Skip to main content
ജില്ലാ പിഎസ്സി ഓഫീസിനുള്ള സ്ഥലം പിഎസ്സി ചെയര്‍മാന്‍ എം കെ സക്കീറും അംഗങ്ങളും സന്ദര്‍ശിക്കുന്നു. വീണാജോര്‍ജ് എംഎല്‍എ സമീപം.

ഓഫീസിന് കണ്ടെത്തിയ സ്ഥലം പി.എസ്.സി ചെയര്‍മാനും അംഗങ്ങളും സന്ദര്‍ശിച്ചു

പത്തനംതിട്ട  ജില്ലാ പിഎസ്സി ഓഫീസ് നിര്‍മിക്കുന്നതിനായി വീണാ ജോര്‍ജ് എംഎല്‍യുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് കണ്ടെത്തിയ സ്ഥലം പിഎസ്സി ചെയര്‍മാനും അംഗങ്ങളും സന്ദര്‍ശിച്ചു. പിഎസ്സി ചെയര്‍മാന്‍ എം കെ സക്കീര്‍, അംഗങ്ങളായ അഡ്വ. റോഷന്‍ റോയി മാത്യു, ജിനു സക്കറിയ ഉമ്മന്‍ എന്നിവരാണ് പത്തനംതിട്ടയിലെത്തി സ്ഥലം സന്ദര്‍ശിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് ചെയര്‍മാനും അംഗങ്ങളും പത്തനംതിട്ടയിലെത്തിയത്. മേലെവെട്ടിപ്രത്ത് ജില്ലാ പൊലീസ് ചീഫിന്‍റെ ക്യാമ്പ് ഓഫീസിന് സമീപത്തെ സ്ഥലവും എ ആര്‍ ക്യാമ്പ് ഓഫീസിനോട് ചേര്‍ന്ന സ്ഥലവുമാണ് സന്ദര്‍ശിച്ചത്. ഈ രണ്ട് സ്ഥലവും ഓഫീസ് നിര്‍മിക്കുന്നതിന് അനുയോജ്യമാണെന്ന് അധികൃതര്‍ വിലയിരുത്തി. എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തിയശേഷം കൂടുതല്‍ അനുയോജ്യമായ സ്ഥലത്ത് ഓഫീസ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍ പറഞ്ഞു. ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉള്‍പ്പെടെ ആധുനിക സജീകരണത്തോടെയാണ് ഓഫീസ് നിര്‍മിക്കുന്നത്.  വീണാ ജോര്‍ജ് എംഎല്‍എ, നഗരസഭ കൗണ്‍സിലര്‍മാരായ ആര്‍ ഹരീഷ്, വി ആര്‍ ജോണ്‍സണ്‍, പി കെ അനീഷ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ അനില്‍കുമാര്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ബുക്ക്മാര്‍ക്ക് സെക്രട്ടറി എ ഗോകുലേന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.                      (പിഎന്‍പി 3301/17)

date