനന്തപുരം ജില്ലയെ തരിശുരഹിത ജില്ലയാക്കാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ പ്ലാനിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഒരിഞ്ച് ഭൂമിപോലും തരിശില്ലാതെ കൃഷി ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വാര്‍ഡ്, ഗ്രാമ, ബ്ലോക്ക് ജില്ലാതലത്തില്‍ ജനകീയ സമിതികളുണ്ടാക്കും. തരിശായി കിടക്കുന്ന സ്വകാര്യഭൂമികളില്‍ വസ്തു ഉടമസ്ഥരുടെ അനുമതിയോടെ കൃഷി ചെയ്യുന്നതിനുള്ള നടപടികളും തരിശുസ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന നടപടികളും സ്വീകരിക്കും. ജലസംരക്ഷണത്തിനായി ജനകീയ സര്‍വേ അടിയന്തരമായി നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കുളങ്ങള്‍, ജലസംഭരണികള്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. എല്ലാ വീടുകളിലും ജലസാക്ഷരതാ ക്യാമ്പയിന്‍ നടത്തും. ജില്ലയിലുള്ള എല്ലാ സ്‌കൂളുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കിണര്‍ റീചാര്‍ജിങ് സംവിധാനം തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണമുറപ്പാക്കിക്കൊണ്ട് നടപ്പാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വെള്ളായണി കായല്‍, അരുവിക്കര ഡാം, ജില്ലയിലെ പ്രധാന പുഴകള്‍, കുളങ്ങള്‍, നീരൊഴുക്കുള്ള പ്രദേശങ്ങള്‍ മുതലായവ നവീകരിക്കുന്നതിനും കുടിവെള്ള സ്രോതസുകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് സഹായകമായ വിധത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ കരട് തയ്യാറാക്കുന്നതിനായി അഞ്ചംഗ സമിതിയെയും യോഗത്തില്‍ രൂപീകരിച്ചു. ജില്ലയില്‍ നടപ്പാക്കിവരുന്ന ജൈവസമൃദ്ധി പദ്ധതി ഊര്‍ജിതമാക്കും. ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെയും കണക്കെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവര്‍ക്ക് പഠനത്തിനായി നിശ്ചിത തുക സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.ബി. സതീഷ് എം.എല്‍.എ, ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി, പ്ലാനിങ് ഓഫീസര്‍ വി.എസ്. ബിജു മുതലായവര്‍ പങ്കെടുത്തു. (പി.ആര്‍.പി 1209/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|