Skip to main content

പ്രവാസി സാന്ത്വനം പദ്ധതി കാലതാമസം ഒഴിവാക്കും                                  നിയമസഭാസമിതി

 

പ്രവാസി സാന്ത്വനം പദ്ധതിയിലുണ്ടാകുന്ന കാലതാമസം സാങ്കേതിക തടസ്സം മാത്രമാണെന്നും ഇതു പരിഹരിക്കുമെന്നും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച നിയമസഭ സമിതി കളക്‌ട്രേറ്റില്‍ നടത്തിയ സിറ്റിങ്ങില്‍ അറിയിച്ചു.  കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ചെയര്‍മാനായിട്ടുള്ള സമിതി ജില്ലയിലെ പ്രവാസികളില്‍ നിന്നും പരാതി സ്വീകരിച്ചു. രേഖാമൂലം നല്‍കിയ പരാതികള്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടി വിശദവിവരങ്ങള്‍ പരാതികാരുടെ വിലാസത്തില്‍ കത്തുവഴി അറിയിക്കുമെന്ന് നിയമസഭാസമിതി അറിയിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാരും മുഖ്യമന്ത്രിയും അനുഭാവ പൂര്‍വ്വ നടപടിയാണ് സ്വീകരിക്കുന്നത്. പദ്ധതികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്നും സമിതി അംഗം എം. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു.  

 

വ്യക്തിഗത പരാതികളില്‍ വിവിധ വകുപ്പുകളില്‍ നിന്നും വിശദീകരണം തേടും. പൊതുവായ പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രവാസികളുടെ ആനുകൂല്യം സംരക്ഷിക്കാനാണ് ക്ഷേമ പദ്ധതികള്‍ക്ക് ചില നിബന്ധനകള്‍ നല്‍കിയത്.. വിദേശ രാജ്യങ്ങളില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അരലക്ഷം രൂപയുടെ ധനസഹായം നോര്‍ക്ക വഴി നല്‍കുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും മൃതദേഹം വീട്ടിലെത്തിക്കാന്‍ നോര്‍ക്കയെ ബന്ധപ്പെട്ടാല്‍ ആമ്പുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായുള്ള പദ്ധതികള്‍ക്കായി ബാങ്ക്‌വായ്പ  ലഭ്യമാക്കാന്‍ താമസം നേരിടുന്നത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കും.  

 

നൂറു രൂപ ചെലവില്‍ നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക്  മൂന്നുവര്‍ഷത്തേക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് ഉറപ്പാക്കിയിട്ടുണ്ട്. മറ്റു രോഗങ്ങള്‍ക്ക് കൂടി ഈ ഇന്‍ഷൂറന്‍സ് പരിധിയിലേക്ക് ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത അര്‍ഹരായ പ്രവാസികള്‍ക്ക് കാരുണ്യ ധനസഹായം വഴി അരലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. ഒരേ സമയം രണ്ട് ചികിത്സാ ധനസഹായം ലഭിക്കില്ല. ചികിത്സാ ധനസഹായത്തിന് സമയ പരിധിയില്ലെങ്കിലും ഡോക്ടറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. ചികിത്സാ ധനസഹായവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 0471-2785512 എന്ന നമ്പറില്‍ അറിയിക്കാം. 

 

വയനാട് ജില്ലയില്‍ 2691 പേരാണ് പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നത്. ഈ പദ്ധതിയിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ ബോധവത്ക്കരണം ശക്തമാക്കും. സാങ്കേതിക തടസ്സമുള്ളതിനാലും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലും നിലവിലെ പെന്‍ഷന്‍ പ്രായം 60 ആയി തുടരും. മുഴുവന്‍ പ്രവാസികളെയും ഉള്‍പ്പെടുത്തി സമഗ്രമായ പെന്‍ഷന്‍ പദ്ധതി ആലോചനയിലാണ്. നിലവില്‍ അഞ്ച് വര്‍ഷം വരെ തുക അടച്ചവര്‍ക്ക് 2000 രൂപയും അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ തുക അടച്ചവര്‍ക്ക് പരമാവധി 4000 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നത്.  പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ 26 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന്. സംസ്ഥാന ബജറ്റില്‍ അനുവദിച്ച 16 കോടിയും അതിനുപുറമെ പ്രത്യേകം അനുവദിച്ച 10 കോടിയുമടക്കമാണിത്.

 

പൊലീസ് പരാതികളെ കൂടാതെ പ്രവാസികളുടെ പരാതികള്‍ അന്വേഷിക്കാന്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എന്‍.ആര്‍.ഐ സെല്ലുകളില്‍ നിയോഗിച്ചുണ്ട്. നിലവില്‍ നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് ടിക്കറ്റ് വിലയില്‍ ഏഴ് ശതമാനം ഇളവ് ഖത്തര്‍ എയര്‍വേഴ്‌സുകളില്‍ അനുവദിച്ചിട്ടുണ്ട്. മറ്റു എയര്‍വേഴ്‌സുകളിലും ഇളവ് അനുവദിക്കാന്‍ ചര്‍ച്ച നടക്കുകയാണ്. നോര്‍ക്കയുടെ പേരില്‍ പ്രവാസികളില്‍ നിന്നും സേവനങ്ങള്‍ക്ക് പണം ഈടാക്കുന്ന ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നോര്‍ക്കയുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്നും അനധികൃത ഏജന്‍സികള്‍ക്കെതിരെ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടു.  

 

ഭവന നിര്‍മാണം, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ സംരംഭം എന്നിവയ്ക്ക് കൂടുതല്‍ പരിഗണന വേണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ ആദരവ് നല്‍കണമെന്നും പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, നോര്‍ക്ക ജോയിന്റ് സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, ജനറല്‍ മാനേജര്‍ ഡി. ജഗദീഷ്, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഫിനാന്‍സ് മാനേജര്‍ ഗിതാമണിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.  

date