A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/04/2016

 

 


കുവൈറ്റ് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ കേരളത്തില്‍

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റിലെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്കായി കുവൈറ്റ് ആരോഗ്യ മന്ത്രാലയപ്രതിനിധികള്‍ കേരളത്തിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി.ജോസഫ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് എന്നിവരുമായി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹര്‍ബി, നിയമ മന്ത്രാലയത്തിലെ മുഹമ്മുദ് അല്‍ ബല്‍ക്കലാബി എന്നിവരാണ് സംഘത്തിലുള്ളത്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്ത്യന്‍ നഴ്‌സുമാരെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രം പുതിയ സംവിധാനമായ ഇ - മൈഗ്രേറ്റ് സിസ്റ്റത്തിലൂടെ റിക്രൂട്ട് ചെയ്യുന്നതിനുളള സന്നദ്ധത അറിയിച്ചു. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറിയുമായി വിശദമായി ചര്‍ച്ച ചെയ്തു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്‌സിംഗ് ഒഴിവുകളിലേയ്ക്ക് ഇന്ത്യന്‍ നഴ്‌സുമാരെ ആരോഗ്യ മന്ത്രാലയം നേരിട്ട് ഇ-മൈഗ്രേറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന ഏജന്‍സികള്‍ മുഖേന റിക്രൂട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഒഴിവുകളിലേക്ക് കുവൈറ്റിലേയും ഇന്ത്യയിലേയും സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി പ്രതിവര്‍ഷം ഉണ്ടാകുന്ന ആയിരത്തിലധികം ഒഴിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള തുടര്‍നടപടികള്‍ ആരംഭിക്കും. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ പ്രതിനിധികള്‍ നേരിട്ടെത്തി ലൈസന്‍സിംഗ് ടെസ്റ്റും ഇന്റര്‍വ്യൂം നടത്തിയാകും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. സ്വകാര്യ മേഖലയിലെ നഴ്‌സിംഗ് ഒഴിവുകളിലേക്ക് കുവൈറ്റിലെ കോണ്‍ട്രാക്ടിംഗ് ഏജന്‍സികളെ ഇ മൈഗ്രേറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉപദേശിക്കും ഈ സംവിധാനത്തിലൂടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കുന്നതിന് ഈ കമ്പനികളുടെ യോഗം കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുന്‍കൈ എടുത്ത് വിളിച്ച് ചേര്‍ക്കും. നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികളെ ആവശ്യമെങ്കില്‍ യോഗത്തില്‍ പങ്കെടുപ്പിക്കാനും യോഗത്തില്‍ ധാരണയായി. നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ.ആര്‍.എസ്.കണ്ണന്‍, ഒ.ഡി.ഇ.പി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ.ജി.എല്‍ മുരളീധരന്‍, ഓവര്‍സീസ് മാന്‍പവര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ.ഇളങ്കോവന്‍, നോര്‍ക്ക-റൂട്ട്‌സിലേയും, ഒ.ഡി.ഇ.പി.സിയിലേയും ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. പി.എന്‍.എക്‌സ്.1297/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|