| Online press releases from Directorate, Thiruvananthapuram |
|
കാരുണ്യഭാഗ്യക്കുറി : ഹീമോഫീലിയ രോഗികള്‍ക്ക് മരുന്ന് സൌജന്യം : കെ.എം.മാണി |
|
അര്‍ഹരായ എല്ലാ ഹീമോഫീലിയ രോഗികള്‍ക്കും കാരുണ്യാ ഭാഗ്യക്കുറി പദ്ധതിവഴി സര്‍ക്കാര്‍ ആശുപത്രിയിലൂടെ സൌജന്യമായി മരുന്ന് നല്‍കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. സാമ്പത്തിക ദുര്‍ബലതയുള്ള ഏഴായിരത്തിലധികം രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഹീമോഫീലിയ രോഗികള്‍ക്ക് ഫാക്ടര്‍ ഏഴ്, എട്ട്, ഒമ്പത് ഇനത്തില്‍പെട്ട വിലകൂടിയ മരുന്നുകളാണ് നല്‍കാറുള്ളത്. ഇതില്‍ ഫാക്ടര്‍ ഏഴിന് ഒരു വയലിന് 75,000 രൂപ വിയുണ്ട്. സാധാരണ ഉപയോഗിക്കുന്നത് ഫാക്ടര്‍ എട്ട് മരുന്നാണ്. ഇതിന് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ 2310 രൂപ വിലയുണ്ട്. ഹീമോഫീലിയ രോഗികള്‍ ഉപയോഗിക്കുന്ന മരുന്നിന്റെ അളവ് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയാത്തതിനാല്‍ നിശ്ചിത അളവില്‍ ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യമാക്കുമെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജ്, ജനറല്‍, ജില്ലാ ആശുപത്രികളില്‍ മരുന്ന് ലഭ്യമാക്കും. രണ്ടാംഘട്ടത്തില്‍ താലൂക്ക് ആശുപത്രികളെ ഉള്‍പ്പെടുത്തും. കാരുണ്യ ധനസഹായത്തിന്റെ പരിധിയില്‍ വരുന്ന ഹീമോഫീലിയ രോഗികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പദ്ധതിയുടെ നടപടി ക്രമങ്ങളും മരുന്നു ലഭ്യമാക്കുന്ന ആശുപത്രികളുടെ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന കൈപുസ്തകവും നല്‍കും. ഇതല്ലാതെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നാല്‍ ഡോക്ടറുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഡസിഗനേറ്റഡ് ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങാം. മറ്റൊരു ജില്ലയില്‍ ചികിത്സ തേടേണ്ടി വന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മരുന്ന് ലഭ്യമായിട്ടുള്ള ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും വാങ്ങാം. ഹീമോഫീലിയ രോഗികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാരുണ്യാ പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള രണ്ട് ലക്ഷം രൂപ ധനസഹായം തീരുന്നതുവരെ ഡസിഗനേറ്റഡ് ആശുപത്രിയില്‍ നിന്നും മരുന്ന് ലഭിക്കും. ധനസഹായ പരിധി കഴിഞ്ഞാലും ആശുപത്രി വികസന സമിതിയോ സന്നദ്ധ സംഘടനകളോ ആവശ്യപ്പെട്ടാല്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മരുന്ന് കുറഞ്ഞവിലക്ക് നല്‍കുമെന്നും മന്ത്രി കെ.എം.മാണി അറിയിച്ചു. പി.എന്‍.എക്സ്.6056/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |