A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/02/2017

 

 


ചെമ്പിലോട്, ശ്രീകൃഷ്ണപുരം പഞ്ചായത്തുകള്‍ക്ക് സ്വരാജ് ട്രോഫി

മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും അര്‍ഹതനേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തി മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹത നേടിയ ഗ്രാമപഞ്ചായത്തുകളെയും തിരഞ്ഞെടുത്തു. സംസ്ഥാനതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ഒന്നാം സ്ഥാനം പങ്കിട്ട ചെമ്പിലോട് (കണ്ണൂര്‍), ശ്രീകൃഷ്ണപുരം (പാലക്കാട്) എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് 22.5 ലക്ഷം രൂപ വീതം പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും മൂന്നാം സ്ഥാനം നേടിയ പെരിങ്ങോംവയക്കര ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ഒന്നാം സ്ഥാനം രണ്ട് പഞ്ചായത്തുകള്‍ പങ്കിട്ടതിനാല്‍ രണ്ടാം സ്ഥാനത്തിന് പ്രത്യേക അവാര്‍ഡ് നല്‍കിയിട്ടില്ല. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മികച്ച ഗ്രാമപഞ്ചായത്തുകള്‍ ; തിരുവനന്തപുരം - ഒന്നാം സ്ഥാനം - മാണിക്കല്‍, കൊല്ലം - ഒന്നാം സ്ഥാനം - കുലശേഖരപുരം, രണ്ടാം സ്ഥാനം - തഴവ, പത്തനംതിട്ട - ഒന്നാം സ്ഥാനം - തുമ്പമണ്‍, ആലപ്പുഴ : ഒന്നാം സ്ഥാനം - വീയപുരം, രണ്ടാം സ്ഥാനം - കുമാരപുരം, കോട്ടയം : ഒന്നാം സ്ഥാനം - മുത്തോലി, എറണാകുളം : ഒന്നാം സ്ഥാനം - ചോറ്റാനിക്കര, തൃശൂര്‍ : ഒന്നാം സ്ഥാനം - പൂമംഗലം, രണ്ടാം സ്ഥാനം - ഒരുമനയൂര്‍, മലപ്പുറം : ഒന്നാം സ്ഥാനം - പുലാമന്തോള്‍, രണ്ടാം സ്ഥാനം മാറാഞ്ചേരി, കോഴിക്കോട് : ഒന്നാം സ്ഥാനം - അരിക്കുളം, രണ്ടാം സ്ഥാനം - നാദാപുരം, വയനാട് : ഒന്നാം സ്ഥാനം - വൈത്തിരി. പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിച്ച പഞ്ചായത്തുകള്‍ സംസ്ഥാനതല സമ്മാനം നേടിയതിനാല്‍ ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്ല. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ അര്‍ഹതാ മാനദണ്ഡം പാലിച്ച പഞ്ചായത്തുകള്‍ ഇല്ലാത്തതിനാല്‍ ആരേയും തെരഞ്ഞെടുത്തില്ല. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിച്ച മറ്റ് ഗ്രാമപഞ്ചായത്തുകള്‍ ഇല്ലാത്തതിനാല്‍ രണ്ടാം സ്ഥാനത്തിനുള്ള അവാര്‍ഡ് നല്‍കിയിട്ടില്ല. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം പത്ത് ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാനതലം) : ഒന്നാം സ്ഥാനം - എടക്കാട് ബ്ലോക്ക് പഞ്ചായത്ത് (കണ്ണൂര്‍ ജില്ല), രണ്ടാം സ്ഥാനം - കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് (കൊല്ലം), മൂന്നാം സ്ഥാനം - പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് (എറണാകുളം). ഇവയ്ക്ക് യഥാക്രമം 25, 20, 15 ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. മികച്ച ജില്ലാ പഞ്ചായത്ത് : ഒന്നാം സ്ഥാനം - കൊല്ലം ജില്ലാ പഞ്ചായത്ത്, രണ്ടാം സ്ഥാനം - മലപ്പുറം ജില്ലാ പഞ്ചായത്ത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ജില്ലാ പഞ്ചായത്തുകള്‍ക്ക് യഥാക്രമം 25, 20 ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. മഹാത്മാ പുരസ്‌കാരം : 2015-16 സാമ്പത്തിക വര്‍ഷം മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തി മഹാത്മാ പുരസ്‌കാരം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്തുകള്‍. സംസ്ഥാനതലം : ഒന്നാം സ്ഥാനം - തളിക്കുളം ഗ്രാമപഞ്ചായത്ത് (തൃശൂര്‍ ജില്ല), രണ്ടാം സ്ഥാനം - എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് (തൃശൂര്‍), മൂന്നാം സ്ഥാനം - കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് (എറണാകുളം). ജില്ലാതലം : (ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം എന്ന ക്രമത്തില്‍) തിരുവനന്തപുരം - കടയ്ക്കാവൂര്‍, പള്ളിച്ചല്‍, കൊല്ലം - നെടുവത്തൂര്‍, മയ്യനാട്, പത്തനംതിട്ട - മൈലപ്ര, കുറ്റൂര്‍, ആലപ്പുഴ - ബുധനൂര്‍, വെണ്‍മണി, കോട്ടയം - മീനച്ചില്‍, കുറവിലങ്ങാട്, ഇടുക്കി - ഇടമലക്കുടി, മണക്കാട്, എറണാകുളം - എടവനക്കാട്, ചേരാനല്ലൂര്‍, തൃശൂര്‍ - നാട്ടിക, വാടാനപ്പള്ളി, പാലക്കാട് - കാരക്കുറിശ്ശി, നാഗലശ്ശേരി, മലപ്പുറം - തേഞ്ഞിപ്പലം, വള്ളിക്കുന്ന്, കോഴിക്കോട് - കൊടിയത്തൂര്‍, മടവൂര്‍, വയനാട് - പൊഴുതന, എടവക, കണ്ണൂര്‍ - കോളയാട്, ആറളം, കാസര്‍ഗോഡ് - ബേളൂര്‍, പടന്ന. മഹാത്മാ പുരസ്‌കാരം നേടിയ സ്ഥാപനങ്ങള്‍ക്ക് സാക്ഷ്യപത്രവും മെമന്റോയും നല്‍കും. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം (വികേന്ദ്രീകൃത ആസൂത്രണം), ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഒഡിറ്റ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയാണ് അവാര്‍ഡിന് അര്‍ഹരായ തദ്ദേശഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. ഫെബ്രുവരി 19ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന അവാര്‍ഡ് തുകകളില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് സ്വരാജ് ട്രോഫിയോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. പി.എന്‍.എക്‌സ്.706/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|