A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 27/09/2017

 

 


സി.ആര്‍.ഇസഡ് ക്ലിയറന്‍സ് : തീരദേശ പരിപാലന അതോറിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തീരദേശമേഖലയിലെ വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും സി.ആര്‍.ഇസഡ് ക്ലിയറന്‍സിനായി തദ്ദേശസ്ഥാപനങ്ങള്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ വ്യക്തവും പൂര്‍ണവുമല്ലാത്തതിനാലുള്ള നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ തീരദേശ പരിപാലന അതോറിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗസ്ഥന്‍ അപേക്ഷ പൂര്‍ണമാണെന്നും ആവശ്യമായ രേഖകള്‍ ഉള്ളടക്കം ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. നിലവിലെ സി.ഇസഡ്.എം.പി. അനുസരിച്ച് കെട്ടിടം നിര്‍മ്മിക്കാന്‍/പുതുക്കി പണിയുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഏതു മേഖലയില്‍ (സി.ആര്‍.ഇസഡ് 1, 2, 3 തുടങ്ങിയവ) വരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തണം. സി.ആര്‍.ഇസഡ് 3 മേഖലയിലാണെങ്കില്‍ എച്ച്.റ്റി.എല്ലില്‍ നിന്നുള്ള അകലവും അപേക്ഷകന്‍/അപേക്ഷക തീരദേശവാസിയാണോ/പരമ്പരാഗത മത്സ്യത്തൊഴിലാളിയാണോ എന്ന വിവരവും അപേക്ഷയില്‍ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. എച്ച്.റ്റി.എല്ലില്‍ നിന്നുള്ള ദൂരം രേഖകളുടെ അടിസ്ഥാനത്തില്‍ കൃത്യമായി അക്കത്തിലും അക്ഷരത്തിലും പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സി.ആര്‍.ഇസഡ് 2 മേഖലയിലെ അപേക്ഷകള്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ സൈറ്റിനും ജലാശയത്തിനുമിടയില്‍ 1996 ന് മുമ്പ് റോഡോ, 1996 ന് മുന്‍പ് നമ്പര്‍ കിട്ടിയിട്ടുള്ള കെട്ടിടമോ നിലവിലുണ്ടായിരുന്നോ എന്നും (വര്‍ഷം സഹിതം) വ്യക്തമായി രേഖപ്പെടുത്തണം. അങ്ങനെയല്ലെങ്കില്‍, സൈറ്റിന്റെ ഇരുവശത്തും തൊട്ടടുത്ത പ്ലോട്ടില്‍ നില്‍ക്കുന്ന കെട്ടിടം അംഗീകൃതം (1996 ന് മുമ്പുള്ളവ) ആണെങ്കില്‍ ആ കെട്ടിടത്തിന്റെ നമ്പറും നിര്‍മാണ വര്‍ഷവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണം. ലൊക്കേഷന്‍ സ്‌കെച്ചില്‍ സൈറ്റും കെട്ടിടവും രേഖപ്പെടുത്തണം. നിര്‍ദ്ദിഷ്ട സ്ഥലം ഒന്നിലധികം ജലാശയങ്ങളുടെ സമീപമാണെങ്കില്‍ എല്ലാ ജലാശയങ്ങളുടെയും നിയമം ബാധകമായിരിക്കും. സി.ആര്‍.ഇസഡ് 3 മേഖലയില്‍ എച്ച്.റ്റി.എല്ലില്‍ നിന്നും ആദ്യ 100 മീറ്ററില്‍ 1996 ന് മുമ്പ് നിലവിലുണ്ടായിരുന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നിലവിലുള്ള കെട്ടിടം പുതുക്കി പണിയുന്നതിനും കേരള തീരദേശപരിപാലന അതോറിറ്റി അനുമതി നല്‍കും. എന്നാല്‍ പുതുക്കി പണിയുന്നതിന് നിലവിലുള്ള പ്ലിന്ത് ഏരിയയോ അല്ലെങ്കില്‍ പരമാവധി 66 ചതുരശ്രമീറ്റര്‍ മാത്രമേ പാടുള്ളൂ. അതായത് 66 ചതുരശ്രമീറ്ററിന് താഴെയുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുമ്പോള്‍ പുതിയ കെട്ടിടത്തിന് ഒരു കാരണവശാലും 66 ചതുരശ്രമീറ്ററിന് മുകളില്‍ അനുമതി ലഭിക്കില്ല. ഈ മേഖലയിലുള്ള ഏത് അപേക്ഷയോടും ഒപ്പം നിലവിലുള്ള കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയയും നിര്‍മാണവര്‍ഷവും സാക്ഷ്യപ്പെടുത്തിയിരിക്കണം. 1996 ന് ശേഷം നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കും പുതിയ നിര്‍മാണങ്ങള്‍ക്കും അനുമതി നല്‍കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ അപേക്ഷകള്‍ കെ.സി.ഇസഡ്.എം.എ ക്ക് ശുപാര്‍ശ ചെയ്യേണ്ടതില്ല. സി.ആര്‍.ഇസഡ് 3 മേഖലയില്‍ എച്ച്.റ്റി.എല്ലില്‍ നിന്നും 100 മീറ്ററിനും 200 മീറ്ററിനും ഇടയില്‍ എന്‍.ഡി.ഇസഡ് ആയതിനാല്‍ പുതിയ നിര്‍മ്മിതികള്‍ പാടില്ല. എന്നാല്‍ നിലവിലുള്ളവ കേടുപാട് തീര്‍ക്കാനും വിസ്തൃതി നിയന്ത്രണത്തിന് വിധേയമായി പുതുക്കി പണിയാനും തീരദേശവാസികളുടെ/മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുതിയ വീടുകള്‍ക്കും (66 ചതുരശ്രമീറ്റര്‍ വരെ) അനുമതി നല്‍കും. അപേക്ഷകളില്‍ എച്ച്.റ്റി.എല്ലില്‍ നിന്നുള്ള ദൂരം, നിലവിലുള്ള വീടിന്റെ നിര്‍മ്മാണ വര്‍ഷം, വിസ്തൃതി, തീരദേശവാസി/മത്സ്യത്തൊഴിലാളിയാണോ എന്നുള്ള കാര്യങ്ങള്‍ എടുത്തെഴുതി സാക്ഷ്യപ്പെടുത്തണം. പൊക്കാളിപ്പാടം, ചെമ്മീന്‍കെട്ട് തുടങ്ങിയവയുടെ അകലം മാത്രം പറയുമ്പോള്‍ അതോടൊപ്പം കടല്‍, കായല്‍, വേലിയേറ്റ/ഇറക്കമേഖലയിലെ ജലാശയങ്ങള്‍ എന്നിവയില്‍ നിന്നുള്ള അകലം കൂടി പ്രത്യേകമായി കാണിക്കണം. ജലാശയത്തിന്റെ വീതിയും കൃത്യമായി രേഖപ്പെടുത്തണം. കേരളത്തിലെ കായല്‍ ദ്വീപുകളില്‍ വീട് നിര്‍മ്മിക്കുന്നതിന് സി.ആര്‍.ഇസഡ് പരിധി കായലിന്റെ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററായി കുറവ് ചെയ്തിട്ടുണ്ട്. എന്നാല്‍ 50 മീറ്ററിനുള്ളില്‍ അംഗീകൃത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളോ, പുതുക്കിപ്പണിയലോ മാത്രമേ അനുവദിക്കൂ. കായല്‍ ദ്വീപുകളില്‍ പൊക്കാളിപ്പാടം, ചെമ്മീന്‍കെട്ട് തുടങ്ങിയവയുടെ അകലം മാത്രം പറയുമ്പോള്‍ അതോടൊപ്പം കായലില്‍ നിന്നുള്ള അകലം കൂടി വ്യക്തമായി സാക്ഷ്യപ്പെടുത്തണം. ക്രമീകരണത്തിനു വേണ്ടി (റഗുലറൈസേഷന്‍) അപേക്ഷിക്കുമ്പോള്‍ അത് പുതിയ വീടിന്റെ ക്രമീകരണമാണോ നിലവിലുണ്ടായിരുന്ന വീട് പുതുക്കി പണിതതിന്റെ ക്രമീകരണമാണോ എന്നും വ്യക്തമാക്കണം. തീരദേശ പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ ഉറപ്പാക്കണം. ഇത് സംബന്ധിച്ച പരാതികള്‍ക്ക് സമയബന്ധിതമായി നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് അതോറിറ്റിയില്‍ യഥാസമയം ലഭ്യമാക്കുകയും വേണം. അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതോ, സാക്ഷ്യപ്പെടുത്തുന്നതോ കുറ്റകരമാണ്. അപ്രകാരം ചെയ്യുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ ദി എന്‍വയോണ്‍മെന്റ് (പ്രൊട്ടക്ഷന്‍) ആക്ട്, 1986 പ്രകാരം നടപടികള്‍ സ്വീകരിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലം നേടിയ സി.ആര്‍.ഇസഡ് ക്ലിയറന്‍സ് പിന്നീട് കണ്ടെത്തിയാല്‍ അപേക്ഷകനും ശുപാര്‍ശ ചെയ്ത ഉദേ്യാഗസ്ഥര്‍ക്കുമെതിരെ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പി.എന്‍.എക്‌സ്.4145/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|