| Online press releases from Directorate, Thiruvananthapuram |
|
അടിസ്ഥാന സൌകര്യ വികസനത്തിന് മുന്തിയ പരിഗണന: മുഖ്യമന്ത്രി |
|
വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടം നിലനിര്‍ത്തി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാടുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.തിരുവനന്തപുരത്ത് നാറ്റ്പാക് സംഘടിപ്പിച്ച കേരളത്തിന്റെ ഗതാഗത കാഴ്ചപ്പാട്-2030 എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൌകര്യം ഒരുക്കിയാല്‍ നിക്ഷേപവും തൊഴിലവസരവും വര്‍ധിക്കും.ഇതില്‍ ഗതാഗത സൌകര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്.എന്നാല്‍ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ വേണ്ട വികസനം ഉണ്ടായിട്ടില്ല.എന്‍.എച്ച് 47 , എന്‍.എച്ച് 17 എന്നിവ നാലുവരിയാക്കുന്നതിനുള്ള അംഗീകാരം കേന്ദ്രം നല്‍കിയിട്ടും പൂര്‍ത്തീകരിക്കാനായില്ല.സ്ഥലം ഏറ്റെടുക്കുന്നിനും ടോള്‍ പിരിക്കുന്നതിനുമുള്ള പ്രതിഷേധങ്ങള്‍ക്ക് പരിഹാരമായാലേ ദേശീയ പാത വികസനം സാധ്യമാകുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിസ്ഥാന സൌകര്യ വികസനത്തിന് ഇന്ന് പണം ഒരു തടസമല്ല.ബിഒടി ,പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകളിലേക്ക് ലോകം മാറുമ്പോള്‍ കേരളത്തിന് മാത്രം പിന്തിരിഞ്ഞ് നില്‍ക്കാനാകില്ല.ഇക്കാര്യങ്ങളില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് യാഥാര്‍ഥ്യ ബോധത്തോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് വാഹനപ്പെരുപ്പത്തിനനുസൃതമായി റോഡ് വികസനമുണ്ടാകുന്നില്ല.നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.ഇതു മുന്നില്‍കണ്ടാണ് കൊച്ചി മെട്രോ , കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം പദ്ധതികള്‍ മറ്റ് നഗരങ്ങളിലേക്ക് കൂടി കൊണ്ടു വരേണ്ടി വരും.ജലഗതാഗതമാണ് സംസ്ഥാനത്ത് ഏറെ വികസന സാധ്യതയുള്ള മറ്റൊരു മേഖല .കൊല്ലം-കോട്ടപ്പുറം ജലപാതയുടെ പുനരുദ്ധാരണം ഈ വര്‍ഷം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.വികസനവും പരിസ്ഥിതി സംരക്ഷണവും സമന്വയിപ്പിച്ചുകൊണ്ടു പോകണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സംസ്ഥാനം അപ്പാടെ എതിര്‍ക്കുന്നില്ലെങ്കിലും പ്രായോഗികമായ മാറ്റം വേണമെന്നതാണ് സംസ്ഥാനത്തിന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.ബാബു,നാറ്റ്പാക് ഡയറക്ടര്‍ ബി.ജി.ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു. പി.എന്‍.എക്സ്.5564/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |