A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 23/06/2017

 

 


പകര്‍ച്ചപനി; എല്ലാ വാര്‍ഡുകളിലും ദ്രുത കര്‍മസേന - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പകര്‍ച്ചപനിയുടെ പശ്ചാത്തലത്തില്‍ വാര്‍ഡുകള്‍ തോറും ദ്രുതകര്‍മസേന രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനപ്രകാരം പകര്‍ച്ച പനിയുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ കളക്ടറേറ്റില്‍ നടത്തിയ ജില്ലാതലയോഗ ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ദ്രുതകര്‍മസേനയിലുണ്ടാവുക. ഇന്ന് (ജൂണ്‍ 24) എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് സമിതി യോഗങ്ങള്‍ ചേര്‍ന്നാണ് ദ്രുതകര്‍മസേന രൂപീകരിക്കുന്നത്. വരും ദിവസങ്ങളില്‍ ഡെങ്കിപനി അടക്കമുള്ളവ കണ്ടെത്തുന്ന സ്ഥലങ്ങള്‍ ഒരു ഹോട്ട് സ്‌പോട്ട് ആയി കണ്ടുകൊണ്ടായിരിക്കും ദ്രുതകര്‍മസേന പ്രവര്‍ത്തിക്കുക. അടിയന്തര കൊതുക് നശീകരണം, രോഗിക്ക് വേണ്ടുന്ന ചികിത്സാ സൗകര്യം, പനി പടരാതിരിക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ ദ്രുതകര്‍മസേന നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 27, 28, 29 ദിവസങ്ങളിലായി ജില്ലയിലൊട്ടാകെ വിപുലമായ ശുചീകരണ യജ്ഞം നടക്കും. ഗവണ്‍മെന്റിന്റെ വിവിധ ഏജന്‍സികള്‍ക്കുപുറമേ, സന്നധസംഘടനാ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളാകും. 25 വീടുകള്‍ക്ക് ഒരു സ്‌ക്വാഡ് എന്ന നിലക്ക് ഡെങ്കിസ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഉറവിടത്തില്‍ തന്നെ കൊതുകിനെ നശിപ്പിക്കുക എന്നതാണ് സ്‌ക്വാഡിന്റെ പ്രധാന പ്രവര്‍ത്തനം. മൂന്ന് ദിവസത്തിലൊരിക്കല്‍ ഒരു വട്ടം എന്ന നലയില്‍ ഭവന സന്ദര്‍ശനവുമുണ്ടാകും. വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതും സ്‌ക്വാഡ് പ്രവര്‍ത്തകരുടെ ജോലിയാണ്. ജില്ലയിലെ സ്‌കൂളുകളില്‍ ഈ മാസം 30 ന് ഡ്രൈഡേ ആചരിക്കും. അതിന് മുന്നോടിയായി പ്രതേ്യക അസംബ്ലി ചേരുകയും അവിടെ വച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തുകയും ചെയ്യും. സ്വന്തം വീടും പരസിരവും ശുചിയാക്കി വക്കുന്നതോടൊപ്പം അയല്‍വീടുകളില്‍ കൂടി പ്രചാരണ പ്രവര്‍ത്തനങ്ങളും കൊതുക നിവാരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രതേ്യക സെല്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. മേയറുടെ നേതൃത്വത്തില്‍ നഗരസഭാ പ്രവര്‍ത്തനങ്ങളും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ മുന്നിട്ടിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചക്ക്‌ശേഷം കൂടി പുറമേ നിന്ന് ഒരു ഡേക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാക്കാന്‍ പഞ്ചയത്തുകളോട് മന്ത്രി നിര്‍ദേശിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ (സി.എച്ച്.സി) രണ്ട് ഡോക്ടര്‍മാരുടെയും രണ്ട് നഴ്‌സുമാരുടെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കളക്ടറേറ്റില്‍ ചേര്‍ന്ന പ്രതേ്യക യോഗത്തില്‍ എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, ഡി.കെ. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി, ഡി.എം.ഒ ജോസ് ജി. ഡിക്രൂസ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വിവിധ തട്ടിലുള്ള ജനപ്രതിനിധികള്‍, സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. (പി.ആര്‍.പി 1496/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|