Skip to main content
സ്മാർട്ട്‌ അങ്കണവാടികൾ

*സ്മാർട്ടാണ് വെങ്ങപ്പളളിയിലെ അങ്കണവാടികൾ 11 അങ്കണവാടികൾ സ്മാർട്ടായി, 3 എണ്ണം ഉടനെ ആധുനികവത്കരിച്ച് സ്മാർട്ട് ആയിരിക്കുകയാണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ.*

വെങ്ങപ്പള്ളി ഐസിഡിഎസിന് കീഴിൽ ആകെ പ്രവർത്തിക്കുന്ന 14 അങ്കണവാടികളിൽ  11 എണ്ണവും സ്മാർട്ട് അങ്കണവാടികളായി. ബാക്കി മൂന്ന് അങ്കണവാടികളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

കുട്ടികളുടെ ആദ്യകാല പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തതും ആധുനിക സൗകര്യങ്ങളോടെയുള്ളതുമാണ് സ്മാർട്ട്‌ അങ്കണവാടികൾ.  പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ- ഔട്ട്‌ഡോർ കളി സ്ഥലം, ഹാൾ, പൂന്തോട്ടം തുടങ്ങിയവയാണ് സൗകര്യങ്ങൾ.15 ൽ കൂടുതൽ കുട്ടികളുള്ള മൂന്ന് അങ്കണവാടികളും 10 ൽ കൂടുതൽ കുട്ടികളുള്ള ആറ്   അങ്കണവാടികളും   അഞ്ചിൽ കൂടുതൽ കുട്ടികളുള്ള അഞ്ച് അങ്കണവാടികളുമാണ് വെങ്ങപ്പള്ളിയിലുള്ളത്.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിനും ശിശു സൗഹൃദമാകുന്നതിനുമായാണ് അങ്കണവാടികളെ സ്മാർട്ട് ആക്കി മാറ്റിയത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ടാണ് അങ്കണവാടികൾ മുഖം മിനുക്കി എല്ലാവിധ സൗകര്യങ്ങളുമുള്ള ഇടങ്ങളായി മാറ്റിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ രേണു പറഞ്ഞു.

സ്മാർട്ട്‌ അങ്കണവാടികൾക്ക് പുറമെ 'പോഷൺ വെങ്ങപ്പള്ളി' എന്ന പുതിയ പദ്ധതിയും ഐസിഡിഎസ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഗുരുതര പോഷക കുറവുള്ള കുട്ടികളെ  കണ്ടെത്തി അവർക്കാവശ്യമായ പോഷകാഹാരം നൽകുന്ന പദ്ധതിയാണിത്. ഏഴ് കുട്ടികളിലാണ് പോഷകാഹാര കുറവ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ആറ് കുട്ടികളും പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരാണ്. കുട്ടികളിലെ പോഷക കുറവ് കണ്ടെത്തി അവരെ ആരോഗ്യമുള്ള തലമുറയാക്കാൻ ഉദ്ദേശിച്ചാണ് ഗ്രാമപഞ്ചായത്തും ഐസിഡിഎസും സംയുക്തമായി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

date