| Online press releases from Directorate, Thiruvananthapuram |
|
ആറ്റുകാല്‍ പൊങ്കാല : സുരക്ഷ ഉറപ്പാക്കണം |
|
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ സമീപത്ത് പൊങ്കാലയിടുന്ന ഭക്ത ജനങ്ങളും പൊതു ജനങ്ങളും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ട്രാന്‍സ്ഫോര്‍മറിന്റെ പരിസരത്ത് പൊങ്കാലയിടുന്നവര്‍ സുരക്ഷിത അകലം പാലിക്കണം. ട്രാന്‍സ്ഫോര്‍മറിന്റെ ചുറ്റുവേലിക്കകത്ത് പ്രവേശിക്കുകയോ വേലിയില്‍ തൊടുകയോ ചാരി നില്‍ക്കുകയോ ചെയ്യരുത്. വൈദ്യുത തടിപോസ്റിന് തീ പിടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ അതിന് സമീപം പൊങ്കാലയിടുന്നത് ഒഴിവാക്കണം.താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകള്‍ക്ക് അടിയില്‍ പൊങ്കാലയിടരുത്. വഴിയരുകില്‍ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകള്‍ പൊതുജനങ്ങള്‍ക്ക് കൈയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കണം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള വിളക്കുകെട്ടിന് മുകളില്‍ ട്യൂബ് ലൈറ്റുകളോ, ബള്‍ബുകളോ കെട്ടി കൈയ്യില്‍ കൂടെ കൊണ്ടു പോകുന്നത് ഒഴിവാക്കണം. ദീപാലങ്കാരത്തിന് താത്കാലികമായി സ്ഥാപിക്കുന്ന ജനറേറ്ററുകളില്‍ തൊടുകയോ സമീപത്ത് പൊങ്കാല അടുപ്പുകള്‍ സ്ഥാപിക്കുകയോ ചെയ്യരുത്. ഉത്സവവേളകളില്‍ ജനറേറ്റര്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ അംഗീകാരമുള്ള കോണ്‍ട്രാക്ടര്‍ മുഖാന്തിരം നടത്തി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ബാനറുകള്‍, കമാനങ്ങള്‍, പരസ്യബോര്‍ഡുകള്‍ മുതലായവ ലൈനുകള്‍ക്ക് സമീപവും വൈദ്യുത പോസ്റിലും സ്ഥാപിക്കരുത്. ഗേറ്റുകള്‍, ഇരുമ്പുതൂണുകള്‍, ഗ്രില്ലുകള്‍, ലോഹബോര്‍ഡുകള്‍ എന്നിവയില്‍ കൂടി വൈദ്യുത ദീപാലങ്കാരങ്ങള്‍ ചെയ്യരുത്. ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ ദ്രവിച്ചതോ പഴകിയതോ ആയ വയറുകള്‍ വയറിങിനായി ഉപയോഗിക്കരുത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അഭ്യര്‍ത്ഥിച്ചു. പി.എന്‍.എക്സ്.1320/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |