A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 31/03/2017

 

 


സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2015-ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിംഗിന് ദീപിക ദിനപത്രത്തിലെ രഞ്ജിത് ജോണ്‍ അര്‍ഹനായി. ദീപിക ദിനപത്രത്തില്‍ 2015 സെപ്റ്റംബര്‍ 17മുതല്‍ 24വരെ പ്രസിദ്ധീകരിച്ച കണ്ണീര്‍ പെരുമഴയില്‍ കാര്‍ഷിക ഗ്രാമങ്ങള്‍ എന്ന ലേഖന പരമ്പരക്കാണ് അവാര്‍ഡ്. കേരളത്തിലെ തകര്‍ന്നു പോയ കാര്‍ഷിക ഗ്രാമങ്ങള്‍ എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാം എന്നു പരിശോധിക്കുന്നതാണ് പരമ്പര. വികസനോന്മുഖ റിപ്പോര്‍ട്ടിംഗിന് മാതൃഭൂമി ദിനപത്രത്തിലെ ടി.സോമന്‍ അര്‍ഹനായി. 2015 ഡിസംബര്‍ 7 മുതല്‍12 വരെ പ്രസിദ്ധീകരിച്ച കേര(ളം) എങ്ങോട്ട്? എന്ന പരമ്പരക്കാണ് അവാര്‍ഡ്. കാറ്റുവീഴ്ചയെന്ന രോഗം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയിലുണ്ടാക്കിയ തകര്‍ച്ചയും പ്രശ്‌നത്തെ ഗൗരവമായി നേരിടുന്നില്ലെന്ന യാഥാര്‍ഥ്യവുമാണ് പരമ്പര തുറന്നുകാട്ടുന്നത്. ന്യൂസ് ഫോട്ടോഗ്രാഫിയില്‍ മലയാളമനോരമ ഫോട്ടോഗ്രാഫര്‍ റസല്‍ ഷാഹുല്‍ അവാര്‍ഡിന് അര്‍ഹമായി. 2015 ജനുവരി 22ന് കപ്പിനും മന്ത്രിയ്ക്കുമിടയില്‍ എന്ന അടിക്കുറിപ്പോടെ പ്രസിദ്ധികരിച്ച ചിത്രത്തിനാണ് അവാര്‍ഡ്. കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളന വേദിയില്‍ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോള്‍ കരിങ്കൊടിയുമായി വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തകരെ സ്വര്‍ണക്കപ്പിനും മന്ത്രിയ്ക്കും തൊട്ടുമുന്നില്‍ പോലീസ് നേരിടുന്നതാണ് ദൃശ്യം. കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ കേരള കൗമുദിയിലെ റ്റി.കെ. സുജിതിനാണ് അവാര്‍ഡ്. 2015 ഒക്ടോബര്‍ 13ന് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനാണ് പുരസ്‌കാരം. ടി.വി റിപ്പോര്‍ട്ടിംഗിന് മാതൃഭൂമി ന്യൂസിലെ ബിജു പങ്കജിനാണ് പുരസ്‌കാരം. 2015 ജൂലൈ ഒന്‍പതിന് സംപ്രേഷണം ചെയ്ത മാതൃത്വം വില്‍പനയ്ക്ക് എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. സംസ്ഥാനത്തെ വന്ധ്യതാനിവാരണ ക്ലിനിക്കുകളുടെ മറവില്‍ കൊഴുക്കുന്ന വാടക ഗര്‍ഭധാരണ കച്ചവടത്തെക്കുറിച്ചുളള അന്വേഷണ പരമ്പരയാണിത്. ടി.വി ന്യൂസ് എഡിറ്റിംഗിന് മനോരമ ന്യൂസിലെ ബിനീഷ് ബേബി അര്‍ഹനായി. വാടുന്ന ബാല്യം എന്ന തലക്കെട്ടില്‍ 2015 ജൂലൈ 18ന് സംപ്രേഷണം ചെയ്ത വാര്‍ത്തയില്‍ സ്‌കൂളില്‍ പോകാതെ അലയുന്ന ആദിവാസി ബാല്യങ്ങള്‍, മദ്യത്തിനും ലഹരിയ്ക്കും കീഴടങ്ങുന്നതിന്റെ നേര്‍ക്കാഴ്ചകളാണ് പകര്‍ത്തിയത്. ടി.വി ന്യൂസ് ക്യാമറ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസിലെ ബിനു തോമസിനാണ് പുരസ്‌കാരം. 2015 മാര്‍ച്ച് 13, ഏപ്രില്‍ ഒന്ന്, മൂന്ന് തീയതികളില്‍ സംപ്രേഷണം ചെയ്ത മലമുഴക്കിയുടെ ജീവനസംഗീതം എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ സ്‌നേഹ വായ്പുകള്‍, ദിനചര്യകള്‍, കൂട്ടിനുളളില്‍ കഴിയുന്ന കുഞ്ഞ് വേഴാമ്പലിന്റെ ദൃശ്യങ്ങള്‍ തുടങ്ങി അപൂര്‍വമായ കാഴ്ചകള്‍ കോര്‍ത്തിണക്കിയ ദൃശ്യാവിഷ്‌കരണമാണ് ഇതിലുളളത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡിന് അര്‍ഹമായവര്‍ക്ക് ലഭിക്കുക. ന്യൂസ്‌ക്യാമറാ വിഭാഗത്തില്‍ മനോരമ ന്യൂസിലെ സജീവ്.വി പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. 2015 ഒക്ടോബര്‍ മൂന്നിന് ലോക പാര്‍പ്പിട ദിനത്തോടനുബന്ധിച്ച് സംപ്രേഷണം ചെയ്ത പരിപാടിയാണ് അവാര്‍ഡ് നേടിയത്. പ്രത്യേക പരാമര്‍ശത്തിന് 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. ജനറല്‍ റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, കെ.സി. വേണു എന്നിവരും വികസനോന്മുഖ റിപ്പോര്‍ട്ടിംഗിന് സി. രാധാകൃഷ്ണന്‍, എം.ജി. രാധാകൃഷ്ണന്‍, ടി.എന്‍. സീമ എന്നിവരും, ന്യൂസ് ഫോട്ടോഗ്രാഫിയില്‍ ശിവന്‍, പി.മുസ്തഫ, സണ്ണി ജോസഫ് എന്നിവരും ജഡ്ജിമാരായിരുന്നു. കാര്‍ട്ടൂണില്‍ സി.ജെ. യേശുദാസന്‍, പി.വി. കൃഷ്ണന്‍, കെ.എല്‍. മോഹനവര്‍മ്മ എന്നിവരും, ടി.വി റിപ്പോര്‍ട്ടിംഗില്‍ പ്രൊഫ. മാടവന ബാലകൃഷ്ണപിളള, സണ്ണിക്കുട്ടി എബ്രഹാം, സരസ്വതി നാഗരാജന്‍, ന്യൂസ് എഡിറ്റിംഗ് വിഭാഗത്തില്‍ പ്രമോദ് പയ്യന്നൂര്‍, എം.കെ. വിവേകാനന്ദന്‍ നായര്‍, രമേഷ് വിക്രമന്‍, ന്യൂസ് ക്യാമറ വിഭാഗത്തില്‍ നീലന്‍, സി.എസ്. വെങ്കിടേശ്വരന്‍, ജയന്‍ കെ.ജി എന്നിവരും വിധികര്‍ത്താക്കളായി. ഇത്തവണ ജനറല്‍ റിപ്പോര്‍ട്ടിംഗ് (23) വികസനോന്മുഖ റിപ്പോര്‍ട്ടിംഗ് (13) ഫോട്ടോഗ്രാഫി (47) കാര്‍ട്ടൂണ്‍ (10) എന്നീ ക്രമത്തില്‍ എന്‍ട്രികള്‍ ലഭിച്ചിരുന്നു. ടി.വി ന്യൂസ് വിഭാഗത്തില്‍ എന്‍ട്രികളൊന്നും ലഭിച്ചില്ല. അവാര്‍ഡ് നിര്‍ണയത്തിനായുളള ജഡ്ജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കേരള മീഡിയാ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു. ഏപ്രില്‍ 25ന് വൈകിട്ട് അഞ്ചിന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്നചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 2016-ലെ അവാര്‍ഡുകള്‍ ഈ വര്‍ഷംതന്നെ പ്രഖ്യാപിക്കുമെന്ന് ഷീലാ തോമസ് അറിയിച്ചു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഐ.പി.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍മാരായ പി. വിനോദ്, കെ. സന്തോഷ് കുമാര്‍ എന്നിവരും മാധ്യമ സമ്മേളനത്തില്‍ പങ്കെടുത്തു. പി.എന്‍.എക്‌സ്.1278/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|