A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/10/2015

 

 


തദ്ദേശഭരണ തിരഞ്ഞെടുപ്പ് നവംബര്‍ രണ്ടിനും അഞ്ചിനും

തദ്ദേശഭരണ തിരഞ്ഞെടുപ്പ് നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീയതികള്‍ പ്രഖ്യാപിക്കുന്നതിന് ഇന്ന് (ഒക്‌ടോബര്‍ 3) വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നവംബര്‍ രണ്ടിനും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നവംബര്‍ അഞ്ചിനുമാണ് വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പോളിംഗ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബര്‍ 7 ന് നടക്കും. തദ്ദേശസ്ഥാപനങ്ങളിലെ 35,000-ത്തോളം പോളിംഗ് സ്റ്റേഷനുകളില്‍ ഒരേസമയം വോട്ടിംഗിനുള്ള സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതിലെ പ്രായോഗിക വൈഷമ്യങ്ങള്‍ കണക്കിലെടുത്താണ് വോട്ടെടുപ്പ് രണ്ട് ദിവസമായി നടത്തുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഒക്‌ടോബര്‍ 7 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഒക്‌ടോബര്‍ 14 വരെ പത്രിക സ്വീകരിക്കും. സൂക്ഷ്മ പരിശോധന ഒക്‌ടോബര്‍ 15-ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്‌ടോബര്‍ 17 ആണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 ഉം, ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,076 ഉം 14 ജില്ലാ പഞ്ചായത്തുകളിലെ 331 ഉം, ആകെയുള്ള 86 മുനിസിപ്പാലിറ്റികളിലെ 3,088 ഉം, 6 കോര്‍പ്പറേഷനുകളിലെ 414 ഉം വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂര്‍ നഗരസഭയിലെ തിരഞ്ഞെടുപ്പ് 2012-ല്‍ നടന്നതിനാല്‍ അവിടെ 2017-ലേ തിരഞ്ഞെടുപ്പ് നടക്കൂ. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വോട്ടിംഗ് യന്ത്രമുപയോഗിച്ചാണ് വോട്ടെടുപ്പ്. ത്രിതല പഞ്ചായത്തുകളിലേയ്ക്ക് മള്‍ട്ടിപോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ത്രിതല പഞ്ചായത്തുകളിലേയ്ക്ക് ആദ്യമായാണ് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്. ഇപ്രാവശ്യം ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയാണ് ഉപയോഗിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ആക്ഷേപം സമര്‍പ്പിക്കുന്നതിനും മറ്റുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം എന്‍.ഐ.സി.യുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്നു. ഏകദേശം രണ്ടര കോടി വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. അതിന്‍പ്രകാരം പ്രവാസികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭിന്നലിംഗത്തില്‍പ്പെട്ട 82 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. തിരഞ്ഞെടുപ്പിനുശേഷം നിലവില്‍ വരുന്ന ഭരണ സമിതിയിലെ അദ്ധ്യക്ഷസ്ഥാനത്തിന്റെ സംവരണം നിശ്ചയിച്ച് വിജ്ഞാപനം കമ്മീഷന്‍ പുറപ്പെടുവിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടെ ഇ-ഡ്രോപ്പ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് ജോലിക്കായി രണ്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരെ നിയോഗിക്കുക. ഗ്രാമപഞ്ചായത്തില്‍ 1,000/- ഉം, ബ്ലോക്ക് പഞ്ചായത്തില്‍ 2,000/-ഉം, ജില്ലാ പഞ്ചായത്തില്‍ 3,000/-ഉം, മുനിസിപ്പാലിറ്റിയില്‍ 2,000/- ഉം, മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 3,000/-ഉം രൂപയാണ് കെട്ടി വെക്കേണ്ട തുക. പട്ടികജാതിയിലോ പട്ടികവര്‍ഗ്ഗത്തിലോപെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെയ്‌ക്കേണ്ട തുക അങ്ങനെയുള്ള നിയോജകമണ്ഡലത്തിലേയ്ക്ക്/വാര്‍ഡിലേയ്ക്ക് നിശ്ചയിച്ചിട്ടുള്ള തുകയുടെ അന്‍പത് ശതമാനം ആയിരിക്കും. ഗ്രാമപഞ്ചായത്തില്‍ 10,000/-ഉം, ബ്ലോക്ക് പഞ്ചായത്തില്‍ 30,000/-ഉം, ജില്ലാ പഞ്ചായത്തില്‍ 60,000/-ഉം, മുനിസിപ്പാലിറ്റിയില്‍ 30,000/-ഉം, മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 60,000/-ഉം രൂപയാണ് ചെലവഴിക്കാവുന്നത തുക. സമാധാനപരവും നിഷ്പക്ഷവുമായ പോളിംഗ് ഉറപ്പ് വരുത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും സഹകരണം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. പി..എന്‍.എക്‌സ്.4658/15

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|