A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 16/02/2017

 

 


ചികിത്‌സാചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും -മുഖ്യമന്ത്രി പിണറായി വിജയന്‍

* 'ആര്‍ദ്രം' ദൗത്യത്തിന് തുടക്കമായി അതിഭീമമായി വര്‍ധിക്കുന്ന ചികിത്‌സാചെലവ് കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ടുള്ള 'ആര്‍ദ്രം' ദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചികിത്‌സയ്ക്ക് തോന്നിയപോലെ ചെലവ് ഈടാക്കാനാവില്ല. ഇക്കാര്യത്തില്‍ ക്രമീകരണം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ സ്വാഭാവികമായും ചെലവ് കൂടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യായമായ രീതിയില്‍ മരുന്ന് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. കിടത്തിചികിത്‌സയിലുള്ളവര്‍ക്ക് മരുന്ന് ആശുപത്രിയില്‍തന്നെ ലഭ്യമാക്കും. തുടര്‍ചികിത്‌സ നടത്തുന്നവര്‍ക്ക് വലിയ ചെലവുള്ള മരുന്ന് വാങ്ങേണ്ടിവരുന്നുണ്ട്. അത്തരക്കാര്‍ക്ക് ഫലപ്രദമായി, ചെലവ് കുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കാനും നടപടിയുണ്ടാകും. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മരുന്നുകളേക്കാള്‍ വിലകുറച്ച് ലഭിക്കുന്ന ജനറിക് മരുന്നുകള്‍ ഇതിനായി വ്യാപകമാക്കും. ആരോഗ്യമേഖലയില്‍ കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടങ്ങളുണ്ടെങ്കിലും ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചില്ലെങ്കില്‍ നാം പിന്നിലായിപോകും. 'ആര്‍ദ്രം' പദ്ധതി വഴി ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാനാകും. ഇല്ലാതായി എന്നു കരുതിയ രോഗങ്ങള്‍ തിരിച്ചുവരികയും ജീവിത ശൈലീരോഗങ്ങളും മാരക രോഗങ്ങളും വ്യാപിക്കുകയുമാണ്. തുടക്കത്തില്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞാല്‍ നല്ല ചികില്‍സ നല്‍കി ഭൂരിഭാഗം ജീവനുകളും രക്ഷിക്കാനാകും. കുടുംബഡോക്ടര്‍ എന്ന സങ്കല്‍പ്പത്തിന്റെ ആദ്യപടിയായി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുകയാണ്. ആരോഗ്യവകുപ്പിന് ഇന്നത്തെ സൗകര്യം വെച്ചുതന്നെ കൂടുതല്‍ കാര്യങ്ങള്‍ നിറവേറ്റാനാകും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളെ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഏതെങ്കിലും പ്രത്യേക രോഗം ബാധിക്കുന്നുണ്ടോ എന്ന് കുഞ്ഞുപ്രായത്തിലേ മനസിലാക്കാനാവും. കൂടാതെ പ്രമേഹവും രക്തസമ്മര്‍ദ്ദവുമൊക്കെ ഇന്ന് വ്യാപകമാണ്. അത്തരം കാര്യങ്ങള്‍ പരിശോധിക്കാനും വ്യാപക സംവിധാനങ്ങളും ഒരുക്കണം. മെഡിക്കല്‍ ക്യാമ്പുകളിലും മറ്റും തദ്ദേശസ്ഥാപനങ്ങള്‍ കൂടി മേല്‍നോട്ടം വഹിച്ചാല്‍ ജനങ്ങളുടെ ആരോഗ്യനില കൃത്യമായി പരിശോധിക്കാനും മനസിലാക്കാനും കഴിയും. രോഗം മനസിലാക്കിയാല്‍, രോഗി മാത്രമല്ല, അേതക്കുറിച്ചറിയുന്ന പലരും രോഗപ്രതിരോധത്തിനുള്ള ജീവിതരീതി സ്വീകരിക്കും. ആര്‍ദ്രം കേവലമൊരു സര്‍ക്കാര്‍ പരിപാടിയല്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത്, എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണ്. ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പശ്ചാത്തല സൗകര്യവികസനം വരുമ്പോള്‍ ഉപകരണങ്ങളായോ, കെട്ടിടമായോ ഒക്കെ നാട്ടുകാര്‍ക്ക് സഹകരിക്കാനാകും. എല്ലാ ചികില്‍സാകേന്ദ്രവും നമ്മുടെ നാടിന്റെ വകയാണ് എന്ന് കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആശുപത്രികളില്‍ ഗുണമേന്‍മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയും രോഗീസൗഹൃദമാക്കുകയുമാണ് 'ആര്‍ദ്ര'ത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഓരോ പ്രാഥമികാരോഗ്യകേന്ദ്രവും എങ്ങനെ നവീകരിക്കണമെന്ന് മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദൗത്യത്തിന്റെ ജില്ലാതല ഉദ്ഘാടനം 20ന് നടക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യരംഗത്തെ സേവനങ്ങളില്‍ കേരളം വികസിതരാജ്യങ്ങളുമായാണ് മത്‌സരിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സഹകരണ-ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞചെലവില്‍ വികസിതരാജ്യങ്ങളിലെ സേവനങ്ങള്‍ എത്തിക്കാന്‍ 'ആര്‍ദ്രം' പദ്ധതിയിലൂടെ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം. റംലാബീവി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, സ്വാഗതസംഘം രക്ഷാധികാരികളായ ആനാവൂര്‍ നാഗപ്പന്‍, എസ്. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സ്വാഗതവും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു കൃതജ്ഞതയും പറഞ്ഞു. ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്‍മയുള്ളതും സൗഹാര്‍ദ്ദപരവുമായ സേവനങ്ങള്‍, താലൂക്ക് ജില്ലാതല ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി-സൂപ്പര്‍സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി പ്രവര്‍ത്തനമേഖല വിപുലമാക്കല്‍, രോഗികള്‍ക്ക് പ്രോട്ടോക്കോള്‍പ്രകാരം ഗുണമേന്‍മയുള്ള ചികിത്‌സയും പരിചരണവും ലഭ്യമാക്കുക തുടങ്ങിയവയാണ് 'ആര്‍ദ്രം' ദൗത്യം ലക്ഷ്യമിടുന്നത്. പി.എന്‍.എക്‌സ്.682/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|