A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 13/03/2017

 

 


ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം -മുഖ്യമന്ത്രി പിണറായി വിജയന്‍ * 'കേരള ഓര്‍ഗാനിക്കി'ന്റെ ലോഗോ പ്രകാശനവും ജൈവകൃഷി അവാര്‍ഡ്ദാനവും നിര്‍വഹിച്ചു

നാടാകെ ഒന്നിച്ചുനീങ്ങിയാല്‍ ജൈവ പച്ചക്കറിയും പഴങ്ങളും കയറ്റുമതി ചെയ്യാന്‍ കേരളത്തിനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് തന്നെ അരിയുത്പാദനം വര്‍ധിപ്പിക്കാനുള്ള ക്രമീകരണം സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ജൈവബ്രാന്റായ 'കേരള ഓര്‍ഗാനിക്കി'ന്റെ ലോഗോ പ്രകാശനവും ജൈവകൃഷി അവാര്‍ഡ്ദാനവും നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട്ടില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മാരക വിഷാംശം തിരിച്ചറിഞ്ഞാണ് പലരും ജൈവകൃഷിയിലേക്ക് തിരിഞ്ഞത്. ഇക്കാര്യത്തില്‍ മാരാരിക്കുളം പോലുള്ള മോഡലുകള്‍ ആദ്യമേയുണ്ടായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നാടാകെ ഇത് ഏറ്റെടുത്തു. സര്‍ക്കാര്‍ നല്ലരീതിയില്‍ പ്രോത്‌സാഹനവും നല്‍കുന്നുണ്ട്. ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനപ്പുറം, കയറ്റുമതിക്ക് കഴിയുമെന്നത് സ്വപ്‌നമല്ല, യാഥാര്‍ഥ്യമാക്കാനാവും. കൂട്ടത്തോടെ ഉത്പാദിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കേടുകൂടാതെ ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ ശീതികരണ സംവിധാനം സംസ്ഥാനത്ത് വിവിധഭാഗങ്ങളില്‍ ഒരുക്കും. ഉത്പന്നങ്ങള്‍ നന്നായി മാര്‍ക്കറ്റ് ചെയ്യാനും അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി ഒരു സംസ്‌കൃതി എന്ന നിലയില്‍നിന്ന് കച്ചവടത്തിലേക്ക് വഴിമാറിയതോടെയാണ് വിഷ ഉത്പന്നങ്ങള്‍ തിന്നേണ്ട അവസ്ഥ വന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരളം ഇക്കാര്യത്തില്‍ പ്രധാന ഇരയായതോടെയാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിച്ചത്. ഇപ്പോള്‍ ജൈവതരംഗം കേരളത്തില്‍ വളരുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. 7000 ഹെക്ടര്‍ സ്ഥലത്ത് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുതുതായി കൃഷിനടത്താനായതായി ചടങ്ങില്‍ സ്വാഗതംപറഞ്ഞ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനതലത്തില്‍ ജൈവകൃഷിയില്‍ ഒരുവര്‍ഷകാലയളവില്‍ മികച്ച നേട്ടം കൈവരിച്ച നിയോജകമണ്ഡലങ്ങള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും മുഖ്യമന്ത്രി ഉപഹാരം കൈമാറി. മികച്ച നിയോജക മണ്ഡലത്തിനുള്ള ഒന്നാംസ്ഥാനമായ 15 ലക്ഷം രൂപ മാനന്തവാടിക്ക്‌വേണ്ടി ഒ.ആര്‍. കേളു എം.എല്‍.എ ഏറ്റുവാങ്ങി. രണ്ടാംസമ്മാനമായ 10 ലക്ഷം രൂപ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആലപ്പുഴ മണ്ഡലത്തിന് വേണ്ടി ഏറ്റുവാങ്ങി. മൂന്നാംസമ്മാനമായ അഞ്ചുലക്ഷം രൂപ പീരുമേട് മണ്ഡലത്തിനുവേണ്ടി ഇ.എസ്. ബിജിമോള്‍ എം.എല്‍.എ സ്വീകരിച്ചു. മികച്ച കോര്‍പറേഷനുള്ള മൂന്നുലക്ഷം രൂപയുടെ ഒന്നാം സമ്മാനം തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് ഏറ്റുവാങ്ങി. മുനിസിപ്പാലിറ്റിക്കുള്ള ആദ്യ മൂന്ന് സമ്മാനങ്ങള്‍ സി.കെ. സദാശിവന്‍ (സുല്‍ത്താന്‍ബത്തേരി -മൂന്നുലക്ഷം), അനില്‍ ബിശ്വാസ് (വൈക്കം- രണ്ടുലക്ഷം), ടി.എസ്.തിരുവെങ്കിടം (ചിറ്റൂര്‍ തത്തമംഗലം -ഒരുലക്ഷം) എന്നിവര്‍ യഥാക്രമം സ്വീകരിച്ചു. വി.എഫ്.പി.സി.കെ ബ്രാന്റ് നെയിമിലുള്ള ജൈവ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി എ.കെ. ശശീന്ദ്രന് നല്‍കി നിര്‍വഹിച്ചു. 'ആറന്‍മുള ബ്രാന്റ് അരി'യുടെ വിപണനം മന്ത്രി ഡോ. ടി.എം. തോമസ് ഐസകിന് നല്‍കി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ പുറത്തിറക്കുന്ന ഫ്രൂട്ട് ജ്യൂസുകളുടെ വിപണനോദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. വാഴക്കുളം ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റിന്റെ ജിംജര്‍ കാന്‍ഡി വിപണനോദ്ഘാടനം സണ്ണി ജോസഫ് എം.എല്‍.എയ്ക്ക് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, പി.കെ. ബഷീര്‍, സി.കെ. നാണു, കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. രാജു നാരായണസ്വാമി, കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷക ക്ലസ്റ്ററുകള്‍ വഴി കൃഷി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ ഉത്പാദിപ്പിക്കുന്ന സുരക്ഷിത പഴം, പച്ചക്കറികള്‍ സ്ഥിരം സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കാനാണ് 'കേരള ഓര്‍ഗാനിക്' എന്ന ബ്രാന്റ് ആരംഭിക്കുന്നത്. ഇത്തരം ഗുണമേന്‍മയുള്ള കാര്‍ഷികോത്പന്നങ്ങള്‍ കൃഷി വകുപ്പിന്റെ എക്കോ ഷോപ്പുകള്‍, എ ഗ്രേഡ് ക്ലസ്റ്ററുകള്‍, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ് തുടങ്ങിയ വിപണികള്‍ വഴി ജനങ്ങളിലെത്തിക്കും. പി.എന്‍.എക്‌സ്.998/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|