Skip to main content

ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും ഏറെ പ്രസക്തമായ കാലം: മുഖ്യമന്ത്രി പിണറായി വിജയൻ

* ഖാദിയും ഗാന്ധിജിയും സെമിനാർ ഉദ്ഘാടനം ചെയ്തു
ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും ഏതൊക്കെ മൂല്യങ്ങൾക്കു വേണ്ടിയായിരുന്നുവോ ആ മൂല്യങ്ങൾ ഏറെ പ്രസക്തമായ ഒരു കാലമാണിതെന്ന് മുഖ്യമന്ത്രി വിജയൻ പറഞ്ഞു. മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടതിനാലാണ് ഗാന്ധിജിക്ക് വെടിയേറ്റത്. ലോകമേ തറവാട് എന്ന സങ്കല്പത്തിൽനിന്ന് രൂപപ്പെട്ടതാണ് അദ്ദേഹത്തിന്റെ ആദർശം. മാനവികതയിൽ ഊന്നിയ അതിവിശാലമായ ഒരു കാഴ്ചപ്പാടായിരുന്നു അത്. ഗാന്ധിജി സ്മരിക്കപ്പെട്ടുകൊണ്ടേയിരിക്കേണ്ടത് രാജ്യത്തിന്റെയും ജനതയുടേയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യങ്കാളി ഹാളിൽ ഖാദിയും ഗാന്ധിജിയും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി ദേശീയസ്വാതന്ത്ര്യസമരത്തെ ഖാദികൊണ്ട്  ഓജസ്സുറ്റതാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ ഗാന്ധിജി ഖാദിയുടെ നൂലിഴകൾകൊണ്ട് ശക്തമാക്കി. അക്രമരഹിതമായ ഒരു ആയുധം കൂടിയായിരുന്നു ഖാദി. നാനാതരം ആളുകളുടെ ഐക്യത്തിന്റെ പ്രതീകമായി മാറാൻ ഖാദിക്ക് കഴിഞ്ഞു. ഖാദി എന്നത് കേവലം വസ്ത്രം മാത്രമല്ല ഒരു സംസ്‌കാരം കൂടിയാണെന്നും ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനേകം പേർക്ക് ജീവനോപാധിയും പരിസ്ഥിതിസൗഹൃദപരവുമായ ഖാദി സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും അടയാളമാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞു. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, മാനവികത തുടങ്ങിയ ഉന്നതമായ മൂല്യങ്ങൾ ഉൾച്ചേർന്നതായിരുന്നു ആ സന്ദേശം. പുതിയ തലമുറ അതേപ്പറ്റി കൂടുതൽ അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. കെ.പി. മോഹനൻ വിഷയാവതരണം നടത്തി. കേരള ഖാദി ഗ്രാമവ്യവസായബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്,
ഖാദി ഗ്രാമവ്യവസായബോർഡിലെ ഉന്നതോദ്യോഗസ്ഥർ, സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്.3607/19

date