A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/08/2017

 

 


ആര്‍ദ്രം പദ്ധതി: കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17ന്

*മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും ആരോഗ്യ മേഖലയില്‍ ജനകീയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ദ്രം മിഷന്റെ ആദ്യഘട്ടമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി പരിവര്‍ത്തിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 17ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വര്‍ക്കല ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സംസ്ഥാനത്തെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. ആദ്യഘട്ടമെന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 14 ജില്ലകളിലായി 35 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 17ന് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ശേഷിക്കുന്നവ ഡിസംബര്‍ 31 നകം കുടുംബാരോഗ്യ കേന്ദ്ര പദവി കൈവരിക്കും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു കുടുംബാരോഗ്യ കേന്ദ്രം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദവും ശുചിത്വമുള്ളതും മെച്ചപ്പെട്ട സൗകര്യങ്ങളുമുള്ളതാക്കി മാറ്റി പൊതുജനാരോഗ്യമേഖലയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ദ്രം മിഷന്‍ നടപ്പാക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നാഴികക്കല്ലായിരിക്കും. ഉച്ചവരെ ഒരു ഡോക്ടര്‍ മാത്രം സേവനം നടത്തിയിരുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാകുന്നതോടെ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് ആറു വരെ മൂന്ന് ഡോക്ടര്‍മാരുടെ നാലു നഴ്‌സുമാരുടെ ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയ ജീവനക്കാരുടെയും സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഉറപ്പുവരുത്തും. ലാബോറട്ടറികളില്ലാത്ത ആശുപത്രികളില്‍ ലാബോറട്ടറികള്‍ സ്ഥാപിക്കും. സൗകര്യപ്രദമായ കണ്‍സള്‍ട്ടേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം, കുത്തിവയ്പിനും മൈനര്‍ സര്‍ജറിക്കുമുള്ള മുറി, മാതൃ-ശിശുമുറികള്‍, റിസപ്ഷന്‍, വൃത്തിയുള്ള ടോയ്‌ലറ്റുകള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍ എന്നിവ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സജ്ജമാക്കും. ആയുഷ് വകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളില്‍ യോഗ സെന്ററുകള്‍ ആരംഭിക്കും. പകര്‍ച്ചവ്യാധികള്‍ , ജീവിതശൈലീരോഗങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനും കാന്‍സര്‍ മുതലായ മാരക രോഗങ്ങള്‍ നേരത്തെതന്നെ കണ്ടുപിടിക്കുന്നതിനുമുള്ള സൗകര്യങ്ങളും വിഷാദരോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള ഡിപ്രഷന്‍ ക്ലിനിക്കുകളും സജ്ജമാക്കും. ഡോക്ടര്‍മാര്‍ മുതല്‍ പി.ടി.എസ് വരെയുള്ള ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ ചെയ്യുന്നതിനും ജനങ്ങളോട് മാന്യമായും അനുഭാവപൂര്‍ണമായും പെരുമാറുന്നതിനും ആവശ്യമായ പരിശീലനം നല്‍കും. ഇ-ഹെല്‍ത്ത് നടപ്പാക്കി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിലൂടെ രോഗപ്രതിരോധ- ചികിത്സ- പുനരധിവാസ- പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം സാധ്യമാക്കും. എല്ലാ പഞ്ചായത്തുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മികവുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എമാരോടും ത്രിതല പഞ്ചായത്ത് പ്രതിനിധികളോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യനയം ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ദേശീയാരോഗ്യ ദൗത്യം (കേരള) ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പി.എന്‍.എക്‌സ്.3562/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|