Online press releases from Directorate, Thiruvananthapuram

ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കല്‍ : വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും- മന്ത്രി വി.എസ്.ശിവകുമാര്‍

ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കുന്നതിന്റെ സ്രോതസ് കണ്ടുപിടിക്കാനുതകുന്ന വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ നിയമം കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ച് തിരുവനന്തപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യവിഷബാധക്ക് മുഖ്യകാരണം മായംചേര്‍ക്കലാണ്. സംസ്ഥാനത്തെ ഒരു ഹോട്ടലുടമയും അവരുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. ഗുണമേന്മയുള്ള മാംസാഹാരം ലഭ്യമാക്കാന്‍, വെറ്റിനറി സര്‍വ്വകലാശാലയുമായിച്ചേര്‍ന്ന് സംസ്ഥാനത്തെ പ്രധാന കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ശാസ്ത്രീയരീതിയിലുള്ള അറവ് ശാലകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. സംസ്ഥാനത്തെ ഹോട്ടല്‍ വ്യവസായത്തിന് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഭക്ഷ്യസുരക്ഷാ നിയമം അതിന്റെ പൂര്‍ണ്ണമായ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാനത്ത് നടപ്പാക്കേണ്ടത് ഹോട്ടലുകളുടെ കൂടി ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്റ് ക്ളാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള വൈസ് പ്രസിഡന്റ് കെ.പ്രകാശ് നായര്‍ മോഡറേറ്ററായിരുന്നു. സൌത്ത്കേരള ഹോട്ടലേഴ്സ് ഫോറം സെക്രട്ടറി ജനറല്‍ എം.ആര്‍.നാരായണന്‍, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്റ് ക്ളാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള പ്രധിനിധികളായ ഡൊമിനിക് ജോസ്, ജി.ഗോപിനാഥ്, എസ്.കെ.എച്ച്.എഫ്. പ്രതിനിധി മാത്യു.സി തോമസ്, ബേക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് പി.എം.ശങ്കരന്‍, കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രതിനിധി രാജ്കുമാര്‍, ഫുഡ് സേഫ്റ്റി കണ്‍സള്‍ട്ടന്റ് ഡോ.എം.സജീവ്, വിനോദ് എസ്.പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എന്‍.എക്സ്.6249/12

Maintained by Web & New Media Division, Information & Public Relations Department