A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 09/10/2017

 

 


രണ്ടാമത് സാംസ്‌കാരിക പൈതൃകോത്സവം 14, 15, 16 തീയതികളില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കും : മന്ത്രി എ.കെ. ബാലന്‍ *മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും

കേരളത്തിന്റെ പൈതൃകവും സാംസ്‌കാരിക ഔന്നത്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് രൂപം കൊടുത്ത സാംസ്‌കാരിക പൈതൃകോത്സവം 14, 15, 16 തീയതികളില്‍ ഡല്‍ഹി കൊണാട്ട് പ്ലേസില്‍ നടക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാമത് പൈതൃകോത്സവമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ആദ്യത്തേത് ഫെബ്രുവരി 25 മുതല്‍ 27 വരെ തെലങ്കാനയിലാണ് നടന്നത്. 14 നു വൈകിട്ട് 6.45 ന് കോണോട്ട് പ്ലേസില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചേര്‍ന്ന് സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യും. കേരള സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍, ഡല്‍ഹി എം.പി മീനാക്ഷി ലേഖി, ഡോ. ബിശ്വാസ് മേത്ത, വി. എബ്രഹാം, റാണിജോര്‍ജ്ജ്, ഓംചേരി എന്‍.എന്‍. പിള്ള എന്നിവര്‍ പങ്കെടുക്കും. ഡല്‍ഹി, കേരള സംസ്ഥാനങ്ങളുടെയും, ഡില്‍ഹിയിലെ മലയാളി സംഘടനകളുടെയും സാംസ്‌കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കേരളത്തിലെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍, പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പുകളും പരിപാടിയുമായി സഹകരിക്കും. ഭാഷാ സംസ്‌കൃതിയെ തൊട്ടറിയുന്ന സെമിനാറുകള്‍, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ പ്രവാസി മലയാളി പ്രതിഭകളുടെ സംഗമം, കേരളത്തിന്റെ ചരിത്രവും, പൈതൃകവും വിളിച്ചോതുന്ന പുരാവസ്തു, പുരാരേഖാ പ്രദര്‍ശനങ്ങള്‍, മലയാളത്തിന്റെ നാഴികക്കല്ലുകളായ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം, സാംസ്‌കാരിക വകുപ്പിന്റെ ഉയിര്‍പ്പ് ഡോക്യുമെന്ററി പ്രദര്‍ശനം, കേരളീയ നാടന്‍ കലകളുടെ നാട്ടരങ്ങ്, ഡല്‍ഹി മലയാളികളുടെ വിരുന്നരങ്ങ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടത്തുന്നത്. വിവിധ ആദിവാസി വിഭാഗങ്ങള്‍ പങ്കെടുക്കുന്ന ഗോത്രോത്സവം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ താളസമന്വയം, രത്‌നശ്രീ അയ്യരുടെ തബലവാദനം, രശ്മി സതീഷ് നയിക്കുന്ന ബാംബു മ്യൂസിക്, പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം, മലയാളപ്പുഴ എന്ന മ്യൂസിക്കല്‍ ഡാന്‍സ് ഓപ്പറ, രാജാരവിവര്‍മ്മയുടെ ഗ്യാലക്‌സി ഓഫ് മ്യുസിഷ്യന്‍സ് എന്ന പെയിന്റിനെ ആസ്പദമാക്കിയുള്ള നൃത്ത-സംഗീത ദൃശ്യാവതരണം തുടങ്ങിയവയും അരങ്ങേറും. കേരളോല്‍പ്പത്തി, കേരളത്തിന്റെ നവോത്ഥാനകാലം, ദേശീയപ്രക്ഷോഭം, ജനാധിപത്യ മുന്നേറ്റങ്ങള്‍, സാംസ്‌കാരിക പെരുമ, എന്നിവ വിവിധ കലാരൂപങ്ങളിലൂടെ 300 ഓളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മെഗാഷോയും എല്ലാദിവസവും രാത്രി എട്ട് മുതല്‍ അരങ്ങേറും. ഇതോടൊപ്പം മലയാളം കയ്യെഴുത്ത്, ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ ഫെസ്റ്റിവെലിനെ ആസ്പദമാക്കി മൊബൈലില്‍ പകര്‍ത്തുന്ന മികച്ച ഫോട്ടോ ഗ്രാഫുകള്‍ക്ക് സമ്മാനം നല്‍കുന്ന പുതുമയുള്ള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസ്, സെന്‍ട്രല്‍ പാര്‍ക്ക്, എന്‍.ഡി.എം.സി ഹാര്‍, കേരളഹൗസ്, എന്നിവിടങ്ങളാണ് വേദികള്‍. 15 ന് രാവിലെ 9.30 ന് നടക്കുന്ന സാംസ്‌കാരിക അനേ്യാന്യത്തില്‍ എം.എ.ബേബി മോഡറേറ്ററാകും. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, ബിനോയ് വിശ്വം, സച്ചിതാനന്ദന്‍, ആനന്ദ്, സക്കറിയ, സി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 6.30 ന് കൊണാട്ട് പ്ലേസ് സെന്‍ട്രല്‍ പാര്‍ക്കില്‍ ഡല്‍ഹിയിലെ പ്രമുഖരായ 15 പ്രവാസി മലയാളികളെ ആദരിക്കും. മന്ത്രി എ.കെ. ബാലന്‍, പുരാരേഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.എന്‍. ജയദേവന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. പ്രൊഫ. ഓംചേരി എന്‍.എം. പിള്ള ചെയര്‍മാനും സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ജെ. റെജികുമാര്‍ ജനറല്‍ കണ്‍വീനറും ഭാരത്ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ഫെസ്റ്റിവെല്‍ ഡയറക്ടറുമായി ഡല്‍ഹിയില്‍ രൂപീകരിച്ച സ്വാഗത സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം തന്നെ ബാംഗ്‌ളൂരില്‍ കേരള-കര്‍ണാടക സാംസ്‌കാരിക പൈതൃകോത്സവം സംഘടിപ്പിക്കും. കേരളത്തിന്റെ കലയും സംസ്‌കാരവും പൈതൃകവും ചരിത്രവും ജനജീവിത മുന്നേറ്റങ്ങളും ദേശീയതലത്തില്‍ മലയാളി കൂട്ടായ്മകള്‍ക്കിടയിലേക്കും അയല്‍ദേശ ജനതയിലേക്കും വിനിമയം ചെയ്യുവാനുള്ള കേരള സര്‍ക്കാരിന്റെ ഉദ്യമമാണ് പൈതൃകോത്സവങ്ങളെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാംസ്‌കാരിക മേഖലയ്ക്ക് നവോന്മേഷം പകര്‍ന്ന നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. നവോത്ഥാന നായകരുടെ പേരില്‍ 14 ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്. ശ്രീനാരായണ ഗുരുവിന്റെ നമുക്കു ജാതിയില്ലാ വിളംബരം, സഹോദരന്‍ അയ്യപ്പന്റെ മിശ്രഭോജനം തുടങ്ങിയ കേരളത്തിന്റെ നവോത്ഥാന ആശയങ്ങളുടെ ശതാബ്ദി സാംസ്‌കാരിക വകുപ്പ് വിപുലമായി ആഘോഷിച്ചു. സാംസ്‌കാരിക നായകരുടെ പേരിലുള്ള എല്ലാ സ്മാരകങ്ങള്‍ക്കും കൂടുതല്‍ ഫണ്ട് അനുവദിച്ചു. പുതുതായി നിരവധി സ്മാരകങ്ങള്‍ക്കും തുക അനുവദിച്ചു. എല്ലാ അക്കാദമികളുടെയും സ്മാരകങ്ങളുടെയും ഗ്രാന്റ് വര്‍ദ്ധിപ്പിച്ച് നല്‍കി. ആയിരം യുവ കലാകാരന്മാര്‍ക്ക് പതിനായിരം രൂപയുടെ വജ്രജൂബിലി ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കലാകാരന്മാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തി വാണിജ്യാടിസ്ഥാനത്തില്‍ സ്ഥിരം നാടക വേദികള്‍ നിര്‍മ്മിക്കും. സ്‌കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധമാക്കി നിയമം കൊണ്ടു വന്നു. കേരളത്തിന് പുറത്തുളള പ്രവാസികളുടെ കുട്ടുകളെ മലയാളം പഠിപ്പിക്കാന്‍ മലയാളം മിഷന്റെ പ്രവര്‍ത്തനം സജീവമാക്കി. കേരളത്തിന്റെ കലയും സംസ്‌കാരവും ഭാരതത്തിലെ മറ്റ് ജനവിഭാഗങ്ങള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കും. അവശകലാകാരന്മാരുടെ പെന്‍ഷന്‍ സര്‍ക്കാര്‍ 750 രൂപയില്‍ നിന്നും 1500 രൂപയായി വര്‍ദ്ധിപ്പിച്ചു. സാംസ്‌കാരിക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ പെന്‍ഷന്‍ ആയിരത്തില്‍ നിന്നും മൂവായിരം രൂപയായി വര്‍ദ്ധിപ്പിച്ചു. ഗോത്രജനവിഭാഗങ്ങളുടെ കലയും പാരമ്പര്യ ഉത്പന്നങ്ങളും ഭക്ഷണവും പ്രചരിപ്പിക്കുന്നതിന് ഗദ്ദിക സാംസ്‌കാരികോത്സവങ്ങള്‍ ആരംഭിച്ചു. സിനിമാരംഗത്തും വലിയ മാറ്റത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഗ്രാമീണ മേഖലയില്‍ നൂറ് തിയേറ്ററുകള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കും. സ്ഥിരം ചലച്ചിത്രോത്സവ വേദി, ഫിലിം ആര്‍ക്കൈവ്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗ്രാമീണ മേഖലയില്‍ നൂറ് തിയേറ്ററുകള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കും. സ്ഥിരം ചലച്ചിത്രോത്സവ വേദി, ഫിലിം സിറ്റി, ഫിലിം ആര്‍ക്കൈവ്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇ- ടിക്കറ്റിംഗ് നടപ്പിലാക്കാനുളള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. സിനിമാ മേഖലയിലെ അനാശാസ്യ പ്രവണതകള്‍ക്കെതിരെ ഒരു സമഗ്ര നിയമനിര്‍മ്മാണത്തിനായി നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. പുരാവസ്തു, പുരാരേഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, സാംസ്‌കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, പുരാവസ്തു, പുരാരേഖ വകുപ്പു ഡയറക്ടര്‍ ജെ. റെജികുമാര്‍, ഭാരത്ഭവന്‍ മെമ്പര്‍ സ്രെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പി.എന്‍.എക്‌സ്.4332/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|