A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 14/06/2017

 

 


അരിക്ക് വിലകൂട്ടാന്‍ ശ്രമിക്കുന്നവരെ ഫലപ്രദമായി നേരിടും: മന്ത്രി പി. തിലോത്തമന്‍

അരിക്ക് വിലകൂട്ടാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ ഫലപ്രദമായി നേരിടുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ റംസാന്‍ മെട്രോ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കര്‍ശന നടപടിക്ക് സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ അരിക്കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ മാത്രം എട്ട് കേസുകളെടുത്തു. തീവെട്ടിക്കൊള്ള സര്‍ക്കാര്‍ അനുവദിക്കില്ല. വിലകൂട്ടാമെന്ന വ്യാമോഹം നിയമപരമായ മാര്‍ഗങ്ങളിലൂടെ നേരിടും. കഴിഞ്ഞ ഒരു വര്‍ഷം പൊതുവിപണിയില്‍ ഫലപ്രദമായി വില നിയന്ത്രിക്കാന്‍ കഴിഞ്ഞു. മുളക്, ചെറുപയര്‍, ഉഴുന്ന്, കടല, പരിപ്പ് എന്നിവയുടെ വില ഗണ്യമായി കുറഞ്ഞു. അരി വില ഇടയ്ക്ക് വര്‍ദ്ധിച്ചെങ്കിലും അതും നിയന്ത്രിക്കാനായി. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വരള്‍ച്ച മൂലം കൃഷി നശിച്ചതോടെ അവരും ആന്ധ്ര അരി വാങ്ങുകയുണ്ടായി. അതോടെ ആന്ധ്രയിലെ അരിക്ക് വില കൂടിയതാണ് കേരളത്തിന് തിരിച്ചടിയായത്. ഇപ്പോള്‍ ജയ അരി സബ്‌സിഡിയില്ലാതെ 37.50 രൂപയ്ക്ക് വില്‍ക്കുന്നു. നീളം കൂടിയ മുന്തിയ ഇനം മട്ട അരി 40.65 രൂപയ്ക്ക് റംസാന്‍ മേളയില്‍ നല്‍കുന്നുണ്ട്. ഇതുപോലെ കുട്ടനാടന്‍ അരിക്കും പച്ചരിക്കുമെല്ലാം വില കുറവാണ്. ഉള്ളിപ്പാടങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങി കേരളത്തിലെത്തിച്ച് ഉള്ളിവില നിയന്ത്രിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 32 പഞ്ചായത്തുകളില്‍ കൂടി ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കേണ്ടതുണ്ട്. റംസാന്‍ ഫെയറിന്റെ ഭാഗമായി സംസ്ഥാനത്ത് 90 സ്ഥലങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വി. എസ്. ശിവകുമാര്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. സതീഷ് കുമാര്‍, സപ്ലൈകോ മേഖലാ മാനേജര്‍ എസ്. കെ. ശ്രീലത എന്നിവര്‍ പങ്കെടുത്തു. പി.എന്‍.എക്‌സ്.2421/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|