A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/02/2017

 

 


കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ല -ധനമന്ത്രി തോമസ് ഐസക്

ദരിദ്രര്‍ക്കു ചികിത്സാസഹായം നല്‍കുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ചു വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. നടപ്പുവര്‍ഷം ഡിസംബര്‍ 31 വരെ 29,270 രോഗികള്‍ക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചു. ഈ ഫെബ്രുവരി 9 ന് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപകൂടി ധനവകുപ്പ് അനുവദിക്കുകയും ചെയ്തു. ഇതടക്കം ബഡ്ജറ്റില്‍ വകയിരുത്തിയ 250 കോടിരൂപ കൈമാറിക്കഴിഞ്ഞു. ഇനി കൊടുക്കുവാനുള്ളത് 139 കോടി രൂപയാണ്. അതിനു മാര്‍ച്ച് 31 വരെ സമയമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചുവര്‍ഷക്കാലം കാരുണ്യ ഫണ്ടിലേക്ക് ആകെ നല്‍കിയത് 775 കോടി രൂപയാണ്. ഒരു വര്‍ഷംപോലും ബഡ്ജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ അധികം പണം കാരുണ്യയ്ക്ക് അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കാരുണ്യഫണ്ടിലേക്ക് 391 കോടിരൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നു. കാരുണ്യയ്ക്ക് ലഭിക്കേണ്ട ഫണ്ടും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടും തമ്മിലുള്ള വ്യത്യാസം ആദ്യമായല്ല ഉണ്ടാകുന്നത്. ഇക്കാരണത്താല്‍ രോഗികള്‍ക്ക് ചികിത്സാസഹായത്തിന് തടസ്സമുണ്ടായിട്ടില്ല. കാരുണ്യ പദ്ധതിയെ പൗര അവകാശമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. 2012-ല്‍ കാരുണ്യപദ്ധതി അപേക്ഷ പ്രോസസിങ്ങിന് കെല്‍ട്രോണ്‍ മുഖാന്തരം ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രികളുടെ പേമെന്റ്, സ്വകാര്യ ആശുപത്രികളുടെ പേമെന്റ് പ്രോസസിംഗ്, റീഇംബേഴ്സ്മെന്റ് എന്നിവ ഉള്‍പ്പെടുത്തി സോഫ്റ്റ്വെയര്‍ നവീകരിക്കുകയോ തുടര്‍പ്രവര്‍ത്തനം നടത്തുകയോ ചെയ്തില്ല. കെല്‍ട്രോണിന് കുടിശ്ശിക നല്‍കുതിനു സോഫ്റ്റ്വെയര്‍ അപഗ്രേഡ് ചെയ്യുതിനും ഈ സര്‍ക്കാര്‍ അനുമതിയും നല്‍കി. കൂടാതെ കുടിശ്ശികജോലികള്‍ തീര്‍ക്കുന്നതിനായി കുടുംബശ്രീയില്‍നിന്ന് 15 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനും അനുമതി നല്‍കി. അധികം താമസിയാതെ കണക്കുകളുടെ പൂര്‍ണ്ണസ്ഥിതി മനസിലാക്കാന്‍ കഴിയും. സ്വകാര്യ ആശുപത്രികളിലെ റീ ഇംബേഴ്സ്മെന്റ് ബില്‍ കുടിശികയില്ല. അടുത്തദിവസങ്ങളില്‍ എത്തിയ 25 കോടിയോളം രൂപയുടെ ബില്ലുകള്‍ പ്രോസസിങ്ങിലാണ്. ഏതാനും ദിവസങ്ങള്‍ക്കകംആ തുക വിതരണം ചെയ്യും. പ്രകടനപത്രികയില്‍ പറഞ്ഞ ആരോഗ്യസഹായ ഇന്‍ഷുറന്‍സ്, അര്‍ദ്ധ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ എന്നിവ സംയോജിപ്പിച്ച് നടപ്പാക്കും. ഇത്തരമൊരു സമീപനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ അംഗീകരിച്ചതാണ്. പുതിയ സ്‌കീം അവധാനതയോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതു നടപ്പാക്കുന്നതിനുമുന്‍പ് അവയവമാറ്റം അടക്കമുളള സമ്പൂര്‍ണ്ണ ചികിത്സാസൗകര്യങ്ങള്‍ എല്ലാ മെഡിക്കല്‍ കോളെജ് ആശുപത്രികളിലും ഏര്‍പ്പെടുത്തും. താലൂക്കാശുപത്രികളിലുളള സൗകര്യങ്ങള്‍ കുറ്റമറ്റതാക്കും. ആര്‍ദ്രം മിഷന്‍ വഴി ജീവിതശൈലീരോഗങ്ങള്‍ പ്രതിരോധിക്കാന്‍ ജനകീയ ആരോഗ്യപ്രസ്ഥാനത്തിനു രൂപം നല്‍കാനുളള ഉദ്ദേശമുണ്ട്. ഇതിനെല്ലാറ്റിനുമായി ഒരു വര്‍ഷം എടുക്കും. അതു കഴിഞ്ഞേ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കാനാകൂ. അതുവരെ നിലവിലുള്ളവതെല്ലാം തുടരും ധനമന്ത്രി പറഞ്ഞു. പി.എന്‍.എക്‌സ്.714/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|