A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/02/2017

 

 


കുഞ്ഞുങ്ങളെ സാധാരണജീവിതത്തിലെത്തിക്കാന്‍ സ്‌നേഹപൂര്‍ണമായ ഇടപെടല്‍ വേണം -മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ * 'കാവല്‍' പദ്ധതി ഉദ്ഘാടനം ചെയ്തു

കുഞ്ഞുങ്ങളോട് ഇടപെടുന്ന രീതി മാറ്റിയാല്‍ അവരെ പ്രശ്‌നങ്ങളില്‍നിന്ന് സാധാരണജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനാകുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കുള്ള മാനസിക-സാമൂഹ്യ സംരക്ഷണപരിപാടിയായ 'കാവലി'ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അനുഭാവപൂര്‍ണമായ പെരുമാറ്റവും പരിഗണനയും നല്‍കിയാല്‍ സ്വഭാവദൂഷ്യങ്ങള്‍ മാറ്റിയെടുക്കാം. സ്‌നേഹത്തിലൂടെ മനസ്സിന് ആശ്വാസമേകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകും. സാമൂഹ്യമാറ്റങ്ങളെ അനുകൂലദിശയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയണം. കുട്ടികളെ നന്നാക്കിയാല്‍ നാളത്തെ സമൂഹമാണ് നന്നാകുന്നത്. ഒബ്‌സര്‍വേഷന്‍ ഹോമുകളിലും വൃദ്ധസദനങ്ങളിലും കൃത്യമായും ചിട്ടയോടുമുള്ള പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. പുറത്തുനിന്നുള്ളവരുടെ അനാവശ്യ ഇടപെടലുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ചെറിയ കുറ്റങ്ങള്‍ക്ക് ഒബ്‌സര്‍വേഷന്‍ സെന്ററുകളില്‍ എത്തുന്നവര്‍ അവിടങ്ങളിലെ തിക്താനുഭവങ്ങളിലൂടെ കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് പോകുന്ന ഇടയുണ്ടാകരുത്. വൃദ്ധസദനങ്ങളുടെ ഭൗതികസാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ ഇടപെടലുണ്ടാകും. ആദ്യഘട്ടത്തില്‍ ഈവര്‍ഷം തെരഞ്ഞെടുത്ത സദനങ്ങള്‍ മെച്ചമാക്കും. സാമൂഹ്യനീതി വകുപ്പ് കുട്ടികള്‍ക്കും പ്രായംചെന്നവര്‍ക്കുമായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 'കാവല്‍' പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി മുഖ്യപ്രഭാഷണം നടത്തി. നിംഹാന്‍സ് രജിസ്ട്രാര്‍ ഡോ. കെ. ശേഖര്‍ പദ്ധതി അവതരിപ്പിച്ചു. പദ്ധതി മാന്വലിന്റെ പ്രകാശനം ഐ.ജി എസ്. ശ്രീജിത്ത് നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ സ്വാഗതവും 'കാവല്‍' നോഡല്‍ ഓഫീസര്‍ കെ.കെ. സുബൈര്‍ നന്ദിയും പറഞ്ഞു. പദ്ധതിയുടെ പ്രസക്തിയും നടത്തിപ്പ്‌രീതിയും സംബന്ധിച്ച് സെമിനാറും നടന്നു. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച 'കാവല്‍' പദ്ധതി കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് ഇപ്പോള്‍ വ്യാപിപ്പിക്കുകയാണ്. കേസില്‍പ്പെടുന്ന കുട്ടികളുടെ കുടുംബ, സാമൂഹ്യ, മാനസികതലങ്ങളില്‍ ഇടപെട്ട് സമഗ്രമായ മാറ്റമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബാംഗ്‌ളൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് ആണ് സാമൂഹ്യനീതി വകുപ്പിന് പദ്ധതിയുടെ സാങ്കേതിക സഹായം നല്‍കുന്നത്. പി.എന്‍.എക്‌സ്.743/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|