A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 16/08/2017

 

 


പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ നൂതന കൃഷിരീതികള്‍ സ്വായത്തമാക്കണം -മുഖ്യമന്ത്രി പിണറായി വിജയന്‍ * സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ സമ്മാനിച്ചു

കാലാവസ്ഥയുടേതുള്‍പ്പെടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ നൂതനമായ കൃഷിശീലങ്ങളും രീതികളും സ്വായത്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ ചെറുപ്പക്കാര്‍ കാര്‍ഷികരംഗത്തേക്ക് കടന്നുവരാനുള്ള ത്വരയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് കര്‍ഷക അവാര്‍ഡ്ദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കൃഷിരീതികള്‍ക്ക് പ്രാപ്തരാക്കാനുള്ള ശാസ്ത്രീയമായ ഇടപെടലുകള്‍ വേണം. ഉള്ള സാഹചര്യങ്ങള്‍ ഉപയോഗിച്ച് ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ നല്ല ശ്രമവും കരുതലും നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. അതിനായി ഒരിടത്തും തരിശിടാതിരിക്കാന്‍ ശ്രദ്ധിക്കണം. അതോടൊപ്പം പച്ചക്കറി, പാല്‍, മുട്ട എന്നിവയിലും സ്വയംപര്യാപ്തത നേടാനാകണം. കൃഷിയുടെ ഭാഗമായി തന്നെ കണ്ട് കുളങ്ങളിലും മറ്റും മത്‌സ്യകൃഷിക്ക് സാഹചര്യം ഒരുക്കണം. ഇവയെല്ലാം കുടുംബവരുമാനം വര്‍ധിപ്പിക്കുന്ന കാര്യവുമാണ്. നാണ്യവിളകള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന കേരളത്തില്‍ അത്തരം കര്‍ഷകര്‍ പ്രയാസം അനുഭവിക്കുകയാണ്. കര്‍ഷക താത്പര്യത്തിനെതിരായ കരാറുകളില്‍ ഏര്‍പ്പെടുംമുമ്പ് കര്‍ഷകരുമായോ നമ്മുടെ സംസ്ഥാനവുമായോ ചര്‍ച്ച ചെയ്യാത്തതിന്റെ ഫലമാണിത്. പ്രകൃതിയെ ആശ്രയിച്ച് കൃഷിനടത്തുന്ന നമുക്ക് ഇപ്പോള്‍ വരള്‍ച്ച നേരിടേണ്ടിവരുന്നത് പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ കുറഞ്ഞ അളവില്‍ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന നൂതനരീതികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഒരുവര്‍ഷത്തിനിടയ്ക്ക് 15,000ല്‍ അധികം ഏക്കര്‍ സ്ഥലത്ത് തരിശുഭൂമിയില്‍ കൃഷിയിറക്കാനായതായി അദ്ദേഹം പറഞ്ഞു. അതേസമയം ഏറ്റവും വലിയ വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനവും കാര്‍ഷികമേഖലയ്ക്ക് ഭീഷണിയായ സാഹചര്യത്തെക്കുറിച്ച് വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കര്‍ഷകനെ പരിഗണിക്കുന്ന, അവരുടെ ആത്മാഭിമാനം ഉയര്‍ത്തുന്ന സര്‍ക്കാരാണ് ഇവിടെയുള്ളതെന്ന് ബോധ്യപ്പെടുത്തുന്ന നയപരിപാടികളാണ് നടപ്പാക്കിവരുന്നത്. കര്‍ഷക പെന്‍ഷന്‍ നല്‍കുന്നതിലും നെല്ലിന്റെ വില കൊടുക്കുന്നതിനും സുസ്ഥിര സംവിധാനം ഒരുക്കാനായി. കൃഷി ഭവനുകള്‍ സ്ഥാപിച്ച് 30 വര്‍ഷമാകുന്ന സാഹചര്യത്തില്‍ അവയെ 'കര്‍ഷക സേവന ഭവനു'കളായി പുനഃസംഘടിപ്പിച്ച് ഉത്തരവാദിത്തങ്ങളും സേവനങ്ങളും കൂടുതല്‍ നല്‍കാനുള്ള കര്‍മപരിപാടി ആരംഭിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ രണ്ടുമുതല്‍ കൃഷിഭവനുകളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് ആരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി 25 അവാര്‍ഡുകളും കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകളുമാണ് സമ്മാനിച്ചത്. നെല്‍ക്കതില്‍ അവാര്‍ഡ്, ഹരിതമുദ്ര, കര്‍ഷകഭാരതി അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു. മറ്റു അവാര്‍ഡുകള്‍ മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ചാണ്ടി, ഡോ. എ. സമ്പത്ത് എം.പി, മേയര്‍ വി.കെ. പ്രശാന്ത്, എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, ഒ. രാജഗോപാല്‍, ഡി.കെ. മുരളി, ഐ.ബി. സതീഷ്, കെ. കൃഷ്ണന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ ടീക്കാറാം മീണ,കൃഷിവകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ എ. ഗിരിജകുമാരി എന്നിവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.3622/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|