Online press releases from Directorate, Thiruvananthapuram

പൊതുപരിപാടി : എം.പി/എം.എല്‍.എ.മാര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണം

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും നടത്തുന്ന പൊതുപരിപാടികളില്‍ എം.പി/എം.എല്‍.എ.മാര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നത് സംബന്ധിച്ച പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവായി. (ജി.ഒ. (എം.എസ്) നം. 141/2012/ജി.എ.ഡി. തീയതി, 11/06/2012) കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന എല്ലാ പൊതുപരിപാടികളിലും അതത് പ്രദേശത്തെ എം.പി/എം.എല്‍.എ.യെ നിര്‍ബന്ധമായും ക്ഷണിച്ചിരിക്കണം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന എല്ലാ പരിപാടികളിലും, കേന്ദ്ര സര്‍ക്കാര്‍ പരിപാടിയാണെങ്കില്‍ എം.പി.യ്ക്കും, സംസ്ഥാന സര്‍ക്കാര്‍ പരിപാടിയാണെങ്കില്‍ എം.എല്‍.എ.യ്ക്കും മുന്‍ഗണന നല്‍കിയിരിക്കണം. മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ലോക്കല്‍ എം.എല്‍.എ.യെ അദ്ധ്യക്ഷനാക്കണം. ഏതെങ്കിലും മന്ത്രിയുടെ അഭാവത്തില്‍ ലോക്കല്‍ എം.എല്‍.എ.യ്ക്ക് മുന്‍ഗണന നല്‍കണം. രണ്ടോ അതിലധികമോ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രി ഉദ്ഘാടനം ചെയ്യുകയും രണ്ടാമത്തെ മന്ത്രി അദ്ധ്യക്ഷത വഹിക്കുകയും വേണം. മന്ത്രിമാര്‍ സംസാരിച്ചതിനുശേഷം ലോക്കല്‍ എം.എല്‍.എ/എം.പി.യെ സംസാരിക്കാന്‍ ക്ഷണിക്കണം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനവും ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അദ്ധ്യക്ഷത വഹിക്കുകയും ചെയ്യും. നിയമസഭാ സ്പീക്കര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനം സ്പീക്കര്‍ക്കു നല്‍കണം. വി.വി.ഐ.പി. (രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി) പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് 1996 ജനുവരി 23 ലെ ഉത്തരവനുസരിച്ചുള്ള മുന്‍ഗണന നല്‍കണം. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഫണ്ടോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ലോക്കല്‍ എം.എ.ല്‍.എ.യെ ക്ഷണിക്കുകയും മുന്‍ഗണന നല്‍കുകയും വേണം. പി.എന്‍.എക്സ്.3998/12

Maintained by Web & New Media Division, Information & Public Relations Department