A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/04/2017

 

 


വികസിത കേരളത്തിന് എല്ലാ അടിത്തറയുമിട്ടത് ഇ.എം.എസ് സര്‍ക്കാര്‍ -മുഖ്യമന്ത്രി പിണറായി വിജയന്‍ * ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

വികസിത കേരളത്തെ ഈ രീതിയില്‍ ഉയര്‍ത്തുന്നതിന് എല്ലാ അര്‍ഥത്തിലും അടിത്തറയിട്ടത് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ അടിത്തറ പ്രബലമായതുകൊണ്ടാണ് ഈരീതിയില്‍ സംസ്ഥാനത്തിന് വികസിച്ച് ഉയരാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പൊതുചിത്രമെടുത്താല്‍ മറ്റൊരിടത്തും ഊഹിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ആദ്യസര്‍ക്കാര്‍ ചെയ്തത്. അതിന്റെ പ്രതികരണം പല ഭാഗത്തുനിന്നുമുണ്ടായതു കൊണ്ടാണ് നിയമസഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ട നടപടിയുണ്ടായത്. ഇ.എം.എസ് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാതൃകയും കരുത്തുമാക്കിയാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വികസനത്തിനുതകുന്ന കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. നിയമപരമായി നിക്ഷേപത്തിനു വരുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കണം എന്ന തിരിച്ചറിവുണ്ടാകണം. എന്തുവില കൊടുത്തും നാടിന്റെ വികസനം ഉറപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഈവര്‍ഷം മുതല്‍ പദ്ധതി നടത്തിപ്പില്‍ കൃത്യമായ ആസൂത്രണവും ക്രമീകരണവും കൊണ്ടുവരും. സാമ്പത്തികവര്‍ഷത്തിലെ അവസാനമാസം 15 ശതമാനം മാത്രം ചെലവഴിക്കാനാവുന്ന ക്രമീകരണം വരും. ഇതു പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ സഹായിക്കും. ജനസേവകരായിട്ടുള്ളവര്‍ ജോലി ചെയ്യാതെ ശമ്പളം പറ്റുന്നതും അഴിമതിക്ക് തുല്യമാണ്. കൃത്യമായി ജോലി ചെയ്യുന്ന സംസ്‌കാരം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കണം. കേന്ദ്രത്തില്‍നിന്നുള്ള എല്ലാ ഫണ്ടും നേടിയെടുക്കാന്‍ നടപടിയെടുക്കും. തിരുവനന്തപുരം -കാസര്‍കോട് ദേശീയജലപാത മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കമ്പനി രൂപീകരിച്ച് നടപടികള്‍ സ്വീകരിക്കും. ജനങ്ങളിലേക്ക് സര്‍ക്കാര്‍ എത്തുക എന്നതാണ് നയം. അതിനായി കളക്ടര്‍മാര്‍ താലൂക്ക് അടിസ്ഥാനത്തില്‍ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളുമായി സംവദിക്കുന്ന പരിപാടിക്ക് തുടക്കമായിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍നല്‍കാനാവുന്ന ഏതു പദ്ധതിയെയും സര്‍ക്കാര്‍ തുറന്ന മനസോടെ സ്വീകരിക്കും. സമ്പൂര്‍ണ അഴിമതിരഹിത സംസ്ഥാനമായി മാറ്റും. ആരോഗ്യമേഖലയും വിദ്യാഭ്യാസമേഖലയും പൂര്‍ണമായി നവീകരിക്കും. പക്ഷപാതിത്വമില്ലാതെ എല്ലാവരെയും ഒരേ കണ്ണോടെ കാണുന്ന നയമാകും സര്‍ക്കാരിന്‍േറതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍വതലസ്പര്‍ശിയായ സാമൂഹികനീതിയിലധിഷ്ഠിതമായ സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ കേരള സര്‍ക്കാരിന്റെ വിവരങ്ങളടങ്ങിയ സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പല വികസിത കാര്യങ്ങള്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അത്ഭുതകരമായ മാതൃകകള്‍ ആദ്യ കേരള സര്‍ക്കാര്‍ സൃഷ്ടിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദനും ചടങ്ങില്‍ സംസാരിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ബാലന്‍, എം.എം. മണി, ജെ. മെഴ്‌സിക്കുട്ടിയമ്മ, കെ.കെ. ശൈലജ ടീച്ചര്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, കക്ഷിനേതാക്കളായ പി.സി ജോര്‍ജ്, എന്‍. വിജയന്‍പിള്ള, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവര്‍ സംബന്ധിച്ചു. വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ സ്വാഗതവും സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. വൈകിട്ട് നാലിന് എം.ബി.എസ് യൂത്ത് ക്വയറിന്റെ കേരള ഗാനങ്ങളോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് വജ്രജൂബിലി മുദ്രാഗാനവതരണം നടന്നു. ഔപചാരിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം പി.ജയചന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന അവാര്‍ഡ് നേടിയ ഗായകരുടെ ഗാനമേള അരങ്ങേറി. പി.എന്‍.എക്‌സ്.1360/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|