A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 18/01/2017

 

 


പദ്ധതി വിനിയോഗം പുനഃക്രമീകരിക്കണം -മുഖ്യമന്ത്രി

ബജറ്റ് എസ്റ്റിമേറ്റിന്റെ മൂന്നിലൊന്ന് ഭാഗംമാത്രം സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ ചെലവഴിക്കാനാവുംവിധം പദ്ധതി വിഹിത വിനിയോഗം പുനഃക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പദ്ധതി വിഹിതം വിനിയോഗം സംബന്ധിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൂടാതെ മാര്‍ച്ച് മാസത്തില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ പതിനഞ്ച് ശതമാനമായി ചെലവ് പരിമിതപ്പെടുത്തണം. സാമ്പത്തികവര്‍ഷത്തിന്റെ അവസാനമാസങ്ങളില്‍ തിരക്കുപിടിച്ചു ചെലവാക്കുന്ന അവസ്ഥ മാറ്റാന്‍ ഇത് സഹായിക്കും. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ഇക്കാര്യം നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കണം. ധനാഭ്യര്‍ത്ഥനകള്‍ക്കും പൊതുവില്‍ ഇതു ബാധകമാകണം. പ്രതിമാസചെലവ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന വകുപ്പുകള്‍ കൃത്യമായി അങ്ങനെതന്നെ പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാക്കണം. ഇ-ലെഡ്ജര്‍ സംവിധാനം പാലിക്കാനും കഴിയണം. സെക്രട്ടറിമാരും വകുപ്പുമേധാവികളും കേന്ദ്രത്തിലെ ഡയറക്ടര്‍, ജോയന്റ് സെക്രട്ടറി, അഡീ. സെക്രട്ടറി തുടങ്ങിയവരുമായി നിരന്തര ബന്ധം പുലര്‍ത്തണം. കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് അര്‍ഹമായ വിഹിതം നേടിയെടുക്കാനും പുതിയ പദ്ധതികളും മറ്റും സംബന്ധിച്ച് വിവരങ്ങള്‍ അറിയാനും ഇത് സഹായകമാവും. കേന്ദ്ര ഗ്രാന്റുകള്‍ കൃത്യമായി വര്‍ധിപ്പിച്ചു വാങ്ങിയെടുക്കുന്നതിലും അവയുടെ കൃത്യമായ ഉപയോഗം ഉറപ്പാക്കുന്നതിലും അതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യസമയത്തു കേന്ദ്രത്തില്‍ കൊടുക്കുന്നതിലും വകുപ്പ് സെക്രട്ടറിമാരും വകുപ്പ് മേധാവികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നില്‍ കേരളം പോകുന്ന അവസ്ഥ ഒഴിവാക്കണം. പിന്നാക്ക, ന്യൂനപക്ഷ, വ്യത്യസ്ത ശേഷിയുള്ള വിഭാഗങ്ങള്‍ക്കുള്ള പദ്ധതിവിഹിതത്തിന്റെ വിനിയോഗം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോജക്ടുകള്‍ക്ക്, സ്‌കീമുകള്‍ക്ക് ഭരണാനുമതി നല്‍കാനുള്ള കാലതാമസം പദ്ധതിച്ചെലവിനെ ബാധിക്കാനിടവരരുത്. ഭരണാനുമതി നല്‍കാന്‍ ബാക്കിയുള്ള വകുപ്പുകള്‍ കാരണം വിശദീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അഡീ. ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പധ്യക്ഷന്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.273/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|