A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/08/2017

 

 


സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ഇന്ന് (ആഗസ്റ്റ് 21) മുഖ്യമന്ത്രി സമ്മാനിക്കും * പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനെ ആദരിക്കും

2017 ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ആഗസ്റ്റ് 21) സമ്മാനിക്കും. വൈകിട്ട് നാലരയ്ക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ആദരിക്കും. അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാനും പ്രശസ്ത ഛായാഗ്രാഹകനുമായ അഴകപ്പന്‍ സന്നിഹിതനായിരിക്കും. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി സ്വാഗതവും ഡയറക്ടര്‍ ഡോ.കെ. അമ്പാടി നന്ദിയും പറയും. പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല സ്വദേശി വിനോദ് കണ്ണിമോളത്തിനാണ് ഒന്നാം സമ്മാനം. കോഴിക്കോട് മേരിക്കുന്ന് വലിയപൂനംപറമ്പില്‍ പൗര്‍ണ്ണമിയില്‍ അനൂപ് എന്‍.എം രണ്ടാം സമ്മാനവും മൂവാറ്റുപുഴ ഈസ്റ്റ് മാറാടി വാഴയില്‍ പുത്തന്‍പുരയില്‍ സന്ദീപ് മാറാടി മൂന്നാം സമ്മാനവും ഏറ്റുവാങ്ങും. ഒന്നാം സമ്മാനമായി 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാനമായി 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും മൂന്നാം സമ്മാനമായി 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ജേതാക്കള്‍ക്ക് സമ്മാനിക്കും. കൂടാതെ, പത്ത് പേര്‍ക്ക് 2,500 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പ്രോത്സാഹന സമ്മാനം ലഭിക്കും. അവാര്‍ഡ് ലഭിച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ചടങ്ങിനോടനുബന്ധിച്ച് ദര്‍ബാര്‍ ഹാളില്‍ ഒരുക്കും. പ്രമുഖ ഛായാഗ്രാഹകന്‍ അഴകപ്പന്‍ ചെയര്‍മാനും പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ സീമ സുരേഷ്, മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി. മുസ്തഫ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ ആര്‍. സന്തോഷ് മെമ്പര്‍ സെക്രട്ടറിയുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പി.എന്‍.എക്‌സ്.3689/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|