Skip to main content

ഐക്യരാഷ്ട്രസഭ സർവകലാശാലയുടെ അന്താരാഷ്ട്ര ശില്പശാല:  ചിന്ത ജെറോം പങ്കെടുക്കും

 

* മന്ത്രി ഇ. പി. ജയരാജൻ യാത്രയയപ്പ് നൽകി

ഐക്യരാഷ്ട്രസഭ  സർവകലാശാലയുടെ അന്താരാഷ്ട്ര ശില്പശാലയിൽ പങ്കെടുക്കാൻ ജർമ്മനിയിലേക്ക് പോകുന്ന യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന് യുവജനക്ഷേമവകുപ്പ് മന്ത്രി ഇ. പി. ജയരാജൻ യാത്രയയപ്പ് നൽകി. മന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. ഐക്യരാഷ്ട്രസഭയുടെ ക്ഷണം സംസ്ഥാന യുവജനകമ്മീഷന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും കമ്മീഷന്റെ മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര തലത്തിലുള്ള ആദരവാണിതെന്നും മന്ത്രി പറഞ്ഞു. 

ഐക്യരാഷ്ട്രസഭ സർവകലാശാലയും യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേർന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം എന്ന  വിഷയത്തിലാണ് ജർമ്മനിയിലെ ബേണിൽ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നത്. ഈ മാസം 12 മുതൽ 15 വരെ നടക്കുന്ന ശില്പശാലയിൽ ഹ്യൂമൻ നെറ്റ്‌വർക്കിംഗ് എന്ന വിഷയത്തിൽ ചിന്താ ജെറോം സംസാരിക്കും.  മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും നയരൂപീകരണ വിദഗ്ദ്ധരും ശില്പശാലയിൽ പങ്കെടുക്കും. 

15ന് ജനീവയിൽ ഐക്യരാഷ്ട്ര ദുരന്ത ലഘൂകരണ സ്ട്രാറ്റജിയുടെ സെക്രട്ടറിയേറ്റിൽ 'യുവാക്കളും സ്ത്രീകളും ദുരന്തലഘൂകരണവും' എന്ന വിഷയത്തിലും ചിന്താ ജെറോം സംസാരിക്കും. 

പ്രളയസമയത്ത് കേരളത്തിലെ യുവജനങ്ങൾ പ്രതികരിച്ച രീതി ലോകശ്രദ്ധ ആകർഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായത്. പുതുതലമുറയുടെ സാമൂഹിക ശൃംഖലകൾ വഴി കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം, എന്നിവയെപ്പറ്റിയുള്ള സാമൂഹികാവബോധം വർധിപ്പിക്കുക, ദുരന്ത ലഘൂകരണത്തിൽ യൂവാക്കളുടെ പങ്കാളിത്തമുണ്ടാക്കുക തുടങ്ങിയവ ശില്പശാലയിൽ വിഷയമാകും. 

പി.എൻ.എക്സ്. 485/19

date