A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/05/2017

 

 


സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം - നാടിന് പ്രതീക്ഷയേകി ജനക്ഷേമ പരിപാടികള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം പിറന്നാള്‍ സമ്മാനമായി ജനക്ഷേമ പരിപാടികളുടെ നീണ്ട നിര. പ്രതീക്ഷകള്‍ക്കൊത്ത് ഉയരുകയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഈ പദ്ധതികള്‍ സാക്ഷ്യം. ഓരോ മേഖലയ്ക്കും ചേരുന്ന ആവശ്യമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ജനസമക്ഷമെത്തി തുടങ്ങി വയ്ക്കുകയാണ് ഓരോ പുതു പദ്ധതിയും. പാവപ്പെട്ട ജനങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കുന്നതിനായി പട്ടയ വിതരണ മേളകള്‍ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നു. മെയ് 21 ന് ഇടുക്കി ജില്ലയില്‍ നടന്ന പട്ടയ വിതരണ മേള മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ അര്‍ഹരായവര്‍ക്കെല്ലാം രണ്ട് വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കുമെന്നാണ് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇവിടെ നിലനില്‍ക്കുന്ന ഭൂപ്രശ്‌നങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കും. ഒപ്പം അഢീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പട്ടയ നടപടികള്‍ സമയബന്ധിതമായി തീര്‍പ്പാക്കും. റവന്യു മന്ത്രിയുടെ മേല്‍നോട്ടത്തിലാകും നടപടികള്‍. കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യമെങ്കില്‍ നിയോഗിക്കും. കുടിയേറ്റക്കാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാരിന്റേത്. എന്നാല്‍ കയ്യേറ്റക്കാരോടിതല്ല സമീപനം - മുഖ്യമന്ത്രി പറഞ്ഞു. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ നിയമ തടസ്സങ്ങള്‍ ഒഴിവാക്കും. മലയോര കര്‍ഷകര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി നാടിന് വിദേശ നാണ്യം നേടിത്തന്ന കുടിയേറ്റക്കാരെ സര്‍ക്കാര്‍ കൈവിടില്ല. എന്നാല്‍ അവരെ മറയാക്കി കയ്യേറ്റം അനുവദിക്കില്ല. കയ്യേറ്റത്തിനെതിരെ കര്‍ശന നടപടി ഉണ്ടാകും. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നെത്തി ദശാബ്ദങ്ങളായി ഇവിടെ താമസിക്കുന്നവര്‍ക്ക് പരിരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആകെ 5500 ഓളം പട്ടയങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. അതില്‍ 3480 പട്ടയങ്ങളും 1993 ലെ ഭൂ പതിവ് ചട്ടങ്ങള്‍ പ്രകാരം 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്കാണ്. കേന്ദ്ര നിയമപ്രകാരമുള്ള ഈ പട്ടയങ്ങള്‍ ഉപാധി രഹിതവുമാണ്. 1964 ലെ ചട്ടങ്ങള്‍ പ്രകാരമുള്ള ഉപാധികള്‍ അനുസരിച്ച് കൃഷിക്ക് ഒരേക്കറും വീടു വയ്ക്കാന്‍ 15 സെന്റുമാണ് പതിച്ചു നല്‍കാന്‍ കഴിയുക. ഭൂമി കിട്ടുന്നവര്‍ക്ക് 25 വര്‍ഷം കഴിഞ്ഞേ കൈമാറാന്‍ കഴിയൂ എന്ന നിബന്ധന റവന്യു വകുപ്പ് 12 വര്‍ഷമായി കുറച്ചിട്ടുണ്ട്. ഭൂമി പണയപ്പെടുത്താനുള്ള നിബന്ധനകളിലും ഇളവുകളുണ്ട് എന്നു മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറില്‍ കയ്യേറ്റവും കുടിയേറ്റവും കൂടിക്കലര്‍ന്ന സങ്കീര്‍ണ്ണതയുണ്ട്. എന്നാല്‍ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യും . പക്ഷെ വ്യക്തമായ ഭൂരേഖയുടെ പിന്‍ബലമുള്ള കര്‍ഷകര്‍ക്ക് പട്ടയം നല്‍കും. എന്നാല്‍ പ്രത്യക്ഷ കയ്യേറ്റങ്ങളോട് വിട്ടു വീഴ്ചയില്ല. എങ്കിലും കൂരയില്ലാത്തവന്‍ എവിടെയെങ്കിലും കൂര കെട്ടിയാല്‍ അതിനെ വന്‍കിട കൈയ്യേറ്റത്തിന്റെ പട്ടികയില്‍ പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ എം.എം. മണി. കെ. രാജു തുടങ്ങിയവര്‍ പങ്കെടുത്തു. വയനാടിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടായ കാരാപ്പുഴ ടൂറിസം പദ്ധതിയും മന്ത്രിസഭാ വാര്‍ഷിക സമ്മാനമായി എത്തുകയാണ്. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിര്‍വ്വഹിച്ചത്. എടക്കല്‍ താഴ്‌വരയില്‍ കാരാപ്പുഴ ജലസേചന പദ്ധതിയുടെ പൂമുഖത്ത് പൂര്‍ത്തീകരിച്ച കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വയനാടിന്റെ ചിരകാലാഭിലാഷമായിരു പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഒരുക്കിയ വൈവിധ്യമാര്‍ന്ന നാലായിരത്തോളം പനീര്‍ പുഷ്പങ്ങളുടെ ഉദ്യാനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. ആദ്യ ദിവസം തന്നെ ജില്ലകകത്തും പുറത്തുമുളള നൂറുകണക്കിന് സഞ്ചാരികളാണ് പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. റോസ് ഗാര്‍ഡനു പുറമേ ആംഫി തിയ്യറ്റര്‍, ടൂറിസ്റ്റ് അറൈവല്‍ കം ഫസിലിറ്റേഷന്‍ സെന്റര്‍ , പാത്ത് വേ, കുട്ടികളുടെ പാര്‍ക്ക്, റെസിബോ, സുവനീര്‍ആന്റ് സ്‌പൈസ് സ്റ്റാള്‍ ,വാട്ടര്‍ ഫൗണ്ടന്‍, ബയോഗ്യാസ് പ്ലാന്റ്, പാര്‍ക്കിംഗ് ഏരിയ, ബാംബൂ ഗാര്‍ഡന്‍, ലൈറ്റിംഗ്, ലാന്റ് സ്‌ക്കേപ്പിംഗ്,ടോയ്‌ലറ്റ് തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിലുളളത്. 14 ഏക്കറില്‍ 7.21 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത.് രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തി താമസിയാതെ തുടങ്ങും. കാരാപ്പുഴ ജലസേചന പദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാകുതോടെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് വെളളമെത്തിക്കാനും വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളിലൊന്നായി മാറാനും കാരാപ്പുഴക്കാകും. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളുടെ പ്രതീക്ഷകളെല്ലാം പൂവണിയുന്ന ദിനങ്ങളാണ് കാത്തിരിക്കുന്നത്. ആദ്യ വാര്‍ഷികത്തില്‍ തന്നെ ദിശാബോധമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനായത് തന്നെയാണ് നാളയെക്കുറിച്ചുള്ള നല്ല പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം.

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|