ആയിഷക്ക് ഇനി സ്വന്തം മണ്ണ്
ആയിഷ എന്ന 55 കാരിക്ക് ചുവടുറപ്പിക്കാൻ ഇത്തിരി മണ്ണോ തലചായ്ക്കാൻ ഒരു കൂരയോ വിദൂര സ്വപ്നം മാത്രമായിരുന്നു. പകൽ ചെറിയ ജോലികൾ ചെയ്ത് നിത്യവൃത്തി കഴിയും. രാത്രി സമീപവാസികളുടെ കരുണയിൽ അന്തിയുറങ്ങും. ഇതായിരുന്നു മാതാപിതാക്കളോ സഹോദരങ്ങളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത ഈ സാധു സ്ത്രീയുടെ ജീവിതം. എന്നാൽ സംസ്ഥാന സർക്കാരിന്റെ 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' പദ്ധതി ആയിഷയുടെ ജീവിതത്തെ അടിമുടി മാറ്റി. ഇന്ന് അയിഷയും ഭൂമിയുടെ അവകാശിയായി. കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന കണ്ണൂർ നിയോജകമണ്ഡലം പട്ടയമേളയിൽ ആയിഷയക്ക് സ്വന്തം പേരിലുള്ള പട്ടയം ലഭിച്ചു.
കണ്ണൂർ നഗരസഭ 45 ാം വാർഡ് താണയാണ് ആയിഷയുടെ കുടുംബത്തിന്റെ പേരിലുള്ള വസ്തു ഉണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഈ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഒരു രേഖകളും ആയിഷയുടെ പക്കൽ ഇല്ലായിരുന്നു. രേഖകൾ ഇല്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിക്കാനും കഴിയാതായി. സമീപത്തെ വീടുകളിൽ അന്തിയുറങ്ങിയിരുന്ന ആയിഷക്ക് വാർഡ് കൗൺസിലർ കെ.ഷബീന സഹായത്തിന് എത്തിയതോടെയാണ് സ്വന്തം ഭൂമിക്ക് രേഖ എന്ന ആഗ്രഹത്തിന് ജീവൻ വക്കുന്നത്. രജിസ്ട്രാർ ഓഫീസിൽ ബന്ധപ്പെട്ട് സമീപ വസ്തുക്കളുടെ സർവ്വേ നമ്പർ എടുത്ത് നിരവധി കടമ്പകൾ കടന്നാണ് ഭൂമിക്ക് രേഖകൾ ഉണ്ടാക്കി ആയിഷയുടെ പേരിൽ പട്ടയം ആക്കിയത്. 'ഭൂമിക്ക് രേഖ ലഭിച്ചതോടെ സന്തോഷമായി. ഇനി അതിൽ ഒരു കൂരകെട്ടി താമസിക്കണം' പട്ടയം നെഞ്ചോട് ചേർത്തത് ആയിഷ പറഞ്ഞു.
- Log in to post comments