ജില്ലയിലെ നൈപുണി വികസന കേന്ദ്രങ്ങൾക്ക് മികച്ച സ്വീകാര്യത 935 വിദ്യാർത്ഥികൾ പ്രവേശനം നേടി
വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് വൈദഗ്ധ്യം നേടുവാൻ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സ്റ്റാർസ് പദ്ധതിയിലൂടെ ആവിഷ്കരിച്ച നൈപുണി വികസന കേന്ദ്രങ്ങൾക്ക് ജില്ലയിൽ മികച്ച സ്വീകാര്യത. 950 സീറ്റുകളിൽ 935 സീറ്റിലും വിദ്യാർത്ഥികൾ പ്രവേശനം നേടി. അതിൽ 35 പേർ പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളാണ് (ചിൽഡ്രൻസ് വിത്ത് സ്പെഷ്യൽ നീഡ്സ്).
ജില്ലയിൽ കുന്നംകുളം, തളിക്കുളം, പുതുക്കാട്, പഴഞ്ഞി, ചേർപ്പ്, കയ്പ്പമംഗലം, ഇരിങ്ങാലക്കുട, പുത്തൂർ, കൊടുങ്ങല്ലൂർ, കടപ്പുറം, തിരുവല്വാമല, പുത്തൻചിറ എന്നിവിടങ്ങളിലെ വൊക്കേഷൻ ഹയർസെക്കൻ്ററി സ്കൂളുകളും ചാലക്കുടി, പെരിങ്ങോട്ടുകര, തൃശ്ശൂർ, ഐരാണിക്കളം, മുല്ലശ്ശേരി, വടക്കാഞ്ചേരി, നടവരമ്പ് എന്നിവിടങ്ങളിലെ ഹയർസെക്കന്ററി സ്കൂളുകളും ഉൾപ്പെടെ 19 വിദ്യാലയങ്ങളിലാണ് നൈപുണി വികസന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഒരു കേന്ദ്രത്തിൽ രണ്ട് കോഴ്സുകളാണ് ഉള്ളത്. ഓരോ കോഴ്സിലും 25 പേർക്കാണ് അവസരമെങ്കിലും ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലും മറ്റു പൊതു അവധി ദിനങ്ങളിലുമാണ് പരിശീലനം നൽകുക. ഒരു അധ്യയന വർഷത്തിൽ 400 മണിക്കൂർ പരിശീലനം നൽകണമെന്ന വ്യവസ്ഥയിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓൺ ദ് ജോബ് ട്രെയിനിംഗ്, ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെ നിരവധിയായ അവസരങ്ങളും പരിശീലനത്തിലൂടെ വിദ്യാർഥികൾക്ക് നൽകുന്നു.
എ.ഐ ആന്റ് എം.എൽ ജൂനിയർ ടെലികോം, അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യൻ, ടെലികോം ടെക്നീഷ്യൻ ഐ.ഒ.ടി ഡിവൈസസ്, ആനിമേറ്റർ, ഡ്രോൺ സർവീസ് ടെക്നീഷ്യൻ ഉൾപ്പെടെ വൈവിധ്യവും നൂതനവുമായ 29 കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവലംബിച്ചിട്ടുള്ളത്.
അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുസൃതമായ വൈദഗ്ധ്യം യുവജനങ്ങൾക്ക് നൽകുക, കേരളത്തിലെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ ഉറപ്പാക്കുക, 23 വയസിന് താഴെയുള്ള കുട്ടികൾക്കും യുവജനങ്ങൾക്കും നൈപുണ്യ വിദ്യാഭ്യാസം പ്രാപ്യമാക്കുക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം ലഭ്യമാക്കുക, സ്വയം സംരംഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരവും നൽകുക എന്നിവയാണ് നൈപുണി വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
- Log in to post comments