A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 14/03/2017

 

 


പദ്ധതികള്‍ക്കൊപ്പം ദുരന്ത ലഘൂകരണ സൗകര്യം ഉറപ്പാക്കണം -മുഖ്യമന്ത്രി * സാമാജികര്‍ക്കായി ദുരന്തലഘൂകരണ ശില്‍പശാല സംഘടിപ്പിച്ചു

ഏതു പദ്ധതി നടപ്പാക്കുമ്പോഴും ദുരന്ത ലഘൂകരണത്തിനുള്ള സൗകര്യം കൂടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 'ദുരന്തനിവാരണ നിയമവും പ്രാദേശിക പ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍ സാമാജികര്‍ക്കായുള്ള ശില്‍പശാല നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടുവിചാരമില്ലാത്ത പ്രകൃതികൈയേറ്റം അവസാനിപ്പിക്കണം. പ്രകൃതിയുടെ അവിഭാജ്യഘടകമാണ് മനുഷ്യര്‍ എന്ന തിരിച്ചറിവുണ്ടായാലേ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനാകൂ. വരള്‍ച്ച, കാട്ടുതീ, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ ഈ തിരിച്ചറിവില്ലാത്തതിനാലാണ് സംഭവിക്കുന്നത്. പ്രകൃതിദുരന്തങ്ങള്‍ തീവ്രമാകുന്നതില്‍ കാലാവസ്ഥാ വ്യതിയാനവും പങ്കുവഹിക്കുന്നുണ്ട്. വരള്‍ച്ച പ്രതിരോധിക്കാന്‍ കിണറുകള്‍ വൃത്തിയാക്കുകയും മഴക്കുഴികള്‍ നിര്‍ബന്ധമായി ഒരുക്കുകയും വേണം. മരംവെച്ചുപിടിപ്പിക്കുന്നത് സംസ്‌കാരമായി വളരണം. ഇതിനുപുറമേ, അപ്രതീക്ഷിതമായി ടാങ്കര്‍ അപകടങ്ങളും പുറ്റിങ്ങല്‍ വെടിക്കെട്ടപകടം പോലെയുമൊക്കെ സംഭവിക്കാറുണ്ട്. ആപത്തുണ്ടായതിനുശേഷം ആലോചിച്ചിട്ട് കാര്യമില്ല. അത്തരം ആപത്ത് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയാണ് വേണ്ടത്. മാരകശേഷിയുള്ള സ്‌ഫോടക ഇനങ്ങള്‍ വേണ്ടെന്ന് വെച്ചാല്‍ വലിയ അപകടങ്ങള്‍ കുറയ്ക്കാം. അക്കാര്യത്തില്‍ അവബോധം വളരണം. റോഡപകടങ്ങള്‍ കൂടുന്നത് ഒഴിവാക്കാന്‍ സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ ഒരുപരിധി വരെ കുറയ്ക്കാം. മുങ്ങിമരണങ്ങള്‍ കുറയ്ക്കാന്‍ സ്‌കൂള്‍തലം മുതല്‍ നീന്തല്‍ പഠിപ്പിച്ചാല്‍ കഴിയും. അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടായാല്‍ രക്ഷിക്കാനുള്ള പ്രാഥമികമായ രീതികളെപ്പറ്റി ബോധം വളര്‍ത്തണം. ജനങ്ങളെ അണിനിരത്തി മാത്രമേ ദുരന്തങ്ങള്‍ ലഘൂകരിക്കാനാകൂ. ജനപങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ജനപ്രതിനിധികള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദുരന്തമുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന ധാരണ പോലും പലര്‍ക്കുമില്ലാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഓരോ സാഹചര്യത്തിന്റെയും വ്യത്യാസം മനസിലാക്കി ആസൂത്രണത്തിനുള്ള അവബോധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ സ്വാഗതവും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് കൃതജ്ഞതയും പറഞ്ഞു. നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ് ആശംസയര്‍പ്പിച്ചു. തുടര്‍ന്ന്, 'ദുരന്ത പ്രതികരണ നിധി: ജനപ്രതിനിധികളുടെ പങ്ക്', 'പ്രാദേശിക ദുരന്ത ലഘൂകരണ സേനകളുടെ രൂപീകരണം, ആവശ്യകത', 'ദുരന്ത ലഘൂകരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്നീ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും, പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. പി.എന്‍.എക്‌സ്.1014/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|