സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാകാനൊരുങ്ങി പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രം
ഹൃദ്രോഗം, കാന്‍സര്‍, നേത്ര-ദന്തരോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ചികിത്സക്ക് ആധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷന്‍ തിയറ്ററുകള്‍ സജ്ജമാകുന്നതോടെ പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രം മാറ്റത്തിന്റെ കുതിപ്പില്‍. അത്യാഹിത വിഭാഗം, ഐ.സി.യുകള്‍, ഇ എന്‍ ടി, ഗൈനക്കോളജി, എസ് ടി പി, ജനറല്‍ സ്റ്റോര്‍, ഫാര്‍മസി, ഡയാലിസിസ് യൂണിറ്റ്, എക്‌സറേ യൂണിറ്റ്, സ്‌കാനിംഗ് സെന്റര്‍ എന്നീ വിഭാഗങ്ങളും ആധുനിക ചികിത്സാ സംവിധാനങ്ങളുമായി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ആരോഗ്യമികവിന്റെ മികച്ച മാതൃകയാകും പിണറായിയിലെ ഈ ആശുപത്രി. അത്യാധുനിക സംവിധാനങ്ങളോടെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള, രണ്ട് ഭൂഗര്‍ഭ നിലകള്‍ ഉള്‍പ്പെടുന്ന ആറുനില കെട്ടിടമാണ് ഉയരുന്നത്. പുതിയ നിര്‍മ്മിതിക്ക് വേണ്ടി പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിയിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ രണ്ട് ഭൂഗര്‍ഭ നിലകള്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാംനില എന്നിവയാണ് നിര്‍മ്മിച്ചത്.
അത്യാഹിത വിഭാഗം, ഒ പി, ഇ എന്‍ ടി, ഗൈനക്കോളജി, ഓപ്പറേഷന്‍ തിയേറ്റര്‍, ഐ.സി.യുകള്‍, എസ് ടി പി, ജനറല്‍ സ്റ്റോര്‍, ഫാര്‍മസി, ഡയാലിസിസ് യൂണിറ്റ്, എക്‌സറേ യൂണിറ്റ്, സ്‌കാനിംഗ് സെന്റര്‍, വാഹന പാര്‍ക്കിംഗ് എന്നിവ സജ്ജീകരിക്കും. കാര്‍ഡിയാക്, കാന്‍സര്‍, ടി ബി രോഗികള്‍ക്ക് പ്രത്യേക സൗകര്യങ്ങളും ആശുപത്രിയില്‍ ഉണ്ടാകും. ഭൂഗര്‍ഭ നിലകളില്‍ ഒന്നാമത്തേതില്‍ ഫ്രീസര്‍ റൂം, സ്റ്റോര്‍ റൂം, ഇലക്ട്രിക്കല്‍ യൂണിറ്റ്, ഓക്‌സിജന്‍ സ്റ്റോറേജ് എന്നിവയും രണ്ടാം നിലയില്‍ മെഡിസിന്‍ സ്റ്റോര്‍, ലാബ്, എക്‌സ്‌റേ, ഇ സി ജി, ലോണ്‍ട്രി, അടുക്കള, സ്റ്റെറിലൈസേഷന്‍ യൂണിറ്റ് എന്നിവയും ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, കാഷ്വല്‍റ്റി, മൈനര്‍ ഒ ടി, ഡ്രസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സെര്‍വര്‍ റൂം എന്നിവയും സജ്ജമാക്കും. ഒന്നാം നിലയില്‍ മെഡിക്കല്‍ ഐ സി യു, ലേബര്‍ റും, നവജാതശിശു പരിചരണ വിഭാഗം, തിയേറ്റര്‍ കോംപ്ലക്‌സ്, സര്‍ജിക്കല്‍ ഐ സി യു, റിക്കവറി റൂം എന്നിവയാണ് പ്രവര്‍ത്തിക്കുക. രണ്ടാംനിലയില്‍ ഒഫ്താല്‍മോളജി ഒ പി, ഡെന്റല്‍ ഒ പി, ഓപ്പറേഷന്‍ തിയേറ്റര്‍, പ്രീ ഓപ്പറേഷന്‍ റൂം, വാര്‍ഡുകള്‍, റൂമുകള്‍ എന്നിവയും മൂന്നാം നിലയില്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓഫീസ്, റീക്രിയേഷന്‍ റൂം, കോണ്‍ഫറന്‍സ് റൂം എന്നിവയുമാണ് സ്ഥാപിക്കുക. ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികളും ആശുപ്രതിക്കകത്തെ റോഡ്, അപ്രോച്ച് റോഡ്, യാര്‍ഡ് ഇന്റര്‍ലോക്ക്, സംരക്ഷണ ഭിത്തി, ചുറ്റുമതില്‍ മാലിന്യസംസ്‌കരണ പ്ലാന്റ്, ഗേറ്റ്, ഇലക്ട്രിക്കല്‍, എ സി, ട്രാന്‍സ്‌ഫോമര്‍ സൗകര്യം എന്നിവയും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ഇടപെടലുകളാണ് പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തിയത്. 2020 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം. 19.75 കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 25 കോടി രൂപയുടെ രണ്ടാംഘട്ട പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
കേരളത്തിലെതന്നെ ഏറ്റവും വലിയ സാമൂഹ്യ ആരോഗ്യ കേന്ദ്രമായ പിണറായി സി എച്ച് സിയില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആരംഭിക്കുന്നത് സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും. പ്രതിദിനം 600 ലധികം പേര്‍ ചികിത്സയ്ക്കായി എത്തുന്ന കേന്ദ്രത്തില്‍ രാത്രി ചികിത്സയുമുണ്ട്. പിണറായി, എരിഞ്ഞോളി, വേങ്ങാട്, ധര്‍മ്മടം പഞ്ചായത്തുകളില്‍ നിന്നുള്‍പ്പെടെ ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ആരോഗ്യഭദ്രത ഉറപ്പാക്കുന്ന നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വികസനത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ് കണ്ണൂരിന്റെ ആരോഗ്യരംഗം.
- Log in to post comments