Online press releases from Directorate, Thiruvananthapuram

പൈതൃകസംരക്ഷംണത്തിന് സമൂഹം ജാഗ്രത കാട്ടണം - മന്ത്രി കെ.സി.ജോസഫ്

പുരാവസ്തുക്കളും പുരാരേഖകളും നമ്മുടെ പൈതൃകത്തിന്റെ മഹത്തായ സമ്പത്താണെന്ന് ഗ്രാമവികസന-പ്ളാനിങ് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പൈതൃകസമ്പത്ത് സംരക്ഷിക്കാന്‍ സമൂഹം മതിയായ ജാഗ്രത കാട്ടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൈതൃക സംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഹെറിറ്റേജ് ക്ളബ്ബുകള്‍ക്കുള്ള പുരസ്കാരവിതരണച്ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഹെറിറ്റേജ് ക്ളബ്ബുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2011 ലെ മികച്ച ഹെറിറ്റേജ് ക്ളബുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു. ഏറ്റവും മികച്ച ക്ളബ്ബിനുള്ള പുരസ്കാരം തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂട് പാറയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസിനും രണ്ടാം സ്ഥാനം മലപ്പുറം, പെരുവള്ളൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസിനും ലഭിച്ചു. മൂന്നാം സ്ഥാനത്തിന് രണ്ട് സ്കൂളുകള്‍ അര്‍ഹതനേടി - ഇടുക്കി ജില്ലയിലെ രാജാക്കാട് ഗവണ്‍മെന്റ് എച്ച്.എസ്.എസ്സും, മലപ്പുറം ജില്ലയിലെ വളവന്നൂര്‍ ബി.വൈ.കെ.വി.എച്ച്.എസ്.എസ്സും. മലപ്പുറം ജില്ലയിലെ വേങ്ങര ചേരൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സ് പ്രോത്സാഹന സമ്മാനത്തിനര്‍ഹമായി.ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്കൂളുകള്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയാണ് കാഷ് അവാര്‍ഡ്. പ്രോത്സാഹന സമ്മാനം ലഭിച്ച സ്കൂളിന് 5000 രൂപ കാഷ് അവാര്‍ഡ് നല്‍കി. പ്രശസ്ത ചരിത്രകാരന്‍മാരായ ഇളംകുളം കുഞ്ഞന്‍പിള്ള, കെ.വി.പത്മനാഭമേനോന്‍, മുന്‍ ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡോ.എന്‍.രാജേന്ദ്രന്‍ എന്നിവരുടെ പേരിലുള്ള എന്‍ഡോവ്മെന്റുകളും ജേതാക്കള്‍ക്ക് സമ്മാനിച്ചു. കെ.മുരളീധരന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ ആര്‍ക്കൈവ്സ് വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, പുരസ്കാര നിര്‍ണ്ണയ സമിതി അദ്ധ്യക്ഷന്‍ ഡോ.ബി.ശോഭനന്‍, സമിതിയംഗം മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ആര്‍ക്കൈവ്സ് വകുപ്പ് അസിസ്റന്റ് ഡയറക്ടര്‍ എ.എസ്.കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എന്‍.എക്സ്.1468/12

Maintained by Web & New Media Division, Information & Public Relations Department