A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 29/03/2017

 

 


സംസ്ഥാനത്ത് സമ്പൂര്‍ണ കായിക നയം നടപ്പിലാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍ *ജി.വി.രാജ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു

ലോക നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ സമ്പൂര്‍ണവും പ്രസക്തവുമായ ഒരു കായികനയം സര്‍ക്കാര്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ ജനങ്ങളെയും ഭാഗഭാക്കാക്കുന്ന മികച്ച കായിക സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാനുള്ള കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ കായികമേഖലയുടെ ഐകരൂപ്യമായ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട മഹാനാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റ്‌കേണല്‍ ഗോദവര്‍മരാജയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികരംഗത്തിന്റെ വളര്‍ച്ചയില്‍ കായിക സംഘാടനം ഒഴിച്ചുകൂടാനവാത്തതാണെന്ന് വിശ്വസിച്ച ക്രാന്തദര്‍ശിയാണ് അദ്ദേഹം. ശെശവദശയില്‍ത്തന്നെ കേരളം ഇന്ത്യയിലെ കായികരംഗത്ത് നിര്‍ണായക ശക്തിയായതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന്റെ ധിഷണയാണ്. സ്‌പോര്‍ട്‌സിനെ സാധാരണ ജനങ്ങളിലെത്തിക്കാന്‍ വിവിധ പരിപാടികള്‍ക്ക് അദ്ദേഹമാണ് തുടക്കമിട്ടത്. കായികരംഗത്ത് കേരളത്തിനു മികച്ച ഭാവിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂനിയര്‍ തലം തൊട്ട് മലയാളി താരങ്ങള്‍ അത്‌ലറ്റിക്‌സിലും മറ്റും തുടര്‍ന്നു വരുന്ന ആധിപത്യം അതിനു തെളിവാണ്. ലോക നിലവാരത്തിലുള്ള താരങ്ങള്‍ വളര്‍ന്നുവന്നത് നമ്മുടെ നാട്ടിലെ പരിമിത സാഹചര്യങ്ങളില്‍ നിന്നാണ്. പ്രതിഭയുടെ കാര്യത്തില്‍ നാം ആരുടെയും പിന്നിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്ന ജി.വി. രാജ അവാര്‍ഡ് വനിതകളുടെ വിഭാഗത്തില്‍ അന്താരാഷ്ട്ര റോവിംഗ് താരം ഡിറ്റിമോള്‍ വര്‍ഗീസിനും പുരുഷ വിഭാഗത്തില്‍ അന്താരാഷ്ട്ര ചെസ് താരം എസ്.എല്‍ നാരായണനുമാണ് ലഭിച്ചത്. നാരായണനുവേണ്ടി മാതാവ് അവാര്‍ഡ് ഏറ്റു വാങ്ങി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്ന ഒളിംപ്യന്‍ സുരേഷ് ബാബു സ്മാരക ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അത്‌ലറ്റിക്‌സ് പരിശീലകന്‍ പി.ആര്‍. പുരുഷോത്തമന്‍ മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. മികച്ച കായിക പരിശീലകനുള്ള ഒരുലക്ഷം രൂപയുടെ അവാര്‍ഡ് അത്‌ലറ്റിക്‌സ് പരിശീലകനായ പി.ബി. ജയ്കുമാര്‍, മികച്ച കായികാധ്യാപകര്‍ക്കുള്ള അരലക്ഷം രൂപയുടെ അവാര്‍ഡുകള്‍, പാല സെന്റ് തോമസ് കോളേജിലെ ആശിഷ് ജോസഫ്, ഇടുക്കി കാല്‍വരി ഹൈസ്‌കൂളിലെ മജുജോസ് എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളേജിനുള്ള അരലക്ഷം രൂപയുടെ പുരസ്‌കാരം ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിനും സ്‌കൂളിനുള്ള പുരസ്‌കാരം കോതമംഗലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും സമ്മാനിച്ചു. കേരള കൗമുദി ദിനപത്രത്തിലെ ഡി. സാംപ്രസാദ് മികച്ച സ്‌പോര്‍ട്‌സ് ജേണലിസ്റ്റിനുള്ള പുരസ്‌കാരവും ദേശാഭിമാനി ദിനപത്രത്തിലെ പി.വി. സുജിത്ത് മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരവും ഏഷ്യാനെറ്റ് ന്യൂസിലെ ജോബി ജോര്‍ജ് മികച്ച ദൃശ്യ മാധ്യമ പരിപാടിക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി. സ്‌പോര്‍ട്‌സ് കേരള ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കായിക- യുവജനക്ഷേമ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് കായികരംഗത്ത് എഴുനൂറു കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും സാക്ഷരതാ മിഷന്റെ മാതൃകയില്‍ സാധാരണ ജനങ്ങളെ കായികരംഗത്തോടടുപ്പിക്കുന്ന കായികക്ഷമതാമിഷന്‍ ആരംഭിക്കുന്ന കാര്യം ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ സ്വാഗതം പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ., കായിക വകുപ്പ് സെക്രട്ടറി ബി. അശോക്, ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, കെ.എം.ബീനാമോള്‍, എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി. മോഹനന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റിവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.1254/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|