Online press releases from Directorate, Thiruvananthapuram

വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു

സംസ്ഥാനത്ത് രജിസ്റര്‍ ചെയ്തിട്ടുള്ളതും എഴുപതു ശതമാനമെങ്കിലും ന്യൂനപക്ഷ വനിതകള്‍ അംഗങ്ങളുമായ അംഗീകൃത വനിതാ സ്വയം സഹായ സംഘങ്ങള്‍, നെയിബര്‍ഹുഡ് ഗ്രൂപ്പുകള്‍, എന്‍.ജി.ഒ.കള്‍ എന്നിവയില്‍ നിന്നും അതത് പ്രദേശത്തെ സ്രോതസ്സുകള്‍ക്കും വിപണനത്തിനും അനുയോജ്യമായതും വിജയസാധ്യതയുള്ളതുമായ സ്വയം സംരംഭക പദ്ധതികള്‍ ക്ഷണിച്ചു. മുസ്ളിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സികള്‍ എന്നിവരാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍. ഇരുപത് വനിതകളാണ് ഒരു ഗ്രൂപ്പില്‍ ഉണ്ടായിരിക്കേണ്ടത്. ന്യൂനപക്ഷ പ്രാതിനിധ്യത്തിന് വേണ്ടി ഒന്നിലധികം സംഘങ്ങളെ യോജിപ്പിക്കുകയുമാവാം. പ്രോജക്ടുകള്‍ കൃഷി, സേവനം, ഉല്‍പ്പന്നം, തുടങ്ങിയ മേഖലകളില്‍ നിന്നുമാവാം. പ്രവര്‍ത്തന മേഖലകള്‍ക്കതീതമായി ന്യൂനപക്ഷ വനിതകള്‍ അംഗമായ സഹായ സംഘങ്ങള്‍ക്ക് സ്ഥിര വരുമാന സാധ്യതയുള്ള പദ്ധതികളാണ് പരിഗണിക്കുക. സംസ്ഥാനത്തൊട്ടാകെ ആദ്യഘട്ടത്തില്‍ അന്‍പത് സ്വയം സഹായ സംഘങ്ങള്‍ക്ക് പരമാവധി പദ്ധതി ചെലവിന്റെ പകുതിയോ രണ്ടര ലക്ഷം രൂപയോ ഇവയില്‍ ഏതാണോ കുറവ് അവ സാമ്പത്തിക സഹായകമായി നല്‍കും. പദ്ധതി ചെലവിന്റെ അഞ്ച് ശതമാനം അംഗങ്ങളുടെ വിഹിതമായിരിക്കണം. ബാക്കി തുക ബാങ്ക് ലോണ്‍ വഴി കണ്ടെത്തണം. ഇപ്പോള്‍ സര്‍ക്കാരിന്റെയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയോ സാമ്പത്തിക സഹായത്തോടെ ഏതെങ്കിലും സംരംഭക പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നും പദ്ധതികള്‍ സ്വീകരിക്കുന്നതല്ല. കുടുംബശ്രീയുടെ സഹായത്തോടെയാണ് പദ്ധതികള്‍ നടപ്പില്‍ വരുത്തുക. ഇതുമായി ബന്ധപ്പെട്ട പരിശീലനവും ന്യൂനപക്ഷക്ഷേമ വകുപ്പ് കുടുംബശ്രീ വഴി നല്‍കും. ന്യൂനപക്ഷ ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകള്‍ക്കും പദ്ധതികള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണ്. പ്രോജക്ടുകള്‍ പരിശോധിക്കുന്നതും, പരിശീലനം നല്‍കുന്നതും മേല്‍നോട്ടം വഹിക്കുന്നതും കുടുംബശ്രീ വഴിയാകും. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെയും ഡയറക്ടറേറ്റ് ചുമതലപ്പെടുത്തുന്ന ഏജന്‍സികളുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിരിക്കും സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. പദ്ധതി റിപ്പോര്‍ട്ടുകള്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ ലഭ്യമാക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10. വിലാസം. പ്രോജക്ട് ഓഫീസര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം 33. ഫോണ്‍: 0471-2300523, 2302090. പി.എന്‍.എക്സ്.5573/12

Maintained by Web & New Media Division, Information & Public Relations Department