A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/02/2017

 

 


എല്ലാ ജില്ലകളിലും കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ തുടങ്ങും : മന്ത്രി ടി.പി.രാമകൃഷ്ണന്‍ * ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പുനരധിവാസ പദ്ധതി കൈവല്യ ഉദ്ഘാടനം ചെയ്തു

ഉദ്യോഗാര്‍ഥികള്‍ക്ക് വഴികാട്ടാനായി എല്ലാ ജില്ലകളിലും കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മെഗാ ജോബ് ഫെയറുകളുടെ മാതൃകയില്‍ എല്ലാ ജില്ലകളിലും മെഗാ ജോബ് ഫെയറുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി കൈവല്യയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാമൂഹിക ക്ഷേമരംഗത്തെ സര്‍ക്കാരിന്റെ പുതിയ കാല്‍വെപ്പുകളുടെ തുടര്‍ച്ചയാണ് കൈവല്യയെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായുള്ള പല പദ്ധതികളുടെയും പോരായ്മകള്‍ പരിഹരിച്ച്, ഗുണഭോക്തൃ സൗഹൃദ അടിത്തറയില്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്. ഭിന്നശേഷിക്കാരായ ഗുണഭോക്താക്കളില്‍ പദ്ധതി അനാവശ്യ നിബന്ധനകള്‍ അടിച്ചേല്പിക്കുന്നില്ല എന്നതാണ് പ്രത്യേകത. നിരാശ്രയരും അന്തര്‍മുഖരുമായി കഴിയേണ്ടിവരുന്ന ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കാന്‍ താങ്ങാവുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. പദ്ധതി പ്രകാരമുള്ള സ്വയംതൊഴില്‍ വായ്പകള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. പഠനോപാധികളുടെ വിതരണം മേയര്‍ വി.കെ.പ്രശാന്തും ബ്രോഷര്‍ പ്രകാശനം വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.മൊയ്തീന്‍കുട്ടിക്ക് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവും നിര്‍വഹിച്ചു. കൗണ്‍സിലര്‍ ഐഷ ബേക്കര്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ പി.മോഹനന്‍, വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സബ് റീജ്യണല്‍ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ കെ.കെ.ജനാര്‍ദ്ദനന്‍ പദ്ധതി പരിചയപ്പെടുത്തി. എംപ്‌ളോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എം.എ.ജോര്‍ജ് ഫ്രാന്‍സിസ് സ്വാഗതവും സുധീര്‍കുമാര്‍ നന്ദിയും പറഞ്ഞു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. വൊക്കേഷണല്‍ & കരിയര്‍ ഗൈഡന്‍സ്, നൈപുണ്യ വര്‍ദ്ധന, മത്സര പരീക്ഷാ പരിശീലനം, പലിശരഹിത സ്വയംതൊഴില്‍ വായ്പാ പദ്ധതി തുടങ്ങിയ ഘടക പദ്ധതികളിലൂടെ ഭിന്നശേഷിയുള്ളവരെ വരുമാനമാര്‍ഗമുള്ള തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവരുടെ ഡറ്റാ ബാങ്കില്‍ നിന്നുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, സംരംഭകത്വ വികസന പരിശീലനം, മത്സര പരീക്ഷാ പരിശീലനം എന്നിവ ഇതിന്റെ ഭാഗമാണ്. മത്സര പരീക്ഷാ പരിശീലനത്തില്‍ ഏറ്റവും കുറഞ്ഞത് അറുപത് ദിവസം കാലാവധിയുള്ള തുടര്‍പരിശീലന പരിപാടി നടത്തും. സ്വയംതൊഴില്‍ പദ്ധതിയില്‍ 21നും 55നും മധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണഭോക്താക്കളാകാം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. സംരംഭം സ്വന്തമായി നടത്താന്‍ കഴിയാത്തത്ര അംഗവൈകല്യമുള്ള പക്ഷം അടുത്ത ഒരു ബന്ധുവിനെ(മാതാവ്/പിതാവ്/ഭര്‍ത്താവ്/ഭാര്യ/മകന്‍/മകള്‍) കൂടി ഉള്‍പ്പെടുത്തി വായ്പ അനുവദിക്കും. വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കുന്നതെങ്കിലും സംയുക്ത സംരംഭവും ആരംഭിക്കാം. ഒരു വ്യക്തിക്ക് പരമാവധി അന്‍പതിനായിരം രൂപ പലിശരഹിത വായ്പയായി അനുവദിക്കും. ആവശ്യമെങ്കില്‍ ഒരു ലക്ഷം രൂപവരെ അനുവദിക്കും. വായ്പത്തുകയുടെ അന്‍പത് ശതമാനം (പരമാവധി 25,000 രൂപ) സബ്‌സിഡിയായി അനുവദിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും അപേക്ഷാഫോറം സൗജന്യമായി ലഭിക്കും. കൂടാതെ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും എടുക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല സമിതിയാണ് വായ്പത്തുക നിശ്ചയിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയായാലുടന്‍ വായ്പാത്തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. വായ്പ ലഭ്യമാകുന്ന തീയതി മുതല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം തിരിച്ചടവ് തുടങ്ങണം. പി.എന്‍.എക്‌സ്.661/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|